അമ്മയോട് എനിക്ക് ദേഷ്യമായിരുന്നു; എന്റെ ശരീരത്തെ വെറുത്തുകൊണ്ടാണ് ഞാൻ വളർന്നുവന്നത്: വിദ്യ ബാലൻ
ബോളിവുഡിലെ സൂപ്പർ നായികമാരിൽ ഒരാളാണ് വിദ്യ ബാലന്‍. വൈവിധ്യമാർന്ന ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് വിദ്യ തന്റേതായൊരു ഇടം കണ്ടെത്തുന്നത്. ബോളിവുഡിലെ കഴിവുറ്റ നായികമാരിൽ ഒരാളായാണ് വിദ്യ ഇന്ന് അറിയപ്പെടുന്നത്. ദേശീയ പുരസ്കാരമടക്കം നേടി തിളങ്ങി നിൽക്കുകയാണ് നടി. തന്റെ വ്യക്തിത്വം കൊണ്ടും ശ്രദ്ധ നേടിയിട്ടുള്ള ആളാണ് വിദ്യ ബാലൻ. യാതൊരു മറയുമില്ലാതെയാണ് വിദ്യ സംസാരിക്കുക. താരത്തിന്റെ കാഴ്ചപ്പാടുകളും നിലപാടുകളുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
ബോളിവുഡിലെ ഗ്ലാമറസ് ലോകത്ത് തന്റേതായ ഇടം കണ്ടെത്തുക എന്നത് വിദ്യ ബാലനെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന വിദ്യ ശരീരഭാരത്തിന്റെ പേരിൽ സിനിമാലോകത്ത് താൻ നേരിട്ട പ്രശ്നങ്ങളെ കുറിച്ചും പരിഹാസങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ച് സ്വന്തം ശരീരത്തെ അംഗീകരിച്ച് മുന്നോട്ട് പോകാൻ തനിക്ക് ഒരുപാട് സമയം എടുത്തെന്നും വിദ്യ പറയുകയുണ്ടായി.

ഇപ്പോഴിതാ കുട്ടിക്കാലത്ത് തനിക്ക് ഉണ്ടായിട്ടുള്ള ബോഡി ഇമേജ് പ്രശ്നങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് വിദ്യ ബാലൻ. ലൂക്ക് കുട്ടീഞ്ഞോയുമായി അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിലാണ് വിദ്യ മനസുതുറന്നത്. തന്റെ ശരീര ഭാരത്തെക്കുറിച്ചുള്ള അമ്മയുടെ ആശങ്കകൾ നേരത്തെ തന്നെ ഡയറ്റിംഗിലേക്കും വ്യയാമം ചെയ്യുന്നതിലേക്കും തന്നെ കൊണ്ട് എത്തിച്ചെന്നും അത് ശരീരവുമായി തനിക്കുള്ള ബന്ധത്തെ സ്വാധീനിച്ചു എന്നുമാണ് വിദ്യ പറയുന്നത്.
'ഞാനൊരു തടിച്ച പെൺകുട്ടിയാകുമെന്ന ഭയം അമ്മയ്ക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വലുതാകുമ്പോൾ വണ്ണം വയ്ക്കാതിരിക്കാൻ അമ്മ പലതും ചെയ്യുമായിരുന്നു. ശരീരഭാരത്തിന്റെ പേരിൽ താൻ അനുഭവിച്ചത് പോലുള്ള പ്രശ്നങ്ങൾ തനിക്കും നേരിടേണ്ടി വരുമോ എന്ന് അമ്മ ഭയന്നു. മാതാപിതാക്കൾ എപ്പോഴും മക്കളെ ഓർത്ത് വിഷമിക്കുന്നവരാണ്, അത് ഇന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. എന്നാൽ അന്ന് അമ്മയോട് എനിക്ക് വല്ലാത്ത ദേഷ്യമായിരുന്നു',
'എന്നെക്കൊണ്ട് എന്തിനാണ് ഇത്രയും വ്യായാമം ചെയ്യിക്കുന്നത്? എന്തിനാണ് എന്നെ ഇപ്പോഴേ ഡയറ്റ് ചെയ്യിക്കുന്നത്?' എന്നെല്ലാം ഞാൻ ചിന്തിച്ചു. ചിലപ്പോൾ എന്നെ ഓർത്ത് വിഷമിച്ചതുകൊണ്ടാകാം. എന്റെ ശരീരത്തെ വെറുത്തുകൊണ്ടാണ് ഞാൻ വളർന്നത്. ചെറുപ്പം മുതലേ എനിക്ക് ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്', വിദ്യ ബാലൻ പറഞ്ഞു.
ഇന്നത്തെ നിലയിൽ തന്നെ സ്വയം അംഗീകരിക്കാൻ ഒരുപാട് സമയം എടുത്തെന്നും വിദ്യ പറഞ്ഞു. നിങ്ങൾ വ്യായാമം ചെയ്യാത്തത് കൊണ്ടാകുമെന്ന് എന്നോട് പലരും വന്ന് പറയുമായിരുന്നു. എനിക്ക് വ്യായാമം ചെയ്യാൻ ഇഷ്ടമാണെന്നും ഞാൻ അതിൽ സ്ഥിരത പുലർത്തുന്നുണ്ടെന്നും അവർക്ക് അറിയാത്തത് കൊണ്ടാകും. എന്നാൽ എനിക്ക് നായികയ്ക്ക് വേണ്ടുന്ന ശരീരം ഇല്ലെന്നത് ശരിയാണ്. അത് ആദ്യം മനസിലാക്കാൻ എനിക്ക് കഴിഞ്ഞില്ല.

എല്ലാ തരത്തിലും ശ്രമിച്ചിട്ടും അതൊന്നും ഫലം കാണാതെ പോയ ഒരു സമയം എനിക്ക് ഉണ്ടായിട്ടുണ്ട്. എനിക്ക് 30-31 വയസ്സുള്ള സമയത്താണ് ഞാൻ പതിയെ എന്നെ സ്വയം അംഗീകരിക്കാൻ തുടങ്ങിയത്. ആ യാത്ര ഇപ്പോൾ മെച്ചപ്പെടുന്നുണ്ടെന്നും വിദ്യ ബാലൻ പറഞ്ഞു.
അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ സ്വന്തം ശരീരത്തെ അംഗീകരിക്കാൻ തന്നെ സഹായിച്ചത് ഭർത്താവ് സിദ്ധാർഥ് ആണെന്ന് വിദ്യ പറഞ്ഞിരുന്നു. സിദ്ധാർഥിനെ വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണെന്നും അതിന് ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായെന്നും അതെല്ലാം താൻ ഇരു കയ്യും നീട്ടി സ്വീകരിച്ചെന്നും വിദ്യ ബാലൻ പറയുകയുണ്ടായി.


Click it and Unblock the Notifications