ദീപിക കണ്ടീഷൻ വച്ചു; ഷാരൂഖ് ഖാന് സൂപ്പർ ഹിറ്റ് സിനിമയിലെ അവസരം നഷ്ടമായി!; സംഭവമിങ്ങനെ
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ നായികമാരിൽ ഒരാളാണ് ദീപിക പദുകോണ്‍. ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായിക. കഴിഞ്ഞ 15 വർഷത്തിലധികമായി ബോളിവുഡിലെ നിറസാന്നിധ്യമാണ് താരം. 2007 ല്‍ ഷാരൂഖ് ഖാന്‍ നായകനായ ഓം ശാന്തി ഓമിലൂടെയാണ് ദീപിക അരങ്ങേറുന്നത്. പിന്നീടൊരിക്കലും ദീപികയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒന്നിന് പുറകെ ഒന്നായി ഹിറ്റുകൾ സമ്മാനിച്ച് നമ്പർ വൺ നായികയായി വളരുകയായിരുന്നു.
ദീപികയുടെ കരിയറിലെ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷാരൂഖ് ഖാൻ. ഓം ശാന്തി ഓമിന് ശേഷം ഇരുവരും ഒന്നിച്ചെത്തിയ ചെന്നൈ എക്സ്‌പ്രസും, പത്താനും വലിയ വിജയമായിരുന്നു. എന്നാൽ ദീപികയുടെ ഒരു തീരുമാനം കാരണം ഷാരൂഖ് നടി അഭിനയിച്ച ഒരു സിനിമയിൽ നിന്ന് പിന്മാറിയിട്ടുണ്ട്. സൂപ്പർ ഹിറ്റായ പദ്മാവത് ആണ് ആ സിനിമ. ദീപികയുടെ കരിയറിലെ വലിയ വിജയങ്ങളിൽ ഒന്നാണ് പദ്മാവത്. ഷൂട്ടിങ് സമയത്തും റിലീസിങ് സമയത്തുമൊക്കെ നിരവധി വിവാദങ്ങൾ ഉണ്ടായ ചിത്രമാണ് ഇത്.

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക ടൈറ്റിൽ റോളിൽ എത്തിയപ്പോൾ രൺവീർ സിങ്ങും ഷാഹിദ് കപൂറുമായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റാണി പത്മാവതി എന്ന കഥാപാത്രത്തെയാണ് ദീപിക ചിത്രത്തിൽ അവതരിപ്പിച്ചത്. ദീപികയുടെ ഭർത്താവിന്റെ വേഷമായ മഹാർവാൾ രത്തൻ സിങ് ആയി എത്തിയത് ഷാഹിദ് കപൂർ ആയിരുന്നു. അലാവുദ്ദീൻ ഖിൽജി എന്ന വില്ലനായിട്ടാണ് രൺവീർ സിങ് അഭിനയിച്ചത്. എന്നാൽ ഒരിടയ്ക്ക് ഷാരൂഖ് ഖാൻ അലാവുദ്ദീൻ ഖിൽജി ആകുമെന്നായിരുന്നു വാർത്തകൾ.
സത്യത്തിൽ അങ്ങനെയൊരു നീക്കം നടന്നിരുന്നു. ഒരു ഘട്ടത്തിൽ, രൺവീർ സിംഗ് തന്റേതായ കാരണങ്ങളാൽ സിനിമയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചപ്പോൾ ആയിരുന്നു ഇത്. ഷൂട്ടിംഗ് തുടങ്ങാൻ ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെയാണ് സംഭവം നടക്കുന്നത്. എങ്കിലും സഞ്ജയ് ലീല ബൻസാലി രൺവീറിന്റെ തീരുമാനം അഗീകരിച്ചു. പിന്നാലെ ഷാരൂഖ് ഖാന്റെ വീട്ടിലെത്തി അദ്ദേഹം ചർച്ചകൾ നടത്തി.
സഞ്ജയ് ലീല ബൻസാലിയുടെ അവസ്ഥ മനസിലാക്കി, ഒരു വ്യവസ്ഥയിൽ അലാവുദ്ദീൻ ഖിൽജിയെ അവതരിപ്പിക്കാൻ ഷാരൂഖ് സമ്മതിച്ചു. സിനിമയുടെ പേര് മാറ്റണം എന്നായിരുന്നു ഷാരൂഖിന്റെ ആവശ്യം. നായികയുടെ പേരിൽ വരുന്ന ഒരു സിനിമ കാണാൻ തന്റെ ആരാധകർ കൂട്ടാക്കില്ല എന്ന ആശങ്കയായിരുന്നു അതിന് പിന്നിൽ. എന്നാൽ ഇക്കാര്യത്തിൽ സഞ്ജയ് ലീല ബൻസാലി ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് തന്നെ ദീപിക തന്റെ തീരുമാനം അറിയിച്ചു. പേര് മാറ്റിയാൽ താൻ ഈ സിനിമ ചെയ്യില്ലെന്നാണ് ദീപിക പറഞ്ഞത്.

ഇതോടെ സഞ്ജയ് ലീല ബൻസാലി പ്രതിസന്ധിയിലായി, എന്നാൽ അതിനിടെ രൺവീർ പ്രോജക്റ്റിലേക്ക് മടങ്ങിയെത്തി. അങ്ങനെ രൺവീറിനെ തന്നെ വില്ലനാക്കി സിനിമ ചെയ്യുകയായിരുന്നു. പക്ഷേ അപ്പോഴും സിനിമയ്ക്ക് ആദ്യം തീരുമാനിച്ച പേരിൽ നിന്ന് മാറ്റങ്ങൾ വരുത്തിയിരുന്നു. പദ്മാവതി എന്നായിരുന്നു ആദ്യം തീരുമാനിച്ച പേര്. അത് പദ്മാവത് എന്നാക്കിയാണ് ചിത്രം റിലീസ് ചെയ്തത്.
അതേസമയം ദീപികയുടെ തീരുമാനത്തെ മറ്റൊരു നടനെയും സിനിമയിൽ മാറ്റി കാസ്റ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഷാഹിദ് കപൂറിന്റെ വേഷത്തിലേക്ക് നടൻ വിക്കി കൗശൽ ആയിരുന്നു സഞ്ജയ് ലീല ബൻസാലിയുടെ ആദ്യ ഓപ്‌ഷൻ. എന്നാൽ ദീപിക സമ്മതിക്കാത്തതിനാൽ വിക്കിയെ മാറ്റി ഷാഹിദിനെ കൊണ്ടുവരുകയായിരുന്നു. തന്റെ ഭർത്താവായി അഭിനയിക്കാൻ ഒരു വലിയ നടനെ വേണമെന്ന് ദീപിക ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്.


Click it and Unblock the Notifications