സഞ്ജയ് ദത്തിന് പറ്റിയ അബദ്ധം! ഒറ്റ രാത്രികൊണ്ട് താരമായി മാറിയ ആദിത്യ പഞ്ചോളി; സംഭവമിങ്ങനെ!
ബോളിവുഡിലെ ഐക്കോണിക്ക് നായകന്മാരിൽ ഒരാളാണ് സഞ്ജയ് ദത്ത്. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തി ജനപ്രീയ നായകനായി മാറുകയായിരുന്നു താരം. നായകനായും വില്ലനായും സഹനടനായുമെല്ലാം സഞ്ജയ് ദത്ത് കയ്യടി നേടിയിട്ടുണ്ട്. ആക്ഷൻ, റൊമാൻസ്, കോമഡി എന്നിങ്ങനെ എല്ലാത്തരം സിനിമകളിലും തിളങ്ങാനായതാണ് സഞ്ജയ് ദത്തിന്റെ കരിയറിൽ ഗുണം ചെയ്തത്. നിരവധി വിവാദങ്ങളിലൂടെ കടന്നുപോയിട്ടും നടനെ സിനിമയിൽ പിടിച്ചുനിൽക്കാൻ സഹായിച്ചത് ഇത് കൂടിയാണ്.
അതേസമയം കരിയറിൽ വഴിത്തിരിവായേക്കാമായിരുന്ന ചില സിനിമകൾ നടൻ വേണ്ടെന്ന് വെച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് മഹേഷ് ഭട്ട് സംവിധാനം ചെയ്ത സാത്തി. സഞ്ജയ് ദത്തിന്റെ കരിയറിൽ ഏറെ ശ്രദ്ധനേടിയ സിനിമകളായ നാമ്, കാബ്‌സാ, സഡക്, ഗുമ്ര തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തതും മഹേഷ് ഭട്ടാണ്.
എന്നാൽ സാത്തിയുമായി സമീപിച്ചപ്പോൾ നടൻ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. 30 വർഷങ്ങൾക്ക് മുൻപ് നടൻ ആ അവസരം നിഷേധിച്ചില്ലായിരുന്നെങ്കിൽ അത് കരിയറിൽ വലിയ വഴിത്തിരിവാകുമായിരുന്നുവെന്ന് എന്ന് ആരാധകർ പറയുന്നു.

എന്നിരുന്നാലും സഞ്ജയ് ദത്തിന്റെ ആ അബദ്ധം മറ്റൊരു താരത്തിന് ഗുണം ചെയ്തു. ഒറ്റ രാത്രികൊണ്ട് ബോളിവുഡിൽ ഒരു താരം പിറവികൊണ്ടു. ആദിത്യ പഞ്ചോളിയാണ് ആ നായകൻ, അദ്ദേഹം ഒറ്റരാത്രികൊണ്ട് താരമായി. 1991 സെപ്തംബർ 20-ന് റിലീസ് ചെയ്ത സാത്തി, അതിന്റെ കഥയും സംഗീതവും ഒപ്പം തന്നെ താരങ്ങളുടെ പ്രകടനവും കൊണ്ടാണ് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത്.
ഹോളിവുഡ് ചിത്രമായ സ്കാർഫേസ് എന്ന ചിത്രത്തിലെ ടോണി മൊണ്ടാന എന്ന കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സാത്തിയിൽ പഞ്ചോളി അവതരിപ്പിച്ച പ്രധാന കഥാപാത്രത്തെ മഹേഷ് രൂപപ്പെടുത്തിയത് എന്നാണ് വിവരം.
വലിയ സ്വീകാര്യതയാണ് കഥാപാത്രത്തിന് ലഭിച്ചത്. ആദിത്യ പഞ്ചോളിക്ക് പുറമെ പാക് ക്രിക്കറ്റ് താരം മൊഹ്‌സിൻ ഖാനെയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ മഹേഷ് ഭട്ട് അവതരിപ്പിച്ചു. ഖാന്റെ പ്രകടനം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ കൈയ്യടി നേടി.
അതേസമയം, സഞ്ജയ് ദത്ത് മാത്രമായിരുന്നില്ല സാത്തിയിലെ അവസരം വേണ്ടെന്ന് വച്ചത്. ദീപക് തിജോരിക്കും ഒരു വേഷം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അദ്ദേഹവും ആ ഓഫർ നിരസിച്ചു. നടൻ രാജു ശ്രേഷ്ഠയാണ് ഒടുവിൽ ആ കഥാപാത്രം ചെയ്തത്.

ഇത്രയും വർഷങ്ങൾക്ക് ശേഷവും സാത്തി ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ടസിനിമകളിൽ ഒന്നാണ്. അതിലെ ഗാനങ്ങളാണ് സിനിമയെ പേക്ഷകരിലേക്ക് കൂടുതൽ അടുപ്പിച്ചത്. സാത്തിക്ക് ശേഷം നിരവധി അവസരങ്ങളാണ് ആദിത്യ പഞ്ചോളിയെ തേടി എത്തിയത്. പക്ഷേ സഞ്ജയ് ദത്തിന് ഉണ്ടായത് പോലൊരു വളർച്ചയുണ്ടാക്കാൻ ആദിത്യ പഞ്ചോളിക്ക് സാധിച്ചില്ല. അതേസമയം സഞ്ജയ് ദത്തിന്റെ കരിയറും ഒരുപാട് ഉയർച്ച താഴ്ച്ചകൾ നിറഞ്ഞതായിരുന്നു.
എന്നാൽ വർഷങ്ങൾക്കുമുമ്പ് മഹേഷ് ഭട്ടിന്റെ ആ ഓഫർ സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കരിയർ എത്രത്തോളം വ്യത്യസ്തമാകുമായിരുന്നുവെന്ന് ആർക്കും ചിന്തിക്കാൻ കഴിയാത്തതാണ്. എന്നിരുന്നാലും ബോളിവുഡിന് സഞ്ജയ് ദത്ത് നൽകിയ സംഭാവനകൾ വളരെ വലുതാണ്. ഷംഷേരയിലാണ് നടൻ അവസാനമായി അഭിനയിച്ചത്. ജവാൻ, ലിയോ തുടങ്ങിയ വമ്പൻ ചിത്രങ്ങൾ നടന്റേതായി അണിയറയിൽ ഉണ്ട്.


Click it and Unblock the Notifications











