സാറ അലി ഖാന്റെ ഡേറ്റിങ് പ്രെപ്പോസലിന് പിന്നാലെ വിജയ് ദേവരകൊണ്ട അയച്ച മെസേജ്; വെളിപ്പെടുത്തി താരം
തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയൊരു തരംഗം തീർത്ത ശേഷം ഇപ്പോൾ ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് നടൻ വിജയ് ദേവരകൊണ്ട. താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രമായ ലൈഗർ റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 25 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
കരൺ ജോഹറിന്റെ നിർമാണ കമ്പനിയായ ധർമ പ്രൊഡക്ഷൻ നിർമ്മിക്കുന്ന ഈ പാൻ-ഇന്ത്യ ചിത്രം സംവിധാനം ചെയ്യുന്നത് തെലുങ്ക് സംവിധായകൻ പുരി ജഗന്നാഥാണ്. അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അർജുൻ റെഡ്ഢി എന്ന ചിത്രത്തോടെയാണ് വിജയ് ദേവരകൊണ്ടയുടെ തലവര മാറിയത്. പിന്നീട് ഇറങ്ങിയ ഗീതാ ഗോവിന്ദം, വേൾഡ് ഫെയ്മസ് ലൗ, ഡിയർ കംറേഡ് തുടങ്ങിയ സിനിമകളിലൂടെ വിജയ് ഇന്ത്യയൊട്ടാകെ അറിയുന്ന താരമായി മാറി.
നിരവധി ഗോസിപ്പുകളും താരത്തിന്റെ പേരിൽ ഉണ്ടായി. അർജുൻ റെഡ്‌ഡിയിലും ഗീത ഗോവിന്ദത്തിലുമെല്ലാം വിജയുടെ നായികയായ രശ്‌മിക മന്ദാനയുമായുള്ള പ്രണയമാണ് കൂടുതലും ഗോസിപ് കോളങ്ങളിൽ ഇടം പിടിച്ചത്. അതിനിടെ താരത്തിനൊപ്പം സ്ക്രീൻ പങ്കിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ബോളിവുഡിൽ നിന്നടക്കമുള്ള നായികമാരും രംഗത്തെത്തിയിരുന്നു.

അടുത്തിടെ വിജയ് ദേവരകൊണ്ടയെ ഡേറ്റ് ചെയ്യാൻ താൽപര്യമുണ്ടെന്ന് താരപുത്രി സാറ അലി ഖാനും പറഞ്ഞിരുന്നു. കോഫി വിത്ത് കരൺ ഷോയിൽ എത്തിയപ്പോഴായിരുന്നു ഇത്. ഷോയിൽ ആരെയാണ് ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചതിന് പിന്നാലെയാണ് സാറ വിജയ് ദേവരകൊണ്ടയുടെ പേര് പറഞ്ഞത്. ഇത് ആരാധകർക്കിടയിൽ വലിയ ചർച്ച ആയിരുന്നു.
എന്നാൽ സാറ ഇത് ഷോയിൽ പറഞ്ഞതിന് പിന്നാലെ താൻ മെസേജ് അയച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട. ഇടൈംസിനോടാണ് പ്രതികരണം. താൻ നല്ലൊരു നടനാണ് എന്ന് പറഞ്ഞു കൊണ്ടാണ് വിജയ്, താൻ സാറയ്ക്ക് മെസേജ് അയച്ച് നിങ്ങൾ അത് പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് അറിയിച്ചെന്നും പറഞ്ഞത്.

ശരിക്കും സാറയെ ഡേറ്റ് ചെയ്യാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് റിലേഷൻഷിപ് എന്ന വാക്ക് പോലും പറയാൻ കഴിയില്ല പിന്നെ എങ്ങനെ ആവും? എന്നായിരുന്നു വിജയ് ദേവരകൊണ്ടയുടെ മറുപടി.
കഴിഞ്ഞ മാസം കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ ജാൻവി കപൂറിനൊപ്പം പങ്കെടുത്തപ്പോഴാണ് കരൺ സാറയോട്, "നിങ്ങൾക്ക് ഇന്ന് ഡേറ്റ് ചെയ്യാൻ തോന്നുന്ന ഒരാളുടെ പേര് പറയൂ" എന്ന് പറഞ്ഞത്, ആദ്യം "ഇല്ല ഇല്ല, ഇല്ല" എന്ന് പ്രതികരിച്ച ശേഷമായിരുന്നു വിജയ് ദേവരകൊണ്ടയുടെ പേര് പറഞ്ഞത്.
ഇതിനു പിന്നാലെ, വിജയ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ആ വീഡിയോ പോസ്റ്റ് ചെയ്യുകയും സാറയെ ടാഗ് ചെയ്ത്, "നീ ദേവരകൊണ്ട എന്ന് പറയുന്ന രീതി എനിക്കിഷ്ടമാണ് എന്നും കുറിച്ചിരുന്നു. ഇതും സോഷ്യൽമീഡിയയിൽ അടക്കം വൈറലായി മാറിയിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ രശ്‌മികയും നടനും പ്രണയത്തിലാണെന്ന കൂടുതൽ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കോഫി വിത്ത് കരണിൽ വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം പങ്കെടുത്തപ്പോൾ അനന്യ പാണ്ഡെ നടത്തിയ പരാമർശമായിരുന്നു ഇതിന് കാരണമായത്. വിജയുടെ ഡേറ്റിംഗ് ലൈഫിനെ പറ്റി കരൺ അനന്യയോട് ചോദിച്ചിരുന്നു. 'എനിക്ക് തോന്നുന്നത് ഇവൻ മിൽക സിംഗിനെ കാണാൻ തിടുക്കപ്പെടുകയാണെന്നാണ്,' എന്നായിരുന്നു അനന്യയുടെ മറുപടി. രശ്മികയെ ഉദ്ദേശിച്ചാണ് അനന്യ ഇങ്ങനെ മറുപടി നല്കിയതെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ കഴിഞ്ഞ ദിവസം ഇതിൽ പ്രതികരണവുമായി രശ്‌മിക രംഗത്ത് എത്തിയിരുന്നു. താൻ പറയാതെ അത്തരം കാര്യങ്ങളിൽ ഒരു നിഗമനത്തിലേക്ക് എത്തരുതെന്നായിരുന്നു താരം ആരാധകരോടായി പറഞ്ഞത്. ഹിന്ദുസ്ഥാൻ ടൈംസിനോട് ആയിരുന്നു പ്രതികരണം.


Click it and Unblock the Notifications