23-ാം വയസില്‍ മതം മാറി കല്യാണം, പ്ലാസ്റ്റിക് സര്‍ജറി ദുരന്തമായി; ആയിഷ ടാക്കിയ എവിടെ?
ഒരുകാലത്ത് ബോളിവുഡിലെ തിരക്കുള്ള നടിയായിരുന്നു ആയിഷ ടാക്കിയ. ബാലതാരമായാണ് ആയിഷ കരിയര്‍ ആരംഭിക്കുന്നത്. ആദ്യം അഭിനയിക്കുന്നത് കോമ്പ്ളാന്റെ പരസ്യത്തിലായിരുന്നു. പിന്നീട് സംഗീത ആല്‍ബങ്ങളിലും അഭിനയിച്ചു. തുടര്‍ന്ന് ടാര്‍സന്‍ ദ വണ്ടര്‍ കാര്‍ എന്ന ചിത്രത്തിലൂടെയാണ് ആദ്യത്തെ ബ്രേക്ക് നേടുന്നത്. പിന്നീട് വന്ന ദോര്‍ എന്ന ചിത്രത്തിലെ പ്രകടനം കയ്യടി നേടി. തുടര്‍ന്ന് സലാം ഏ ഇഷ്ഖ്, വാണ്ടഡ്, പാട്ശാല തുടങ്ങിയ നിരവധി സിനിമകളില്‍ നായികയായി എത്തി.
അതേസമയം ഇന്ന് ആയിഷ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും വളരെ ദൂരെയാണ്. ഓണ്‍ സ്‌ക്രീനില്‍ വിജയങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ജീവിതത്തില്‍ പ്രതിസന്ധികളും വെല്ലുവിളികളും നേരിടേണ്ടി വന്നിരുന്നു ആയിഷയ്ക്ക്. രണ്ട് നഷ്ട പ്രണയങ്ങള്‍ താണ്ടിയാണ് ആയിഷ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തുന്നത്. ആയിഷയുടെ ആദ്യത്തെ രണ്ട് കാമുകന്മാരും ബോളിവുഡിലെ സൂപ്പര്‍ നായികമാരുടെ സഹോദരന്മാരായിരുന്നു. ആയിഷയുടെ ജീവിത കഥ വായിക്കാം.

