ആമിർ ഖാനൊപ്പമുള്ള ചുംബന രംഗം 47 ടേക്കുകൾ പോയി, വിറയ്ക്കുകയായിരുന്നു; അനുഭവം പറഞ്ഞ് കരിഷ്മ കപൂർ!
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് നടി കരിഷ്മ കപൂര്‍. താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നും ചെറുപ്രായത്തിൽ തന്നെ സിനിമയിലെത്തിയതാണ് കരിഷ്മ. 1991 ൽ പ്രേം ഖൈദി എന്ന സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം. അഭിനയ മികവ് കൊണ്ട് വളരെ പെട്ടെന്ന് തന്നെ മുൻനിര താരമാകാൻ കരിഷ്മയ്ക്ക് സാധിച്ചു. 90 കളിൽ ബോളിവുഡിലെ നിറ സാന്നിധ്യമായി മാറി കരിഷ്മ കപൂർ.
ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട കരിഷ്മയ്ക്ക് കൈനിറയെ അവസരങ്ങളാണ് പിന്നീട് ലഭിച്ചത്. ജിഗർ, രാജ ബാബു, കൂലി നമ്പർ വൺ, സാജൻ ചലേ സസുരാൽ ജീത്, ദിൽ തോ പാഗൽ ഹേ, രാജ ഹിന്ദുസ്ഥാനി തുടങ്ങിയ നിരവധി സിനിമകളിലൂടെ കരിഷ്മ മുൻനിര താരമായി ഉയർന്നു. ഒരു വർഷം 12 സിനിമകൾ വരെ ചെയ്യുന്ന നായികയായിരുന്നു ഒരുകാലത്ത് താരം. ബോളിവുഡിലെ അക്കാലത്തെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം കരിഷ്മ അഭിനയിച്ചിട്ടുണ്ട്.

അക്കാലത്ത് ആമിർ ഖാനൊപ്പവും ഒന്ന് രണ്ട് ശ്രദ്ധേയ സിനിമകളിൽ കരിഷ്മ അഭിനയിച്ചിരുന്നു. അതിലൊന്നാണ് രാജാ ഹിന്ദുസ്ഥാനി. ആമിർ ഖാനും കരിഷ്മ കപൂറും ഒരുപാട് ആരാധകരെ സ്വന്തമാക്കിയ സിനിമയാണിത്. ഇരുവരുടെയും കരിയറിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായാണ് രാജാ ഹിന്ദുസ്ഥാനി ഇന്നും പറയപ്പെടാറുള്ളത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഈ ചിത്രവും ഇതിലെ ഗാനങ്ങളും ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. അതിലെ ചില രംഗങ്ങളും പ്രേക്ഷകർ ഓർത്തിരിക്കുന്നതാണ്.
ആമിറും കരിഷ്മയും തമ്മിലുള്ള ഒരു നീണ്ട ചുംബന രംഗമാണ് അതിലൊന്ന്. അക്കാലത്ത് വലിയ കോളിളക്കം സൃഷ്ടിച്ച രംഗമായിരുന്നു സിനിമയിലെ ഇവരുടെ ലിപ് ലോക്ക്. ആ രംഗം ചിത്രീകരിച്ചതിന് പിന്നിലും ഒരു കഥയുണ്ട്. സ്‌ക്രീനിൽ കണ്ടത് പോലെ അത്ര എളുപ്പമായിരുന്നില്ല അതിന്റെ ചിത്രീകരണം എന്നാണ് കരിഷ്മ ഒരിക്കൽ പറഞ്ഞത്. വിവാദമായ ആ രംഗം ചിത്രീകരിക്കാൻ ആമിറും കരിഷ്മയും നന്നായി വിയർത്തു, ചൂട് കൊണ്ടല്ല, മറിച്ച് അതിനുവേണ്ടി വന്ന റീടേക്കുകൾ കാരണം.
രാജീവ് മസന്ദിനുമായുള്ള ഒരു അഭിമുഖത്തിലാണ് ആ രംഗം ചിത്രീകരിച്ചതിനെ കുറിച്ച് കരിഷ്മ സംസാരിച്ചത്. ഊട്ടിയിലെ കഠിനമായ ശൈത്യകാലത്താണ് ആ രംഗം ചിത്രീകരിച്ചതെന്നും 47 റീടേക്കുകൾ വേണ്ടിവന്നെന്നും കരിഷ്മ വെളിപ്പെടുത്തി. ആ ചുംബന രംഗം ചെയ്യുമ്പോൾ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നെന്നും നടി പറഞ്ഞു.

'ആളുകൾ എപ്പോഴും അതിനെക്കുറിച്ച് വളരെ സാധാരണമായി ചിത്രീകരിച്ചത് പോലെയാണ് സംസാരിക്കുന്നത്. എന്നാൽ ആ ഒരു സീൻ ചിത്രീകരിക്കാൻ ഞങ്ങൾക്ക് മൂന്ന് ദിവസം വേണ്ടിവന്നു, അതും ഫെബ്രുവരിയിൽ ഊട്ടിയിലെ തണുത്ത കാലാവസ്ഥയിലായിരുന്നു ഷൂട്ട്. ഈ രംഗം എങ്ങനെയെങ്കിലും തീർക്കാനാണ് ഞങ്ങൾ ശ്രമിച്ചുകൊണ്ടിരുന്നത്.
രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെ കൊടും തണുപ്പിൽ ഞങ്ങൾ ഷൂട്ട് ചെയ്തു. ലിപ് ലോക്ക് രംഗം ചിത്രീകരിക്കുമ്പോൾ ഞങ്ങൾ വിറയ്ക്കുകയായിരുന്നു. ഇതുകൊണ്ടാണ് 47 റീടേക്കുകൾ വേണ്ടി വന്നത്', എന്നാണ് കരിഷ്മ കപൂർ പറഞ്ഞത്.
എന്തായാലും ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു രാജാ ഹിന്ദുസ്ഥാനി. 6 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രം തിയേറ്ററുകളിൽ നിറഞ്ഞോടുകയും ഏകദേശം 78 കോടിയോളം രൂപ കളക്ഷൻ നേടുകയും ചെയ്തു.


Click it and Unblock the Notifications











