ആദ്യ കാഴ്ചയിൽ അത്ര മതിപ്പ് തോന്നിയില്ല, വേഗം മൂക്ക് ശരിയാക്കാൻ പറഞ്ഞു; പ്രിയങ്കയെ കുറിച്ച് സംവിധായകൻ
ഗ്ലോബൽ ഐക്കണാണ് പ്രിയങ്ക ചോപ്ര. ലോകമെമ്പാടും നിരവധി ആരാധകരാണ് പ്രിയങ്കയ്ക്കുള്ളത്. 2000ൽ ലോകസുന്ദരി പട്ടം നേടി സിനിമയിലേക്ക് എത്തിയ പ്രിയങ്ക അധികം വൈകാതെ ബോളിവുഡിലെ സൂപ്പർ നായികയായി മാറുകയായിരുന്നു. തുടർന്ന് ഹോളിവുഡിലേക്കെത്തിയ പ്രിയങ്ക അവിടെയും തിളങ്ങുകയായിരുന്നു. സിനിമ കുടുംബത്തിന്റെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെയാണ് പ്രിയങ്ക സിനിമയിലെത്തിയതും ഇന്ന് കാണുന്ന നേട്ടങ്ങളെല്ലാം സ്വന്തമാക്കിയതും.
അതുകൊണ്ട് തന്നെ കരിയറിന്റെ തുടക്കത്തിൽ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട് പ്രിയങ്കയ്ക്ക്. പല അഭിമുഖങ്ങളിലും താരം അതേകുറിച്ചെല്ലാം തുറന്നു പറഞ്ഞിട്ടുണ്ട്. അതിലൊന്നാണ് മൂക്കിന് ശസ്ത്രക്രിയ ചെയ്തതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ. ഇപ്പോഴിതാ പ്രിയങ്കയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ താൻ മൂക്ക് ശരിയാക്കൻ ആവശ്യപ്പെട്ടതിനെ കുറിച്ച് ഓർക്കുകയാണ് സംവിധായകനും നിർമാതാവായ സുനീൽ ദർശൻ.

പ്രിയങ്ക ചോപ്രയുടെ അരങ്ങേറ്റ ചിത്രമായ അന്ദാസിന്റെ നിർമാതാവാണ് സുനീൽ ദർശൻ. അക്ഷയ് കുമാറും ലാറ ദത്തയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലാണ് പ്രിയങ്ക എത്തിയത്. ചിത്രത്തിലേക്ക് ഒരു പുതുമുഖ നടിയെ നോക്കികൊണ്ടിരുന്ന സമയത്താണ് പ്രിയങ്ക തന്നെ ഓഫീസിൽ വന്ന് കണ്ടതെന്നും ആദ്യ കാഴ്ചയിൽ തനിക്ക് അത്ര മതിപ്പ് തോന്നിയില്ല. തുടർന്ന് മൂക്ക് ശരിയാക്കാൻ നടിയോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് സുനീൽ പറയുന്നു. സൂമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സിനിമയിൽ ഒരു പുതുമുഖത്തെ കൊണ്ടുവരാൻ ഞാൻ ആഗ്രഹിച്ചിരുന്നു, അങ്ങനെയിരിക്കെ ഒരു ദിവസം റിസപ്ഷനിൽ നിന്ന് എനിക്കൊരു കോൾ വന്നു, എന്നെ കാണാൻ ഒരാൾ ഒരു പെൺകുട്ടിയുമായി വന്നിരിക്കുന്നു എന്ന്. അത് പ്രിയങ്ക ചോപ്രയെ ആയിരുന്നു. ഞാൻ അവളെ ശരിക്കും നോക്കി, ഇരിക്കാൻ ആവശ്യപ്പെട്ടു. അവൾ സാധാരണ ഒരു സുന്ദരി ആയിരുന്നില്ല, പക്ഷേ 15 മിനിറ്റിനുള്ളിൽ, ഞാൻ ഇയാളെയാണ് കാസ്റ്റ് ചെയ്യാൻ പോകുന്നതെന്ന് എനിക്ക് മനസിലായി,'
'അവളുടെ കണ്ണുകൾ വശ്യത നിറഞ്ഞതായിരുന്നു, അവളുടെ ശബ്ദം ആകർഷകമായിരുന്നു, അവളിൽ വിജയിക്കാനുള്ള ആർത്തിയും ദൃശ്യമായിരുന്നു. ഒരു പരീക്ഷണത്തിന് ഇതൊക്കെ മതിയായിരുന്നു. നിങ്ങൾ ആ വേഷത്തിന് അനുയോജ്യയാണെന്ന് ഞാൻ അവളോട് പറഞ്ഞു, മൂക്കിന്റെ പ്രശ്നം ഉടൻ പരിഹരിക്കാനും ആവശ്യപ്പെട്ടു. അവളുടെ അച്ഛൻ വളരെ പ്രഗത്ഭനായ ഒരു പ്ലാസ്റ്റിക് സർജനായിരുന്നു. 'കുഴപ്പമില്ല സാർ ഞാൻ ശരിയാക്കി വരാമെന്ന്' അവൾ പറഞ്ഞു,'
'പത്ത് ദിവസത്തിനുള്ളിൽ ഷൂട്ട് തുടങ്ങുമെന്ന് ഞാൻ പറഞ്ഞു. പക്ഷേ അവൾക്ക് കൂടുതൽ സമയം വേണമെന്ന് പറഞ്ഞു. എന്നാൽ ഒരു മാസത്തിനുള്ളിൽ അവൾ തിരിച്ചെത്തി. ഞാൻ ഞെട്ടി. അവളുടെ സിനിമയോടുള്ള പാഷനും അർപ്പണബോധവും അന്ന് തെളിയിച്ചു,' സുനീൽ ദർശൻ പറഞ്ഞു.

മുൻപൊരിക്കൽ പ്രിയങ്കയുടെ ആദ്യ സിനിമകളിൽ ഒന്നായ ദി ഹീറോയുടെ സംവിധായകൻ അനിൽ ശർമ്മ തന്റെ മൂക്കിനെക്കുറിച്ച് പ്രിയങ്ക എത്രമാത്രം അസ്വസ്ഥയായിരുന്നുവെന്ന് പറഞ്ഞിരുന്നു. അന്ദാസിന് ശേഷം പ്രിയങ്ക അഭിനയിച്ച സിനിമയായിരുന്നു ദി ഹീറോ. എന്നാൽ അന്ദാസിന് ഒരു മാസം മുൻപ് ചിത്രം തിയേറ്ററുകളിൽ എത്തി. ആ ചിത്രത്തിന്റെ സമയത്ത് താൻ എങ്ങനെയാണ് പ്രിയങ്കയെ സഹായിച്ചത് എന്നതിനെ കുറിച്ചാണ് അനിൽ പറഞ്ഞത്.
'അവൾക്ക് ഒരു വലിയ ദുരന്തമാണ് സംഭവിച്ചത്. അവൾ അതിമനോഹരിയായിരുന്നു, എന്തുകൊണ്ടാണ് അവൾ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് ഞാൻ ചിന്തിച്ചു, അവളെ സഹായിക്കാൻ ഞാൻ ഒരു മുതിർന്ന മേക്കപ്പ് ആർട്ടിസ്റ്റിനെ വെച്ചു. വിഷാദം ബാധിച്ച് സിനിമകൾ ഉപേക്ഷിക്കാൻ നിൽക്കുകയായിരുന്നു പ്രിയങ്ക അന്ന്,' എന്നാണ് അനിൽ ശർമ്മ പറഞ്ഞത്.


Click it and Unblock the Notifications