1.2 സെക്കന്റില്‍ രക്ഷപ്പെട്ടു, ഇല്ലെങ്കില്‍ ആമിർ ട്രെയിന് അടിയില്‍ പെട്ട് ചതഞ്ഞ് മരിച്ചേനെ!
ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റാണ് ആമിര്‍ ഖാന്‍. താന്‍ അഭിനയിക്കുന്ന സിനിമയും രംഗവും നന്നാക്കാന്‍ ഏതറ്റം വരേയും ആമിര്‍ ഖാന്‍ പോകും. താന്‍ അഭിനയിക്കുന്ന രംഗങ്ങളില്‍ സ്വാഭാവികത കൊണ്ടു വരാന്‍ എന്ത് വലിയ റിസ്‌ക് ഏറ്റെടുക്കാനും ആമിര്‍ ഖാന്‍ തയ്യാറാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് മിനിമം ഗ്യാരണ്ടി എല്ലാക്കാലത്തും ഉണ്ട് താനും. ആമിര്‍ ഖാന്റെ സിനിമയോടുളള പാഷനും ആത്മസര്‍പ്പണവുമൊക്കെ ബോധ്യപ്പെടുത്തുന്ന ഒരു സംഭവമുണ്ട്.
ആമിര്‍ ഖാന്‍ നായകനായ 1998 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഗുലാം. വന്‍ വിജയമായിരുന്നു ഗുലാം. ചിത്രത്തിലെ ആത്തി ക്യാ ഖണ്ഡാല എന്ന പാട്ട് സിനിമയിറങ്ങും മുമ്പ് തന്നെ സൂപ്പര്‍ ഹിറ്റായി മാറി. ഇന്നും കള്‍ട്ട് ഫാന്‍സുള്ള ചിത്രവും പോപ്പ് കള്‍ച്ചറില്‍ ഇടമുള്ള പാട്ടുമാണ് ഗുലാമും ആത്തി ക്യാ ഖണ്ഡാലയും. ചിത്രത്തിലെ ആമിര്‍ ഖാന്റെ ആക്ഷന്‍ രംഗങ്ങളും ഏറെ ചര്‍ച്ചയായി മാറിയിരുന്നു.

ചീറിപ്പായുന്ന ട്രെയിനിന്റെ മുന്നില്‍ നിന്നും ചാടി രക്ഷപ്പെടുന്ന ആമിറിന്റെ രംഗം ഏറെ ചര്‍ച്ചയായി മാറിയ ഒന്നാണ്. ദീപക് തിജോരി അവതരിപ്പിച്ച ചാര്‍ലി എന്ന കഥാപാത്രത്തെ ബെറ്റില്‍ തോല്‍പ്പിക്കാനായി ഓടുന്ന ട്രെയിനിന്റെ മുന്നില്‍ നിന്നും അവസാന സെക്കന്റ് ചാടുന്ന ആമിര്‍ അവതരിപ്പിച്ച സിദ്ധു എന്ന കഥാപാത്രത്തിന്റെ രംഗമാണ് ഐക്കോണിക്കായി മാറിയത്. പ്രേക്ഷകര്‍ ശ്വാസം മുറുകെ പിടിച്ചാണ് അന്ന് ഈ രംഗം കണ്ടത്.
ഇന്നത്തേത് പോലെ സാങ്കേതിക വിദ്യകളോ വിഎഫ്എക്‌സോ ഇല്ലാതിരുന്ന കാലത്താണ് ആമിര്‍ ആ രംഗം ചിത്രീകരിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ രംഗത്തെക്കുറിച്ച് ആമിര്‍ നടത്തിയ തുറന്ന് പറച്ചില്‍ ആരാധകരെ അമ്പരപ്പിക്കുകയാണ്. താന്‍ തന്നെയാണ് ആ രംഗം അഭിനയിച്ചതെന്നും ട്രെയിന്‍ ഇടിക്കുന്നതില്‍ നിന്നും താന്‍ രക്ഷപ്പെട്ടത് അവസാന നിമിഷമാണെന്നുമാണ് ആമിര്‍ പറയുന്നത്. പൂജാ ബേദിയുടെ ജസ്റ്റ് പൂജയില്‍ അതിഥിയായി എത്തിയപ്പോഴാണ് ആമിര്‍ വെളിപ്പെടുത്തല്‍ നടത്തിയത്.
