വിഡ്ഢീ, നീ ചെയ്യുന്നത് ആത്മഹത്യ! എല്ലാവരും നോക്കി നില്‍ക്കെ ഞാന്‍ പൊട്ടിക്കരഞ്ഞു: ആമിര്‍ ഖാന്‍
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍. ബാലതാരമായി എത്തി ബോളിവുഡിലെ സൂപ്പര്‍ താരമായി വളര്‍ന്ന നടന്‍. ഒരോ സിനിമ ചെയ്യുമ്പോഴും എന്തെങ്കിലുംവ വ്യത്യസ്ത വേണമെന്നും തിരക്കഥ നന്നായിരിക്കണമെന്നും നിര്‍ബന്ധമുള്ള താരമാണ് ആമിര്‍ ഖാന്‍. അതുകൊണ്ട് തന്നെ ആമിറിന്റെ സിനിമകള്‍ എന്നും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. പക്ഷെ എത്രയൊക്കെ ശ്രദ്ധിച്ചാലും സിനിമകള്‍ പരാജയപ്പെടാറുമുണ്ട്. എല്ലാ സിനിമകളും ഒരേ പോലെ വിജയമാവില്ല എന്നത് വസ്തുതയാണ്. മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്ന് ആരാധകര്‍ വിളിക്കുന്ന ആമിറിന്റെ കരിയറിലും പരാജയങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്.
തന്റെ സിനിമകളുടെ പരാജയം നടനെന്ന നിലയില്‍ ആമിറിനെ സാരമായി ബാധിക്കാറുമുണ്ട്. 1996ല്‍ ആമിറിന്റെ കരിയറിനെ തന്നെ മാറ്റി മറിച്ച വിജയമായിരുന്നു രാജ ഹിന്ദുസ്ഥാനി. ഈ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി തന്റെ സിനിമകള്‍ പരാജയപ്പെടുകയാണെങ്കില്‍ താന്‍ എങ്ങനെയാകും നേരിടുക എന്ന് ആമിര്‍ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

തന്റെ സിനിമ പരാജയപ്പെട്ടാല്‍ തനിക്ക് വലിയ സങ്കടം വരുമെന്നും താന്‍ പൊട്ടിക്കരയുമെന്നുമാണ് ആമിര്‍ ഖാന്‍ പറയന്നത്. ''ഞാന്‍ കരയും. എന്റെ സിനിമ പരാജയപ്പെട്ടാല്‍ ഞാന്‍ പൊട്ടിക്കരയും. വിജയിച്ചാലും ഞാന്‍ കരയും. അത് പക്ഷെ സന്തോഷത്തിന്റെ കരച്ചിലാണെന്ന് മാത്രം'' എന്നായിരുന്നു ആമിര്‍ ഖാന്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഒരിക്കല്‍ താന്‍ സെറ്റില്‍ വച്ച് കരഞ്ഞതിനെക്കുറിച്ചും ആമിര്‍ പറയുന്നുണ്ട്. താന്‍ വളരെ എളുപ്പത്തില്‍ കരയുന്ന വ്യക്തിയാണെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്.

''ഒരിക്കല്‍ ഞാന്‍ സെറ്റില്‍ വച്ച് കരഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ദില്‍ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു അപ്പോള്‍. ഒരു നൃത്ത രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. എനിക്ക് എത്ര ശ്രമിച്ചിട്ടും ആ സ്‌റ്റെപ്പ് ശരിയാകുന്നുണ്ടായിരുന്ന്ില്ല. ഞാനാകെ തകര്‍ന്നു പോയി. നാണക്കേട് തോന്നി. അപ്പോല്‍ സരോജ് ഖാന്‍ വരികയും എനിക്ക് ആ സ്‌റ്റെപ്പ് വീണ്ടും പറഞ്ഞ് തരികയും ചെയ്തു. അതോടെ ശരിയായി. സന്തോഷം കൊണ്ട് ഞാന്‍ എല്ലാവരുടേയും മുന്നില്‍ വച്ച് പൊട്ടിക്കരഞ്ഞു. എനിക്ക് എന്റെ കരച്ചില്‍ നിയന്ത്രിക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല'' എന്നായിരുന്നു ആ കരച്ചിലിനെക്കുറിച്ച് ആമിര്‍ ഖാന്‍ പറഞ്ഞത്.

തന്റെ സിനിമകളുടെ പരാജയം തന്നിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും ആമിര്‍ ഖാന്‍ അതേ അഭിമുഖത്തില്‍ മനസ് തുറക്കുന്നുണ്ട്. ''എനിക്ക് ദേഷ്യം വരും. പക്ഷെ അത് കാരണം ഞാന്‍ മാറില്ല. തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നത് നിര്‍ത്തിയ ആദ്യത്തെ നടന്‍ ഞാനാണ്. 1988 ലെ ഒരു അഭിമുഖത്തിലാണ് ഞാന്‍ ഇനി മുതല്‍ ഒരു സിനിമ കഴിയാതെ മറ്റൊരു സിനിമ ചെയ്യില്ലെന്ന് പ്രഖ്യാപിക്കുന്നത്. പലരും എന്നെ മണ്ടനെന്ന് വിളിച്ചു. പക്ഷെ എന്റെ തീരുമാനത്തില്‍ ഞാന്‍ ഉറച്ചു നിന്നു'' ആമിര്‍ ഖാന്‍ പറയുന്നു.

''ഞാന്‍ സിനിമകള്‍ കുറച്ചു. പലരും കരുതിയത് ഞാന്‍ വിഡ്ഢിയാണെന്നായിരുന്നു. ഞാന്‍ ചെയ്യുന്നത് ആത്മഹത്യയാണെന്ന് പറഞ്ഞു. പക്ഷെ എന്റെ വിശ്വാസത്തില്‍ ഞാന്‍ ഉറച്ചു നിന്നു. ആരെങ്കിലും ഒരാള്‍ ഒരു നിലപാട് എടുക്കണ്ടേ. എന്റെ നിലപാട് മാറ്റം കൊണ്ടു വന്നു. ഇന്ന് ഒരേ സമയം കുറച്ച് സിനിമകള്‍ മാത്രം ചെയ്യുന്ന ഒരുപാട് പേരുണ്ട്. അതിന്റെ ഗുണം അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്'' എന്നായിരുന്നു ആമിര്‍ ഖാന്‍ പറഞ്ഞത്. തന്റെ സിനിമകളുടെ റിലീസ് അടുക്കുന്തോറും തന്റെ ടെന്‍ഷനും കൂടുമെന്നും അത് കാരണം തനിക്ക് ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ പറ്റാറില്ലെന്നും ആമിര്‍ ഖാന്‍ പറയുന്നു.
Recommended Video

അതേസമയം ആമിര്‍ ഖാന്റെ പുതിയ സിനിമയായ ലാല്‍ സിംഗ് ഛദ്ദയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. 2022 എപ്രില്‍ 22 നാണ് സിനിമയുടെ റിലീസ്. ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ഈ ചിത്രം. കരീന കപൂറാണ് ചിത്രത്തിലെ നായിക. ബോളിവുഡിലെ ഖാന്‍ ത്രയം ആദ്യമായി ഒരുമിക്കുന്ന ചിത്രവുമായി മാറും ലാല്‍ സിംഗ് ഛദ്ദ. ചിത്രത്തില്‍ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും അതിഥി വേഷങ്ങളിലെത്തുന്നുണ്ട്. തെന്നിന്ത്യന്‍ താരം നാഗ ചൈതന്യയും ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറുകയാണ്.


Click it and Unblock the Notifications