ഒരു ഗ്ലാസ് പാലിന്റെ പേരിൽ പോലും പ്രശ്നങ്ങൾ; രേഖ-കിരൺ കുമാർ പ്രണയത്തിൽ സംഭവിച്ചത്!
ഇന്ത്യന്‍ സിനിമയിലെ നായിക സങ്കൽപങ്ങളെ അടിമുടി മാറ്റിയെഴുതിയ നടിയാണ് രേഖ. ബോളിവുഡിലെ ഐക്കോണിക്ക് നായികമാരിൽ ഒരാൾ. വിഖ്യാത നടന്‍ ജെമിനി ഗണേശന്റേയും നടി പുഷ്പവല്ലിയുടേയും മകളായിട്ടാണ് രേഖയുടെ ജനനം. പക്ഷെ അച്ഛന്റെ സ്‌നേഹം കുട്ടിക്കാലത്ത് അറിയാന്‍ സാധിച്ചിരുന്നില്ല രേഖയ്ക്ക്. തന്റെ കുടുംബത്തിന്റെ കടുത്ത ദാരിദ്രമാണ് രേഖയെ സിനിമയിലെത്തിക്കുന്നത്. പതിമൂന്നാം വയസ്സിൽ തെന്നിന്ത്യൻ സിനിമയിലൂടെയാണ് അരങ്ങേറ്റം.
അധികം വൈകാതെ രേഖ ബോളിവുഡിലേക്കും എത്തി. പിന്നീടങ്ങോട്ട് കണ്ടത് രേഖ എന്ന താരത്തിന്റെ വളര്‍ച്ചയാണ് കണ്ടത്. ആക്ഷനും കോമഡിയും റൊമാന്‍സുമെല്ലാം ചെയ്തും ബോള്‍ഡ് വേഷങ്ങളുടെ നിര്‍വ്വചനം തന്നെ മാറ്റിക്കുറിച്ചും രേഖ ബോളിവുഡിലെ ഐക്കോണിക് നായികമാരിൽ ഒരാളായി വളരുകയായിരുന്നു. കരിയർ പോലെ തന്നെ രേഖയുടെ സ്വകര്യ ജീവിതവും എന്നും ചർച്ചകളിൽ നിറഞ്ഞിരുന്നു. ഒരു തുറന്ന പുസ്തകം പോലെയുള്ള ജീവിതമായിരുന്നു നടിയുടേത്.

മാസങ്ങൾ മാത്രം നീണ്ടു നിന്ന വിവാഹബന്ധം, ഭർത്താവിന്റെ അപ്രതീക്ഷിത മരണം. വിനോദ് മെഹ്‌റ, അമിതാഭ് ബച്ചൻ തുടങ്ങിയ തുടങ്ങിയ താരങ്ങളുമായുള്ള പ്രണയം, അങ്ങനെ എല്ലാം വാർത്തകളിൽ നിറഞ്ഞു. ഇക്കൂട്ടത്തിൽ തന്നെ ചർച്ചയായ ഒന്നായിരുന്നു നടൻ കിരൺ കുമാറുമായുള്ള രേഖയുടെ പ്രണയം. ഒരു കാലത്ത് സിനിമകളിലും സീരിയലുകളുമായി തിളങ്ങി നിന്ന താരമാണ് കിരൺ കുമാർ. നിരന്തരം കലഹിച്ചു കൊണ്ട് നടന്നിരുന്ന പ്രണയികൾ ആയിരുന്നു ഇരുവരും.
രണ്ടുപേരുടെയും ശീലങ്ങളാണ് ഇവർക്കിടയിലെ വഴക്കുകൾക്ക് കാരണമായത്. ഒരു ഗ്ലാസ് പാലിന്റെ പേരിൽ പോലും ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവർക്കിടയിൽ ഉണ്ടായ വഴക്കുകൾ കുറിച്ച് ഇരുവരും തുറന്നു പറഞ്ഞിട്ടുണ്ട്. അതിപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
എഴുപതുകളിലാണ് രേഖയും കിരൺ കുമാറും തമ്മിലുള്ള ബന്ധം ചർച്ചയാകുന്നത്. അക്കാലത്ത് ഇവരെ കുറിച്ചുള്ള ചർച്ചകൾ വാർത്തകളിലും നിറഞ്ഞിരുന്നു. പ്രണയത്തിലാണെന്നത് ഇരുവരും അംഗീകരിക്കുകയും ചെയ്തിരുന്നു. 1975ൽ സ്റ്റാർഡസ്റ്റ് മാസികയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലും രേഖ കിരൺ കുമാറുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഒരു ശീലം കാരണം താൻ നിരന്തരം വഴക്കിടുന്നതിനെ കുറിച്ചും പറഞ്ഞു.
അമ്മക്കുട്ടി എന്നാണ് നടി കിരൺ കുമാറിനെ വിശേഷിപ്പിച്ചത്. കിരൺ കുമാറിനൊപ്പം രാത്രി കറങ്ങാൻ പോകാനൊന്നും സാധിക്കില്ലായിരുന്നു എന്നും രേഖ പറഞ്ഞു. എങ്ങനെയൊക്കെ ആയാലും ആൾക്ക് രാത്രി പത്തിന് മുൻപ് വീട്ടിലെത്തണം, അങ്ങനെ ആണേൽ അദ്ദേഹത്തിന് അമ്മ നൽകുന്ന ഒരു ഗ്ലാസ് പാൽ കുടിക്കാം. അനുസരണയുള്ള മകനായി നിൽക്കുന്ന ഈ രീതി തന്നെ വല്ലാതെ അലട്ടിയിരുന്നുവെന്നും രേഖ പറഞ്ഞു.

രേഖയിൽ തനിക്ക് ഇഷ്ടപ്പെടാതെ പോയ സ്വഭാവത്തെ കുറിച്ച് കിരൺ കുമാറും പറഞ്ഞിട്ടുണ്ട്, രേഖ തന്റെ മുൻ കാമുകിയെ കളിയാക്കാറുണ്ടായിരുന്നുവെന്നും താൻ അതിൽ അസ്വസ്ഥനായിരുന്നു എന്നുമാണ് കിരൺ കുമാർ പറഞ്ഞത്. തന്റെ മുൻ കാമുകിയുടെ ശബ്ദത്തിൽ രേഖ തന്നോട് ഫോണിൽ സംസാരിക്കുക്കാറുണ്ടായിരുന്നുവെന്നും അത് കേൾക്കുമ്പോൾ ദേഷ്യം വരുമായിരുന്നുവെന്നും കിരൺ കുമാർ പറഞ്ഞു.
രേഖയും കിരൺ കുമാറും തമ്മിൽ വിവാഹിതരാകുന്നു എന്ന വാർത്തകളൊക്കെ അക്കാലത്ത് പ്രചരിച്ചിരുന്നു. എന്നാൽ കിരൺ കുമാറിന്റെ അച്ഛനും പ്രശസ്ത നടനുമായ ജീവന് കുമാറിന് രേഖയെ തന്റെ മരുമകളാക്കാൻ താല്പര്യമില്ലെന്നാണ് പിന്നീട് വന്ന വാർത്ത. ഇതിൽ കിരൺ കുമാർ മൗനം പാലിച്ചു. ഇത് രേഖയെ വല്ലാതെ വേദനിപ്പിച്ചു. അങ്ങനെ ഇവരുടെ ബന്ധം എന്നെന്നേക്കുമായി അവസാനിക്കുകയും ചെയ്തു.


Click it and Unblock the Notifications