ദിവ്യ ഭാരതി മരിച്ചത് എങ്ങനെ? സംശയനിഴലില്‍ ഭര്‍ത്താവും ദാവൂദ് ഇബ്രാഹിമും; ശ്രീദേവിയെ വേട്ടയാടി നടിയുടെ പ്രേതം!
താരങ്ങള്‍ നിറഞ്ഞു നിന്ന ബോളിവുഡിന്റെ ലോകത്ത്, സുന്ദരമായൊരു റോസാപുഷ്പമായിരുന്നു ദിവ്യ ഭാരതി. പതിനാറാം വയസില്‍ അരങ്ങേറി, ഭാവിയില്‍ സൂപ്പര്‍ താരമാകുമെന്ന് എല്ലാവരും വിലയിരുത്തിയ താരം. എന്നാല്‍ ആ കരിയറിനും ജീവിതത്തിനും ബാക്കി വച്ചിരുന്നത് രണ്ട് വര്‍ഷം മാത്രമായിരുന്നു. തന്റെ പതിനെട്ടാം വയസില്‍, ഒട്ടും രംഗബോധമില്ലാതെ കടന്നു വന്ന മരണം ദിവ്യയേയും കൂട്ടി പോവുകയായിരുന്നു. ഇത്ര ചെറിയൊരു കാലഘട്ടം മാത്രം അഭിനയിച്ചിട്ടുള്ളുവെങ്കിലും ദിവ്യ ഭാരതിയെ ബോളിവുഡ് ഒരിക്കലും മറക്കില്ല.
1993 ഏപ്രില്‍ അഞ്ചിന്, മുംബൈയിലെ വെര്‍സോവയിലെ ഫ്‌ളാറ്റിന്റെ അഞ്ചാം നിലയില്‍ നിന്നും വീണായിരുന്നു ദിവ്യ ഭാരതിയുടെ മരണം. പക്ഷെ ഇന്നും ദിവ്യയെ സിനിമാ ലോകം മറന്നിട്ടില്ല. തന്നെ അടയാളപ്പെടുത്തിയ സിനിമകൡലൂടേയും താന്‍ സ്പര്‍ശിച്ചു കടന്നു പോയ ജീവിതങ്ങളിലൂടേയും ദിവ്യ ഭാരതി ഇന്നും ഓര്‍മ്മിക്കപ്പെട്ടു കൊണ്ടിരികുകയാണ്.