മനീഷ കൊയിരാളയുടെ സഹോദരന്‍ സിദ്ധാര്‍ത്ഥ് കൊയിരാളയായിരുന്നു ആയിഷയുടെ ആദ്യത്തെ കാമുകന്‍. ആ പ്രണയം വലിയ വാര്‍ത്തയായി മാറി. അതേസമയം, തന്റെ പ്രണയ ബന്ധത്തെ ബാധിക്കാതിരിക്കാന്‍ ഓണ്‍ സ്‌ക്രീനില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ ആയിഷ തയ്യാറായിരുന്നില്ല. ഇതോടെ തനിക്ക് ഒരുപാട് സിനിമകളോട് നോ പറയേണ്ടി വന്നിട്ടുണ്ടെന്നാണ് ആയിഷ പിന്നീട് തുറന്നു പറഞ്ഞിട്ടുള്ളത്. താരത്തിന്റെ കരിയറിനെ തന്നെ ബാധിക്കുന്നതായിരുന്നു ആ തീരുമാനം.
പക്ഷെ ആ പ്രണയ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. ഒരിക്കല്‍ പിരിഞ്ഞ ഇരുവരും വീണ്ടും ഒരുമിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും തങ്ങള്‍ക്ക് ഒരുമിച്ച് പോകാന്‍ സാധിക്കില്ലെന്ന് ബോധ്യമായതോടെ എന്നന്നേക്കുമായി പിരിയുകയായിരുന്നു. പ്രണയ ബന്ധം തകര്‍ന്നുവെങ്കിലും നല്ല സുഹൃത്തുക്കളായി തുടരുകയായിരുന്നു ആയിഷും സിദ്ധാര്‍ത്ഥും. സിദ്ധാര്‍ത്ഥുമായുള്ള പ്രണയ ബന്ധം തകര്‍ന്ന ശേഷം ആയിഷ അടുപ്പത്തിലാകുന്നത് മറ്റൊരു മുന്‍ നിര നായികയായ അമീഷ പട്ടേലിന്റെ സഹോദരനുമായിട്ടാണ്.
അമീഷയുടെ സഹോദരന്‍ അഷ്മിത് പട്ടേലുമായാണ് ആയിഷ ടാക്കിയ പ്രണയത്തിലാകുന്നത്. ഇരുവരും തമ്മില്‍ ഏറെ നാള്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ 2005 ല്‍ സിദ്ധാര്‍ത്ഥിന്റേയും നടി റിയാ സെന്നിന്റേയും ഇന്റിമേറ്റ് ആയിട്ടുള്ളൊരു ചിത്രം പുറത്താകുന്നതോടെ ആ ബന്ധം തകര്‍ന്നു. വഞ്ചന താങ്ങാനാകാതെ ആയിഷ തന്നെ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ഒരിക്കല്‍ കൂടെ പ്രണയത്താല്‍ ആയിഷയ്ക്ക് മുറിവേറ്റു.
പിന്നീടാണ് ആയിഷ ബിസിനസുകാരനായ ഫര്‍ഹാന്‍ അസ്മിയെ പരിചയപ്പെടുന്നത്. ഇരുവരുടേയും അച്ഛന്മാര്‍ സുഹൃത്തുക്കളായിരുന്നു. ആ കൂടിക്കാഴ്ച പിന്നെ പലതായി വളര്‍ന്നു. ഇരുവരും സുഹൃത്തുക്കളായി. അധികം വൈകാതെ സൗഹൃദം പ്രണയത്തിന് വഴി മാറി. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഫര്‍ഹാനെക്കുറിച്ച് ആയിഷ പറഞ്ഞത് ''അദ്ദേഹം വളരെ വിനീതനാണ്. കഠിനാധ്വാനിയും മാന്യനുമാണ്. ബിസിനസ് ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. നല്ലൊരു സുഹൃത്തായിരിക്കാനും അതിലും നല്ലൊരു ഭര്‍ത്താവാകാനും അറിയാം'' എന്നായിരുന്നു.
മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2008 ലാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ മുംബൈയിലെ ഭീകരാരക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വിവാഹം ഒരു വര്‍ഷത്തേക്ക് മാറ്റിവെക്കേണ്ടി വന്നിരുന്നു. 2009 മാര്‍ച്ച് ഒന്നിനാണ് ആയിഷയും ഫര്‍ഹാനും വിവാഹം കഴിക്കുന്നത്. വിവാഹത്തിനായി ആയിഷ മുസ്ലീം മതം സ്വീകരിച്ചിരുന്നു. വിവാഹം കഴിക്കുമ്പോള്‍ 23 വയസായിരുന്നു ആയിഷയ്ക്ക്. കരിയറിന്റെ പീക്കില്‍ നില്‍ക്കെ, വളരെ ചെറു പ്രായത്തിലായിരുന്നു ആയിഷയുടെ വിവാഹം.

''23-ാം വയസില്‍ കല്യാണം കഴിക്കേണ്ടി വരുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. അതാണ് ജീവിതത്തിന്റെ രസം. എന്താണ് നമുക്കായി കാത്തിരിക്കുന്നതെന്ന് അറിയാനാകില്ല. ഫര്‍ഹാന്റെ കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്. വിവാഹത്തിന് മുമ്പ് ഞാന്‍ വരയ്ക്കുകയും വായിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. എന്നാല്‍ അഭിനയത്തിന്റെ തിരക്കു കാരണം അതൊക്കെ മാറ്റി നിര്‍ത്തേണ്ടി വന്നു. ഇപ്പോള്‍ ഞാന്‍ അതിലേക്കെല്ലാം മടങ്ങിയെത്തിയിരിക്കുകയാണ്'' എന്നാണ് വിവാഹ ശേഷം നല്‍കിയൊരു അഭിമുഖത്തില്‍ ആയിഷ പറഞ്ഞത്.
വിവാഹ ശേഷമാണ് ആയിഷ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. പിന്നാലെ ഇരുവരുടേയും മകന്‍ മിക്കായേല്‍ ജനിച്ചു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ആയിഷ. തന്റെ പാളിപ്പോയ പ്ലാസ്റ്റിക് സര്‍ജറികള്‍ ആയിഷയെ ഇപ്പോള്‍ കണ്ടാല്‍ തിരിച്ചറിയാന്‍ പ്രയാസമാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ പ്ലാസ്റ്റിക് സര്‍ജറി ആരോപണങ്ങളെ നിരസിക്കുകയാണ് താരം ചെയ്തത്.


Click it and Unblock the Notifications