കൊച്ചിന്റെ അച്ഛനെ കണ്ടുപിടിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് തട്ടിയെടുത്തു; റിപ്പോര്‍ട്ടറെ തെറിവിളിച്ച് നീന ഗുപ്ത
ബോളിവുഡിലെ മുതിര്‍ന്ന നടിയാണ് നീന ഗുപ്ത. പ്രായം കൊണ്ട് മറ്റുള്ളവരേക്കാളും മുതിര്‍ന്ന ആളാണെങ്കിലും വൈബില്‍ യൂത്തന്മാരെ പോലും നീന ഗുപ്ത പിന്നിലാക്കും. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ക്ലീഷേകള്‍ പൊളിക്കുന്നതിന് പ്രശസ്തയാണ് നീന ഗുപ്ത. നാട്ടുനടപ്പിന് എതിരെയാണ് എന്നും നീന ഗുപ്ത സഞ്ചരിച്ചിട്ടുള്ളത്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് സിനിമാ ലോകത്ത് കയ്യടി നേടിയ നീന ജീവിതത്തിലും തന്റേതായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്.
വിവാഹം കഴിക്കാതെയാണ് നീന ഗുപ്ത മകള്‍ മസാബ ഗുപ്തയ്ക്ക് ജന്മം നല്‍കിയത്. അന്നത്തെ കാലത്ത് ഒരു നായികയ്ക്ക് ചിന്തിക്കാന്‍ പോലും സാധിക്കുന്നതല്ല നീനയുടെ തീരുമാനം. വിവാഹം കഴിക്കാതെ കുഞ്ഞിന് ജന്മം നല്‍കാനും അവളെ ഒറ്റയ്ക്ക് വളര്‍ത്താനുമുള്ള നീനയുടെ തീരുമാനത്തെ അന്ന് പലരും വിമര്‍ശിച്ചു. ആ കാലത്തെ മാത്രമല്ല ഇന്നത്തേയും, സദാചാരോ ബോധത്തിന് നീനയെ ഒട്ടും അംഗീക്കരിക്കാന്‍ സാധിക്കുന്നമായിരുന്നില്ല. എന്നാല്‍ വിമര്‍ശനങ്ങള്‍ നീനയെ തളര്‍ത്തിയില്ല. താനായിരുന്നു ശരിയെന്ന് അവര്‍ കാലത്തിന് കാണിച്ചു കൊടുത്തു.

ഇന്ന് അമ്മയെ പോലെ ആരാധകരുടെ പ്രിയങ്കരിയാണ് മകള്‍ മസാബയും. അമ്മയുടെ പാതയിലൂടെ മസാബയും നടിയായി മാറി. അഭിനയത്തിന് പുറമെ അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനറുമാണ് മസാബ. സമൂഹം മാത്രമായിരുന്നില്ല, അന്ന് മാധ്യമങ്ങളും തന്നെ വേട്ടയാടിയിട്ടുണ്ട് എന്നാണ് നീന ഗുപ്ത പറയുന്നത്. രജ്ദീപ് സര്‍ദേശായിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നീനയുടെ തുറന്നു പറച്ചില്‍.
1989 ലാണ് മസാബ മകള്‍ക്ക് ജന്മം നല്‍കുന്നത്. ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സാണ് മസാബയുടെ അച്ഛന്‍. ഇരുവരും ഏറെനാളുകളായി പ്രണയത്തിലായിരുന്നു. എന്നാല്‍ വിവിയന്‍ നേരത്തെ തന്നെ വിവാഹിതനായിരുന്നു. അതിനാല്‍ ഇരുവരും വിവാഹം കഴിച്ചില്ല. മകളെ താന്‍ ഒറ്റയ്ക്ക് വളര്‍ത്തും എന്ന് നീന തീരുമാനിച്ചു. ഗര്‍ഭിണിയായിരുന്ന കാലത്ത് തന്റെ കുഞ്ഞിന്റെ അച്ഛനെക്കുറിച്ച് സംസാരിക്കാന്‍ നീന തയ്യാറായില്ല. ഇതോടെ ഒരു മാധ്യമ പ്രവര്‍ത്തകന്റെ തന്റെ മകളുടെ ജന്മ സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കാന്‍ ശ്രമിച്ചു എന്നാണ് നീനയുടെ വെളിപ്പെടുത്തല്‍.
കുട്ടിയുടെ അച്ഛന്‍ ആരെന്ന് അറിയാന്‍ വേണ്ടിയാണ് മാധ്യമപ്രവര്‍ത്തകന്‍ ജനന സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കാന്‍ ശ്രമിച്ചത്. പ്രീതിഷ് നന്തി എന്ന മാധ്യമ പ്രവര്‍ത്തകനാണ് ഇത്തരത്തിലൊരു നീക്കം നടത്തിയത്. നീനയുടെ ആന്റി കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ ഓഫീസില്‍ സമര്‍പ്പിച്ചിരുന്നു. അത് തിരികെ വാങ്ങാനായി ചെന്നപ്പോഴാണ് മറ്റാരോ വന്ന് സര്‍ട്ടിഫിക്കറ്റ് കൊണ്ടു പോയെന്ന് അറിയുന്നത്.

''ഒരാഴ്ച കഴിഞ്ഞ് ചെന്നപ്പോള്‍ അവര്‍ പറഞ്ഞത് അത് നിങ്ങളുടെ ബന്ധു കൊണ്ടു പോയല്ലോ എന്നാണ്. ഭാഗ്യത്തിന് അയാളെ അറിയുന്ന ഒരാളെ എനിക്ക് അറിയാമായിരുന്നു. അയാള്‍ ആ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ആര്‍ട്ടിക്കിള്‍ എഴുതി. പഠിപ്പും വിവരവുമുള്ളവര്‍ ഇങ്ങനെ ചെയ്താല്‍ നമ്മള്‍ എന്ത് പറയാനാണ്'' എന്നാണ് നീന പറയുന്നത്. തട്ടിപ്പ് കാണിച്ച മാധ്യമ പ്രവര്‍ത്തകനെ അഭിമുഖത്തില്‍ നീന അസഭ്യം പറയുന്നുണ്ട്. ഈ വീഡിയോ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി മാറുകയാണ്.
തന്നെ ജാരസന്തതി എന്ന് വിളിക്കുന്നവരെ മസാബ ചോദ്യം ചെയ്യുന്നതും വീഡിയോയിലുണ്ട്. സ്വന്തം ഭര്‍ത്താവിന്റെ അവിഹിതം അംഗീകരിച്ച് കൂടെ കഴിയുന്നവരാണ് തന്നെ കളിയാക്കുന്നത് എന്നാണ് മസാബയുടെ പ്രതികരണം. അതേസമയം മകളെ അച്ഛനില്‍ നിന്നും അകറ്റി നിര്‍ത്തിയിട്ടില്ല നീന ഗുപ്ത. മസാബ അച്ഛനെ കാണാന്‍ അദ്ദേഹത്തിന്റെ നാട്ടില്‍ പോകാറുണ്ട്. മകളുടെ വിവാഹത്തിന് വിവിയനും നീനയും ഒരുമിച്ച് എത്തിയിരുന്നു.


Click it and Unblock the Notifications











