എല്ലാ ഫോൺ കോളിലും അമ്മ വിവാഹത്തെ കുറിച്ചാണ് ചോദിക്കുന്നത്; 16-ാം വയസ്സുമുതൽ കല്യാണം കഴിക്കാൻ പറയുന്നുണ്ട്!
കഴിഞ്ഞ കുറച്ചു നാളുകളായി ബോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് തമന്നയും വിജയ് വര്‍മയും തമ്മിലുള്ള പ്രണയം. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നിട്ട് മാസങ്ങളായെങ്കിലും അടുത്തിടെയാണ് വിജയും തമന്നയും തങ്ങളുടെ പ്രണയം തുറന്ന് പറയാന്‍ തയ്യാറാകുന്നത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ലസ്റ്റ് സ്റ്റോറീസിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖങ്ങളിലായിരുന്നു ഇവരുടെ തുറന്നു പറച്ചിൽ.
ഇരുവരും ഒരുമിച്ച് നടത്തിയ ഗോവന്‍ യാത്രയും ഡിന്നര്‍ നൈറ്റുകളുമൊക്കെയാണ് ഇവർ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. ന്യു ഇയര്‍ പാര്‍ട്ടിക്കിടെ ചുംബിക്കുന്ന തമന്നയുടേയും വിജയ് വര്‍മയുടേയും വീഡിയോ പുറത്ത് വന്നതാണ് വാർത്തകൾ സജീവമാകാൻ കാരണം. താരങ്ങള്‍ പങ്കെടുത്ത അതേ പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റൊരാള്‍ പങ്കുവച്ച വീഡിയോയിലൂടെ അബദ്ധത്തിലാണ് ഇരുവരുടേയും ചുംബനം പുറത്താകുന്നത്. ലസ്റ്റ് സ്റ്റോറീസ് 2വിന്റെ ചിത്രീകരണത്തിനിടെയാണ് വിജയും തമന്നയും അടുപ്പത്തിലായത് എന്നാണ് വിവരം.

ഇരുവരും പ്രണയം തുറന്നു പറഞ്ഞതിന് പിന്നാലെ നിങ്ങൾ എപ്പോൾ വിവാഹിതരാകും എന്ന ചോദ്യങ്ങളും ആരാധകർക്കിടയിൽ നിന്ന് ഉയരുന്നുണ്ട്. അതിനിടെ ഡിഎൻഎയ്ക്ക് നൽകിയ അഭിമുഖത്തിൽ വിവാഹം കഴിക്കുന്നതിനെ സംബന്ധിച്ച തന്റെ പ്ലാൻ വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് ശർമ്മ. എല്ലാ ദിവസവും, എല്ലാ കോളിലും അമ്മ വിവാഹത്തെ കുറിച്ച് ചോദിച്ചു കൊണ്ടിരിക്കുകയാണെന്നും 16-മത്തെ വയസ് മുതൽ വിവാഹത്തെ കുറിച്ച് കേൾക്കുകയാണെന്നും വിജയ് പറഞ്ഞു.
'എന്റേത് ഒരു മാർവാടി കുടുംബമാണ്. ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ, ആൺകുട്ടികൾക്ക് 16 വയസ്സായാൽ വിവാഹപ്രായമായതായി കണക്കാക്കും. അതുകൊണ്ട് ഇതെല്ലാം ഞാൻ വളരെ നേരത്തെ കേട്ടു തുടങ്ങിയതാണ്, വിവാഹ പ്രായം കഴിഞ്ഞെന്ന് അവർ കരുതുന്നതിനാൽ ഇപ്പോൾ അത് അവസാനിച്ചിട്ടുണ്ട്. അതിനിടയിൽ ഞാൻ ഒരു നടനായും മാറിയിരുന്നു',
'എന്റെ കരിയർ ഒരു ചോദ്യചിഹ്നമായി എന്റെ മുന്നിൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെ വിവാഹം സംബന്ധിച്ച ചോദ്യങ്ങൾക്കൊന്നും ഞാൻ വലിയ പ്രാധാന്യം നൽകിയില്ല. ഒരിക്കലും ഞാൻ അതൊന്നും ശ്രദ്ധിച്ചിട്ടില്ല. കണ്ണടച്ച് എന്റെ കരിയറിനെ കുറിച്ച് മാത്രമാണ് ചിന്തിച്ചു കൊണ്ടിരുന്നത്. അമ്മ ഇപ്പോഴും എന്നോട് ചോദിക്കാറുണ്ട്. ഓരോ ഫോൺ കോളിലും വിവാഹത്തെ കുറിച്ച് ചോദിക്കും, പക്ഷേ ഇപ്പോൾ ജീവിതത്തിൽ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത് എന്നത് കൊണ്ട് തന്നെ എനിക്ക് അത് ഒഴിവാക്കാൻ കഴിയും', വിജയ് പറഞ്ഞു.

അതേസമയം ഇരുവരും പ്രണയം വെളിപ്പെടുത്തിയത് സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്നും വെറും പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നുമൊക്കെ ആരോപണങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരു അഭിമുഖത്തിൽ വിജയ് വർമ്മ അതിനുള്ള മറുപടി നൽകുകയുണ്ടായി. ''ഞങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം വളരെ വ്യക്തമാണെന്ന് കരുതുന്നു. ഞാന്‍ വളരെ സന്തുഷ്ടനും അവളെ ഭാന്തമായി പ്രണയിക്കുകയും ചെയ്യുന്നു. എന്റെ വില്ലന്‍ യുഗം അവസാനിക്കുകയും റൊമാന്‍സ് യുഗത്തിലേക്ക് കടക്കുകയും ചെയ്തുവെന്നാണ് ഞാന്‍ ഇതേക്കുറിച്ച് പറയുന്നത്'' എന്നാണ് വിജയ് ആരോപണങ്ങൾ തള്ളിക്കൊണ്ട് നല്‍കിയ മറുപടി.
അതിനുമുൻപ് ഇടൈസിന് നൽകിയ അഭിമുഖത്തിലാണ് താൻ തമന്നയുമായി പ്രണയത്തിലാണെന്ന് വിജയ് തുറന്നു പറഞ്ഞത്. 'ഞാനിപ്പോള്‍ വളരെ സന്തുഷ്ടമായൊരു ഘട്ടത്തിലാണ്. എന്റെ ജീവിതത്തില്‍ ഒരുപാട് പ്രണയമുണ്ട്. എന്റേതും തമന്നയുടേതും വളരെ രസകരമായ യാത്രകളായിരുന്നു. ഞാന്‍ ഹൈദരാബാദുകാരനാണ്. മുംബൈയില്‍ വന്നാണ് ജോലി ചെയ്യുന്നത്. അവള്‍ മുംബൈക്കാരിയാണ്, പക്ഷെ ഹൈദരാബാദിലേക്കാണ് ജോലി തേടി വരുന്നത്. ഞങ്ങള്‍ രണ്ടു പേരും അവനവന്റെ നഗരം വിട്ട് മറ്റൊരു നഗരത്തിലേക്ക് ചേക്കേറിയവരാണ്' എന്നായിരുന്നു വിജയുടെ വാക്കുകൾ.


Click it and Unblock the Notifications