1974 ഫെബ്രുവരി 25 നായിരുന്നു ദിവ്യ ഭാരതിയുടെ ജനനം. അച്ഛന്‍ ഓം പ്രകാശ് ഭാരതി ഇന്‍ഷുറന്‍സ് ഓഫീസറായിരുന്നു മീട്ട ഭാരതിയാണ് അമ്മ. തന്റെ പതിനാലാം വയസില്‍ തന്നെ ദിവ്യ ഭാരതിയെ തേടി സിനിമകളെത്തി തുടങ്ങിയിരുന്നു. ഗോവിന്ദയുടെ നായികയായി രാധ കാ സംഗം എന്ന ചിത്രത്തില്‍ ദിവ്യയുമായി കീര്‍ത്തി കുമാര്‍ കരാറില്‍ ഒപ്പിട്ടതിന് പിന്നാലെയാണ് താരത്തെ തേടി തെലുങ്ക് ചിത്രം ബോബിലി രാജ എത്തുന്നത്. വെങ്കിടേഷ് ആയിരുന്നു നായകന്‍. അതായിരുന്നു ദിവ്യയുടെ അരങ്ങേറ്റ സിനിമ. ചിത്രം വലിയ വിജയമായതോടെ ദിവ്യയുടെ താരോദയത്തിന് സിനിമാ ലോകം സാക്ഷ്യം വഹിച്ചു.
1992 ല്‍ വിശ്വത്മാ എന്ന ചിത്രത്തിലൂടെയായിരുന്നു ദിവ്യയുടെ ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തിലെ സാത്ത് സമുന്ദര്‍ പാര്‍ ഇന്നും ആരാധകര്‍ പാടി നടക്കുന്നതാണ്. തുടര്‍ന്ന് ശോല ഓര്‍ ശബ്‌നം, ദില്‍ ക ക്യാ കസൂര്‍, ജാന്‍ സേ പ്യാര, ഗീത് തുടങ്ങിയ സിനിമകളില്‍ ആ വര്‍ഷം ദിവ്യ അഭിനയിച്ചു. അതേ വര്‍ഷം തന്നെയായിരുന്നു ഷാരൂഖ് ഖാന്റെ അരങ്ങേറ്റ ചിത്രമായ ദീവാനായിലും അഭിനയിക്കുന്നത്. റിഷി കപൂറായിരുന്നു ചിത്രത്തിലെ നായകന്‍.
അതേ വര്‍ഷം തന്നെയാണ് ദിവ്യ സാജിദ് നദിയാദ്‌വാലയെ വിവാഹം കഴിക്കുന്നത്. വലിയ ചര്‍ച്ചയായി മാറിയ പ്രണയവും വിവാഹവുമായിരുന്നു അത്. ദിവ്യയുടെ ജീവനെടുത്ത അപകടമുണ്ടാകുന്നതിന്റെ തലേന്ന് താരം ചെന്നൈയില്‍ നിന്നും വന്നതേ ഉണ്ടായിരുന്നുള്ളൂ. സുഹൃത്ത് കൂടിയായ കോസ്റ്റിയും ഡിസൈനര്‍ നീത ലല്ലയ്‌ക്കൊപ്പം അടുത്തായി അഭിനയിക്കാനിരുന്ന ആന്ദോളന്‍ എന്ന സിനിമയിലെ വസ്ത്രാലങ്കരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു സാജിദും ദിവ്യയും.
സംസാരിക്കുന്നതിനിടെ എന്തിനോ വേണ്ടി ദിവ്യ തന്റെ ബാല്‍ക്കണിയിലേക്ക് പോയി. ഗ്രില്ലിന്റെ സംരക്ഷണമുണ്ടായിരുന്നില്ല ആ ബാല്‍ക്കണിയ്ക്ക്. പണി പൂര്‍ത്തിയായി വരുന്നതേയുണ്ടായിരുന്നില്ല. പൊടുന്നനെ ബാലന്‍സ് നഷ്ടമായ ദിവ്യ അഞ്ചാം നിലയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ദിവ്യയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇന്ത്യന്‍ സിനിമാ ലോകത്ത് ഒരു പൂമ്പാറ്റയെ പോലെ പറന്ന് നടന്നിരുന്ന ദിവ്യ ഭാരതി അതോടെ ഓര്‍മ്മയായി.

ദിവ്യയുടെ മരണം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. മാധ്യമങ്ങളും ആരാധകരും തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് കഥകള്‍ മെനഞ്ഞു. ചിലതില്‍ വില്ലന്‍ സാജിദ് ആയിരുന്നു. ദിവ്യയെ കൊന്നതാണെന്നും ദിവ്യ ആത്മഹത്യ ചെയ്തതാണെന്നുമൊക്കെ പലരും പറഞ്ഞു നടന്നു. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം ആണ് ദിവ്യയുടെ മരണത്തിന് പിന്നിലെന്നു വരെ കഥകള്‍ പ്രചരിച്ചിരുന്നു. ദിവ്യയുടെ മദ്യപാന ശീലവും മരണത്തിന് കാരണമായി വിലയിരുത്തപ്പെട്ടു. 1998 ല്‍ ദിവ്യയുടെ മരണം അപകട മരണമായി അന്വേഷണ സംഘം വിലയിരുത്തി.
ദിവ്യയുടെ മരണം പല തരത്തിലുള്ള കഥകള്‍ക്കും കാരണമായി. ദിവ്യയുടെ പ്രേതം ബോളിവുഡിനെ വേട്ടയാടുകയാണെന്നും പ്രചരണമുണ്ടായിരുന്നു. ദിവ്യയുടെ മരണത്തോടെ അവർ അഭിനയിക്കാനിരുന്ന ലാഡ്ലയില്‍ നായികയായത് ശ്രീദേവിയായിരുന്നു. പകുതിയോളം ഷൂട്ട് ചെയ്ത ശേഷമായിരുന്നു ദിവ്യയുടെ മരണം. പകരം എത്തിയ ശ്രീദേവിയെ ആദ്യ ദിവസം ഷൂട്ട് ചെയ്യാന്‍ ദിവ്യയുടെ ആത്മാവ് സമ്മതിച്ചില്ലെന്നും സെറ്റിലെ പ്രശ്നങ്ങളുടെയെല്ലാം കാരണം ദിവ്യയുടെ പ്രേതമാണെന്നും കഥ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് ശ്രീദേവി പൂജ ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്.


Click it and Unblock the Notifications











