'മൂക്കിലെ ശസ്ത്രക്രിയക്ക് ശേഷം എന്റെ കരിയർ അവസാനിച്ചെന്ന് കരുതി, ഞാൻ വിഷാദത്തിലേക്ക് വീണു പോയി'; പ്രിയങ്ക
ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ് ഇന്ന് പ്രിയങ്ക ചോപ്ര. 2000 ൽ ലോകസുന്ദരി പട്ടം നേടിയാണ് പ്രിയങ്ക സിനിമയിലേക്ക് എത്തുന്നത്. തുടക്കം തമിഴിലൂടെയായിരുന്നു. പിന്നീട് ഹിന്ദിയിലേക്കെത്തിയ പ്രിയങ്ക ചോപ്ര തന്റെ അഭിനയമികവ് കൊണ്ടും കഠിനാധ്വാനം കൊണ്ടും ബോളിവുഡിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു.
ബോളിവുഡില്‍ ഏറ്റവും വലിയ നായികയായി നിറഞ്ഞു നിൽക്കുമ്പോഴാണ് പ്രിയങ്ക ഹോളിവുഡിലേക്കും എത്തുന്നത്. ഇന്ന് ഹോളിവുഡിലും സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട് പ്രിയങ്ക ചോപ്ര. സിനിമ കുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെയാണ് പ്രിയങ്ക ഈ നേട്ടങ്ങളൊക്കെ നേടിയെടുത്തത്.

പ്രിയങ്ക ചോപ്ര തന്റെ പുതിയ വെബ് സീരീസായ സിറ്റഡലിന്റെയും വരാനിരിക്കുന്ന പ്രണയ ചിത്രമായ ലവ് എഗെയ്‌ന്റെയും പ്രൊമോഷൻ തിരക്കുകളിലാണ്. അതിനിടെ ഒരു അഭിമുഖത്തിൽ പ്രിയങ്ക തന്റെ കരിയറിൽ ഉണ്ടായ ഒരു തിരിച്ചടിയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. ബോളിവുഡിൽ ചുവടുറപ്പിക്കുന്നതിനിടെ പ്രിയങ്ക തന്റെ മൂക്കിന് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. അത് തെറ്റായി പോയെന്നാണ് താരം പറഞ്ഞത്.
അതിന് ശേഷം താൻ വിഷാദത്തിലേക്ക് പോയെന്ന് നടി പറഞ്ഞു. നാസൽ കാവിറ്റിയിലെ പോളിപ്പ് ആണ് പ്രിയങ്ക നീക്കം ചെയ്തത്. എന്നാൽ അത് തന്റെ കരിയർ അവസാനിപ്പിക്കുന്ന ലെവലിലേക്ക് കാര്യങ്ങൾ എത്തിച്ചു എന്ന് നടി പറയുന്നു. ഡോക്ടർമാരുടെ നിർദേശ പ്രകാരമായിരുന്നു പോളിപെക്ടമി ചെയ്തത്. എന്നാൽ അത് പ്രതീക്ഷിക്കാത്ത വിധത്തിൽ തന്റെ മുഖത്തെ മാറ്റി. അതിനു ശേഷം കടുത്ത വിഷാദത്തിലേക്ക് ഞാൻ വീണു പോയി പോയി എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.
മൂക്കിലെ ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്ന് ബോളിവുഡ് സിനിമകളിൽ നിന്ന് തന്നെ പുറത്താക്കിയെന്നും പ്രിയങ്ക പറയുന്നു. അതോടെ എന്റെ കരിയർ അവസാനിക്കുകയാണെന്ന് ഞാൻ കരുതി. സാഹചര്യം കൂടുതൽ വഷളായതിനാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ഒരിടത് ഒതുങ്ങിക്കൂടി. എന്നാൽ, അച്ഛൻ ഡോക്ടർ അശോക് ചോപ്ര വീണ്ടും ശസ്ത്രക്രിയ ചെയ്ത് അത് ശരിയാക്കാൻ അച്ഛൻ പറഞ്ഞു. ശസ്ത്രക്രിയ സമയത്ത് കൂടെയുണ്ടാകുമെന്ന് അച്ഛൻ തന്ന ഉറപ്പിലാണ് പിന്നീട് താൻ സർജറിക്ക് കയറിയതെന്ന് പ്രിയങ്ക വെളിപ്പെടുത്തി.

അതിന് ശേഷമാണ് തനിക്ക് ആത്മവിശ്വാസം തിരിച്ചു കിട്ടിയതെന്ന് നടി പറഞ്ഞു. പിന്നീട് നിർമാതാവ് അനിൽ ശർമ്മയാണ് അഭിനയത്തിലേക്ക് തിരികെ വരാൻ സഹായിക്കും വിധത്തിലുള്ള ഒരു വേഷം നൽകിയത്. നായികയായി വരേണ്ട തന്നെ ആ ശസ്ത്രക്രിയക്ക് ശേഷം ഒരു സഹനടി ആയെങ്കിലും അഭിനയിപ്പിക്കാൻ അദ്ദേഹം തയ്യാറായി എന്ന വിധത്തിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.
അദ്ദേഹം കാണിച്ച ദയയാണത്. ചെറിയ വേഷമാണെങ്കിലും നിങ്ങളുടെ ഏറ്റവും മികച്ചത് നൽകുക എന്ന് പറഞ്ഞാണ് ആ വേഷം തനിക്ക് നൽകിയതെന്നും പ്രിയങ്ക പറഞ്ഞു. സിറ്റഡൽ എന്ന വെബ് സീരീസിലാണ് പ്രിയങ്ക ചോപ്ര അവസാനമായി അഭിനയിച്ചത്. ഹിന്ദിയിൽ വൈറ്റ് ടൈഗർ ആയിരുന്നു പ്രിയങ്കയുടെ അവസാനമിറങ്ങിയ ചിത്രം. ലവ് എഗൈൻ എന്ന ഇംഗ്ലീഷ് ചിത്രമാണ് നിലവിൽ റിലീസിന് തയ്യാറെടുക്കുന്നത്. പ്രിയങ്കയുടെ അടുത്ത ഒരു ഹിന്ദി ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ.


Click it and Unblock the Notifications