''രണ്ട് ഷോട്ടുകള്‍ സ്‌പെഷ്യല്‍ എഫക്ടുപയോഗിച്ച് സൃഷ്ടിച്ചതാണ്. പക്ഷെ എന്റെ ഫ്രണ്ട് ആംഗിള്‍ ട്രെയിനിനൊപ്പം തന്നെ ചിത്രീകരിച്ചതാണ്. അന്ന് അത് മനസിലായില്ല. പക്ഷെ പിന്നീട് എഡിറ്റിംഗ് റൂമില്‍ വച്ച് കണ്ടപ്പോഴാണ് എനിക്ക് പേടിയായത്. എഡിറ്റിംഗ് ടേബിളില്‍ സമയം നോക്കിയപ്പോള്‍ ഞാന്‍ ട്രെയിന്‍ ഇടിക്കാതെ രക്ഷപ്പെട്ടത് 1.2 സെക്കന്റിലാണ്'' എന്നാണ് ആമിര്‍ പറഞ്ഞത്. ആ രംഗം മൂന്ന് ടേക്കിലാണ് ആമിര്‍ ഖാന്‍ തീര്‍ത്തത് എന്നതും ശ്രദ്ധേയമാണ്.
ചിത്രത്തിന്റെ നിര്‍മ്മാതാവായ മുകേഷ് ഭട്ടും ആമിറിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ''എനിക്ക് വല്ലാതെ പേടിയായി. അവന്‍ ഒരു സെക്കന്റ് വൈകിയാല്‍ ട്രെയിന്‍ അവനെ ചതച്ചരയ്ക്കുമായിരുന്നു. അവന്‍ വളരെയധികം ആത്മാര്‍ത്ഥതയുള്ള നടനാണ്. അതുകൊണ്ട് തന്നെ ആവശ്യത്തിലും അധികം അധ്വാനിക്കും. ഷൂട്ടിനിടെ ആമിര്‍ വല്ലാതെ അതില്‍ ഇന്‍വോള്‍ഡ് ആയിപ്പോയി. അവന് തന്റെ ജീവിതമാണ് പണയം വച്ചിരിക്കുന്നതെന്ന് പോലും തിരിച്ചറിയാതായി. ദൈവകൃപയാല്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ ഇന്ന് ആമിര്‍ മരിച്ചിട്ടുണ്ടാകും'' എന്നാണ് അദ്ദേഹം പറഞ്ഞത്.

റാണി മുഖര്‍ജിയായിരുന്നു ഗുലാമിലെ നായിക. ശരത് സക്‌സേനയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തി. വിക്രം ഭട്ട് ആയിരുന്നു സിനിമയുടെ സംവിധാനം. ചിത്രം തീയേറ്ററില്‍ മികച്ച വിജയം കൊയ്തതിനൊപ്പം ബോളിവുഡിലെ ഐക്കോണിക് സിനിമകളിലൊന്നായി മാറുകയും ചെയ്തു.
അതേസമയം കരിയറില്‍ തിരിച്ചടികളിലൂടെയാണ് ആമിര്‍ ഖാന്‍ ഇപ്പോള്‍ കടന്നു പോകുന്നത്. ഒടുവില്‍ പുറത്തിറങ്ങിയ ലാല്‍ സിംഗ് ഛദ്ദ പ്രതീക്ഷിച്ച വിജയം നേടാതെ പോയി. ഇതോടെ അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആമിര്‍ ഖാന്‍. ഈയ്യടുത്താണ് ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും വിവാഹ മോചിതരാകുന്നത്. ആമിറിന്റെ മകള്‍ ഐറ ഖാന്റെ വിവാഹം കഴിഞ്ഞതും ഈയ്യടുത്തായിരുന്നു. താരത്തിന്റെ ബോക്‌സ് ഓഫീസിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











