അമ്മയാകാൻ ആഗ്രഹമില്ലേ?, മനസുതുറന്ന് ദീപിക പദുകോൺ! രൺവീറിന്റെ താൽപര്യത്തെ കുറിച്ചും താരം
ബോളിവുഡിലെ സൂപ്പര്‍ താര ജോഡിയാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആരാധകർ പ്രിയങ്കരരാണ് ഇവർ. വെള്ളിത്തിരയിലെ മിന്നും പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ ആവേശത്തിലാക്കിയ താരങ്ങൾ ജീവിതത്തിൽ ഒന്നായപ്പോൾ അത് വലിയ ആഘോഷമായി മാറിയിരുന്നു. ഇന്നും ഇവര്‍ക്കിടയിലെ പ്രണയം ചിലപ്പോഴൊക്കെ ആരാധകരെ അസൂയപ്പെടുത്താറുണ്ട്.
സ്വഭാവത്തില്‍ തീര്‍ത്തും വ്യത്യസ്തരാണ് ദീപികയും രണ്‍വീറും. വളരെ ശാന്തയായ വ്യക്തിയാണ് ദീപിക. നടിയുടെ സംസാരത്തിൽ പോലും അത് കാണാം. അതേ സമയം രണ്‍വീര്‍ ആകട്ടെ ബോളിവുഡിലെ ഏറ്റവും എനര്‍ജെറ്റിക് ആയ അപ്രവചനീയമായി പെരുമാറുന്ന വ്യക്തിയും.ഈ വ്യത്യാസം തന്നയാണ് രണ്‍വീര്‍-ദീപിക ജോഡിയെ ജനപ്രീയമാക്കുന്നതും. കഴിഞ്ഞ അഞ്ച് വർഷത്തോളമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരങ്ങൾ.

വർഷം അഞ്ച് കഴിഞ്ഞെങ്കിലും എന്തുകൊണ്ടാണ് ദീപികയും രൺവീറും ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കാത്തത് എന്നത് പലപ്പോഴും ആരാധകരെ ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. എപ്പോഴാണ് ജീവിതത്തിലേക്ക് പുതിയ ഒരാളെ സ്വാഗതം ചെയ്യുക എന്നത് പലരും ഇവരോട് ചോദിക്കാറുണ്ട്. ഇപ്പോഴിതാ ആ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദീപിക പദുക്കോൺ. ഒരു കുഞ്ഞുമൊക്കെയായി കുടുംബജീവിതം ആരംഭിക്കുന്നതിനെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് താരം.
അടുത്തിടെ വോഗ് സിംഗപ്പൂരിന് നൽകിയ അഭിമുഖത്തിലാണ് മാതൃത്വം സ്വീകരിക്കുന്നതിനെക്കുറിച്ചും ഒരു കുടുംബം ആരംഭിക്കുന്നതിനെക്കുറിച്ചുമൊക്കെ ദീപിക സംസാരിച്ചത്. താനും രൺവീറും തങ്ങളുടേതായ ഒരു കുടുംബം തുടങ്ങുന്നതിനായി കാത്തിരിക്കുകയാണെന്ന് ദീപിക പറഞ്ഞു. തന്റെ കുടുംബത്തെ കുറിച്ചും വളർന്നുവന്ന രീതിയെ കുറിച്ചും സംസാരിക്കുന്നതിനിടെ അമ്മയാകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു ദീപികയുടെ മറുപടി.
"തീർച്ചയായും. രൺവീറും ഞാനും കുട്ടികളെ സ്നേഹിക്കുന്നു. ഞങ്ങൾ ഞങ്ങളുടേതായ ഒരു കുടുംബം തുടങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്." ദീപിക പറഞ്ഞു. തന്നെ തന്റെ മാതാപിതാക്കൾ വളർത്തിയ രീതിയിൽ കുഞ്ഞിനെ വളർത്താൻ ആഗ്രഹിക്കുവെന്നും നടി വ്യക്തമാക്കി.
"എന്നെ ചെറുപ്പം മുതലേ കണ്ടിട്ടുള്ള ആളുകൾ, അവർ ഇപ്പോൾ കാണുമ്പോഴും എനിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് പറയാറുണ്ട്. ഞാൻ വളർന്നുവന്ന രീതിയുടെ ഗുണമാണ് അത്. എന്റെ കുടുംബമാണ് അതിന് കാരണം, രൺവീറും ഞാനും ഞങ്ങളുടെ കുട്ടികളിലും അതേ മൂല്യങ്ങൾ വളർത്തിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു," ദീപിക പറഞ്ഞു.

ഗ്ലാമറിന്റെയും പ്രശസ്തിയുടെയും ഒക്കെ ഇടയിൽ വീട്ടുകാർ മാത്രമാണ് തന്നെ ഒരു സെലിബ്രിറ്റി ആയി കാണാത്തതെന്നും ദീപിക കൂട്ടിച്ചേർത്തു. വീട്ടിൽ താൻ ആദ്യം മകളും പിന്നെയൊരു സഹോദരിയുമാണെന്ന് ദീപിക പറഞ്ഞു. അങ്ങനെ തന്നെ തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ദീപിക വ്യക്തമാക്കി. രൺവീറുമായുള്ള തന്റെ ദാമ്പത്യജീവിതത്തെ കുറിച്ചും നടി സംസാരിച്ചു.
ഷൂട്ടിങ് ഷെഡ്യൂളുകളും നിരന്തരമായ യാത്രകളും പലപ്പോഴും ഒരുമിച്ച് സമയം ചെലവഴിക്കുന്നത് പരിമിതപ്പെടുത്തുന്നുണ്ടെന്ന് ദീപിക പറഞ്ഞു. അതേ സമയം സമയം കിട്ടുമ്പോഴെല്ലാം ഭർത്താവിനും വീട്ടുകാർക്കും ഒപ്പമെല്ലാം സമയം ചെലവഴിക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും താരം വ്യക്തമാക്കി. 2023 നവംബർ 15 ന് ആണ് രൺവീർ സിങ്ങും ദീപിക പദുകോണും തങ്ങളുടെ അഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചത്. വിവാഹവാർഷിക ദിനത്തിൽ ഇരുവരും പങ്കുവെച്ച ചിത്രങ്ങൾ വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications











