'ഇനി എന്റെ ജീവിതത്തിൽ വിവാഹമില്ല, കുഞ്ഞുങ്ങളും വേണ്ട; അവന് ഞാൻ ഡിവോഴ്‌സ് നൽകുകയുമില്ല': രാഖി സാവന്ത്
ഇനിയുള്ള ജീവിതം പുതുതായി തുടങ്ങിയ തന്റെ അക്കാദമിയിലെ കുട്ടികൾക്ക് വേണ്ടി മദർ തെരേസയെ പോലെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറയുകയാണ് രാഖി സാവന്ത്
ബോളിവുഡിൽ എപ്പോഴും വാർത്തകളിൽ നിറയുന്ന നടിയാണ് രാഖി സാവന്ത്. സിനിമകളിൽ ചെറിയ വേഷങ്ങളിലും ഡാൻസ് നമ്പറുകളിലും എത്തിയിരുന്ന രാഖി കൂടുതൽ ശ്രദ്ധ നേടുന്നത് ബിഗ് ബോസ് മത്സരാർത്ഥി ആയി എത്തിയതോടെയാണ്. പല വിവാദ പ്രസ്‍താവനകളിലൂടെയും രാഖി വാർത്തകളിൽ നിറയുകയായിരുന്നു.
തന്റെ പ്ലാസ്റ്റിക് സർജറികളെ കുറിച്ചും പ്രണയ ബന്ധങ്ങളെ കുറിച്ചുമൊക്കെ പറഞ്ഞ് രാഖി പലപ്പോഴായി വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. എന്തും തുറന്ന് പറയുന്ന രാഖിയുടെ രീതി കാരണം പാപ്പരാസികളും എപ്പോഴും താരത്തിന്റെ പിന്നാലെ കൂടാറുണ്ട്.
അടുത്തിടെയാണ് രാഖി സാവന്ത് വിവാഹിത ആയെന്ന വാർത്ത പുറത്തുവന്നത്. മാസങ്ങൾക്ക് മുമ്പേ വിവാഹം രജിസ്റ്റർ ചെയ്തെങ്കിലും താരം അത് മറച്ചു വയ്ക്കുകയായിരുന്നു. ആദിൽ ഖാൻ എന്ന ആളെയാണ് രാഖി സാവന്ത് വിവാഹം ചെയ്തത്. ഏറെ നാൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹമെന്നായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ അധികം വൈകാതെ തന്നെ ആദിൽ തന്നെ ക്രൂരമായി മർദിക്കുകയാണെന്നും അയാൾക്ക് വേറെ ബന്ധമുണ്ടെന്നും പറഞ്ഞ് രാഖി രംഗത്തെത്തിയിരുന്നു. രാഖി നൽകിയ പരാതിയിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇതിനിടെ രാഖിയുടെ അമ്മയും മരണപ്പെട്ടിരുന്നു. ഈ സംഭവങ്ങളെല്ലാം രാഖിയെ തളർത്തിയിരുന്നു. ഇപ്പോൾ പതിയെ തന്റെ ജീവിതത്തിലേക്ക് തിരികെ വരുകയാണ് രാഖി. അതിനിടെ രാഖി മാധ്യമങ്ങളോട് നടത്തിയ പ്രതികരണം ശ്രദ്ധനേടുകയാണ്.
കഴിഞ്ഞ ദിവസം രാഖി സാവന്ത് ദുബായിയിൽ പുതുതായി ഒരു ഡാൻസ് അക്കാദമി ആരംഭിച്ചിരുന്നു. കുറച്ച് ദിവസം ജീവിതത്തിൽ സങ്കടവും കഷ്ടപ്പാടുകളും ആയിരുന്നെങ്കിൽ ഇപ്പോൾ എന്റെ ജീവിതത്തിൽ സന്തോഷം തിരിച്ചുവരുകയാണ്. അവാർഡുകൾക്ക് എന്റെ പേര് വന്നിട്ടുണ്ട്. എന്റെ ഒരു വീഡിയോ വരുന്നുണ്ട്, എന്റെ അക്കാദമി വരുന്നു. ആദിൽ എന്നെ വല്ലാതെ ഉലച്ചിരുന്നു. എന്നാൽ ദൈവവും ആരാധകരും മാധ്യമങ്ങളും എല്ലാം എന്നെ കൈപിടിച്ചുയർത്തി.
സത്യത്തിൽ ഞാൻ മരിച്ചു. ഇപ്പോൾ വെറും ജീവനില്ലാത്ത ആത്മാവാണ്. നിങ്ങളെല്ലാം സ്ത്രീകളെ ബഹുമാനിക്കണം. എന്നെ പിന്തുണച്ച എല്ലാവർക്കും ഈ സമയത്ത് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മുംബൈയിൽ വന്നപ്പോൾ എനിക്ക് ഗോഡ്ഫാദർമാർ ആരും ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവരുടെയും ഗോഡ്മദർ ആകാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രതിഭകൾക്കെല്ലാം പിന്തുണ നൽകാൻ ആഗ്രഹിക്കുന്നു. എല്ലാത്തരം പ്രതിഭകളെയും എനിക്ക് സഹായിക്കണം. ഇന്ത്യക്ക് കൂടുതൽ മാധ്യമ പ്രവർത്തകരെ നൽകാനും ഞാൻ ആഗ്രഹിക്കുന്നു.
എന്റെ അമ്മ അവസാന ശ്വാസം വരെയും പോരാടി. അമ്മയെ അത്രയും വേദനയിൽ കാണാൻ കഴിയാത്തതിനാൽ ഒന്ന് വേഗം വിളിക്കണെ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഓർമ്മ നഷ്ടപ്പെട്ടിരുന്നു, മരുന്നുകൾ കാരണം ശരീരമെല്ലാം തളർന്നു. ഇത്രയും ചെലവേറിയ ചികിത്സകൾ താങ്ങാൻ കഴിയാത്തവർക്കായി ഒരു കാൻസർ ആശുപത്രി നിർമ്മിക്കാൻ എനിക്ക് കഴിയാൻ എന്നാണ് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നതെന്നും രാഖി പറഞ്ഞു.
തിരിച്ചുവരണമെന്ന് പറഞ്ഞ് ആദിൽ മൈസൂർ ജയിലിൽ നിന്ന് എന്നെ വിളിച്ചു. അയാൾക്ക് മറ്റൊരു അവസരം വേണമെന്ന്. ഞാൻ അയാളുടെ കാലിൽ വീഴാറുണ്ടായിരുന്നു, ഞങ്ങളുടെ വീട്ടിലേക്ക് വരാൻ അഭ്യർത്ഥിച്ചിരുന്നു. എല്ലാം ഉപേക്ഷിച്ച് എന്റെ കൂടെ വരാൻ അവനോട് പറഞ്ഞിരുന്നു. നിനക്കു ഇനി എന്റെ അമ്മയെ തിരികെ കൊണ്ടുവരാൻ പറ്റുമോ? എന്റെ ബഹുമാനം നേടാൻ പറ്റുമോ എന്ന് ഞാൻ അവനോട് ചോദിച്ചെന്നും നടി പറഞ്ഞു.

ആദിലിന് തിരിച്ചുവരണമെങ്കിൽ ഒരിക്കലും എന്നെ ചതിക്കില്ലെന്നും ശാരീരികമായി ഉപദ്രവിക്കില്ലെന്നും എന്നിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകുമെന്നും എഴുതി നൽകണം. ഇതെല്ലാം ഞാൻ പറഞ്ഞപ്പോൾ, പറ്റില്ലെന്ന് പറഞ്ഞു. തിരിച്ചു വരുന്നത് പ്രതികാരം ചെയ്യാനും എന്നെ കൊല്ലാനും ആണെങ്കിലോ? എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക?
ഞാൻ അവന് ഒരിക്കലും വിവാഹമോചനം നൽകില്ല, കാരണം അവൻ മറ്റൊരു സ്ത്രീയുടെയും ജീവിതം നശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ജീവിതത്തിൽ ഒരിക്കലും വിവാഹം കഴിക്കുകയോ കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിക്കുകയോ ചെയ്യില്ല. എന്റെ വിദ്യാർത്ഥികൾ എന്റെ കുട്ടികളാണ്. മദർ തെരേസ ഒരിക്കലും വിവാഹം കഴിച്ചിട്ടില്ല, ആവശ്യമുള്ള കുട്ടികളെ പരിപാലിച്ചു. ഞാൻ അവരുടെ എവിടെയും എത്തില്ല, പക്ഷേ എനിക്ക് ശ്രമിക്കാമെന്നും രാഖി പറഞ്ഞു.


Click it and Unblock the Notifications











