വിവാഹമുണ്ടാകും! പക്ഷെ ഇപ്പോൾ അതിനുള്ള മനസികാവസ്ഥയിലല്ല; തുറന്നു പറഞ്ഞ് തമന്ന ഭാട്ടിയ
ബി-ടൗണിലെ ഏറ്റവും പുതിയ പ്രണയ ജോഡികളാണ് തമന്ന ഭാട്ടിയയും വിജയ് വർമ്മയും. കഴിഞ്ഞ കുറച്ചു നാളുകളായി ഇവരുടെ പ്രണയമാണ് ബോളിവുഡ് ആരാധകർക്കിടയിലെ പ്രധാന ചർച്ച വിഷയം. കുറേക്കാലം ഗോസിപ്പ് കോളങ്ങളിൽ ആയിരുന്നു ഇവരുടെ സ്ഥാനം. എന്നാൽ പ്രണയം തുറന്നു പറഞ്ഞതോടെ അതിൽ മാറ്റം വന്നിട്ടുണ്ട്. ഈയ്യടുത്താണ് ഇരുവരും തങ്ങൾ പ്രണയത്തിലാണെന്ന് ലോകത്തിന് മുന്നില്‍ തുറന്ന് പറയുന്നത്.
ഇരുവരും ഒന്നിച്ച് അഭിനയിച്ച ലസ്റ്റ് സ്റ്റോറീസിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖങ്ങളിലായിരുന്നു തുറന്നു പറച്ചിൽ. ലസ്റ്റ് സ്റ്റോറീസിന്റെ ചിത്രീകരണത്തിനിടെയാണ് വിജയും തമന്നയും അടുപ്പത്തിലായത് എന്നാണ് വിവരം. അതേസമയം പ്രണയം തുറന്നു പറഞ്ഞ ശേഷം വിവാഹം സംബന്ധിച്ച ചോദ്യങ്ങളാണ് ഇവർക്ക് നേരിടേണ്ടി വരുന്നത്. ഇപ്പോഴിതാ ന്യൂസ് 18 ന് നൽകിയ പുതിയൊരു അഭിമുഖത്തിൽ വിവാഹം സംബന്ധിച്ച ചോദ്യത്തിന് തമന്ന നൽകിയ മറുപടി ശ്രദ്ധനേടുകയാണ്.

താൻ ഇപ്പോൾ വിവാഹിതയാകാനുള്ള മാനസികാവസ്ഥയിലല്ലെന്ന് തമന്ന തുറന്ന് പറഞ്ഞു. താൻ പ്രൊഫഷണലായി ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നു പോകുന്നതെന്നും തനിക്ക് ഏറ്റവും സന്തോഷം ലഭിക്കുന്ന സ്ഥലം സെറ്റുകളാണെന്നും തമന്ന പറഞ്ഞു. അതേസമയം വിവാഹത്തിന് താൽപര്യമുണ്ടെന്നും ഒരിക്കൽ എന്തായാലും വിവാഹം കഴിക്കുമെന്നും നടി വ്യക്തമാക്കി.
"ഞാൻ ഇപ്പോൾ വിവാഹം കഴിക്കാനുള്ള മാനസികാവസ്ഥയിലല്ല. എന്റെ കരിയർ ഇപ്പോൾ മികച്ച രീതിയിലാണ് പോകുന്നത്, എന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ വിവാഹത്തിൽ വിശ്വസിക്കുന്നുണ്ട്, അത് സംഭവിക്കും, പക്ഷേ ഇപ്പോൾ എന്റെ സന്തോഷകരമായ സ്ഥലം സെറ്റാണ്. വന്നുകൊണ്ടിരിക്കുന്ന വൈവിധ്യമാർന്ന വേഷങ്ങൾ ഞാൻ ആസ്വദിക്കുകയാണ്, അത് അങ്ങനെ തന്നെ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു', തമന്ന പറഞ്ഞു.
വ്യക്തി ജീവിതം ചർച്ചയാകുന്നത് തന്നെ അലട്ടുന്നുണ്ടോ ചോദ്യത്തോടും തമന്ന പ്രതികരിച്ചു. അതിൽ തനിക്ക് വിഷമമില്ലെന്ന് നടി വ്യക്തമാക്കി. എന്നാൽ അറിയുന്ന ആളുകൾ മോശം പറയുമ്പോൾ അത് വേദനിപ്പിക്കാറുണ്ടെന്ന് തമന്ന പറഞ്ഞു. 'ആളുകൾ പലതും പറയും, അത് നിങ്ങളെ അറിയുന്നവരിൽ നിന്നായാൽ ചിലപ്പോൾ വേദനിപ്പിക്കും, പക്ഷേ നിങ്ങൾ അതിനെ എങ്ങനെ കാണുന്നു എന്നതാണ് പ്രധാനം. എന്റെ ജോലിയുടെ കാര്യത്തിലും കരിയറിന്റെ കാര്യത്തിലും വ്യക്തി ജീവിതത്തിൽ ആണെങ്കിലും ഞാൻ വ്യക്തമായൊരു അതിർത്തി നിശ്ചയിച്ചിട്ടുണ്ട്',

'എന്ത് കാര്യവും സത്യസന്ധമായി തുറന്നു പറയുന്ന വ്യക്തിയാണ് ഞാൻ. നേരത്തെ, എന്റെ മാതാപിതാക്കൾ എന്ത് വിചാരിക്കുമെന്നോർത്ത് ഞാൻ വേവലാതിപ്പെടുമായിരുന്നു. എന്നാൽ ഞാൻ പുരോഗമിച്ചത് പോലെ അവരും പുരോഗമിച്ചു. അതൊരു നേട്ടമായി ഞാൻ കാണുന്നു. എന്റെ പ്രിയപ്പെട്ടവരുടെ ആരോഗ്യം സംബന്ധിച്ച ആശങ്കകൾ അല്ലാതെ മറ്റൊന്നും എന്നെ ഇപ്പോൾ ബാധിക്കുന്നുണ്ടെന്ന് തോന്നുന്നില്ല', തമന്ന വ്യക്തമാക്കി.
അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ ഇൻഡസ്ട്രിയിൽ നിന്നും ഒരു താരത്തെയും പ്രണയിക്കരുത് എന്ന് കരുതിയ ആളാണ് താനെന്നും, എന്നാൽ തമന്നയെ കണ്ടതോടെ ആ തീരുമാനം മാറിയെന്നും വിജയ് വർമ്മ പറയുകയുണ്ടായി. മറ്റൊരു അഭിമുഖത്തിൽ വിവാഹത്തെ കുറിച്ച് താനിപ്പോൾ ചിന്തിക്കുന്നില്ലെന്ന് വിജയ് വർമയും പറഞ്ഞിരുന്നു. പതിനാറാം വയസ് മുതൽ വിവാഹിതനാവാൻ വീട്ടുക്കാർ പറയുന്നുണ്ടെന്നും ഇപ്പോഴും എല്ലാ ഫോൺ കോളിലും വിവാഹത്തെ കുറിച്ചാണ് അമ്മ പറയുന്നതെന്നുമാണ് വിജയ് പറഞ്ഞത്.


Click it and Unblock the Notifications