കാമുകി ഇട്ടിട്ട് പോയപ്പോള്‍ മൊട്ടയടിച്ചു, എല്ലാവരും കരുതിയത് സിനിമയ്ക്ക് വേണ്ടിയെന്ന്; വെളിപ്പെടുത്തി ആമിര്‍
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍. തന്റെ കഥാപാത്രത്തിന്റേയും അഭിനയിക്കുന്ന രംഗത്തിന്റേയും പൂര്‍ണ്ണതയ്ക്കായി എന്തു ചെയ്യാനും അദ്ദേഹം ഒരുക്കമാണ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ ആരാധകര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്ന് വിളിക്കുന്നത്. ഒരിക്കല്‍ ഒരു സിനിമയ്ക്കായി അദ്ദേഹം മൊട്ടയടിച്ചിരുന്നു. ഗജിനിയ്ക്ക് മുമ്പായിരുന്നു അത്. തന്റെ കരിയറിന്റെ തുടക്കകാലത്ത്. ആമിറിനെ അറിയാവുന്നവര്‍ എല്ലാം കരുതിയത് താരം മൊട്ടയടിച്ചത് സിനിമയ്ക്ക് വേണ്ടിയാണെന്നായിരുന്നു. എന്നാല്‍ വസ്തുത മറ്റൊന്നായിരുന്നു.
തന്റെ പ്രണയത്തിന് വേണ്ടിയായിരുന്നു ആമിര്‍ ഖാന്‍ അന്ന് മൊട്ടയടിച്ചത്. ഒരിക്കല്‍ സിമി ഗേര്‍വാളിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ മൊട്ടയടിച്ചതിനെക്കുറിച്ച് ആമിര്‍ ഖാന്‍ തുറന്ന് പറഞ്ഞിരുന്നു. 1984 ല്‍ പുറത്തിറങ്ങിയ ഹോളി എന്ന സിനിമയിലായിരുന്നു താരം മൊട്ടയടിച്ചെത്തിയത്. എന്നാല്‍ സിനിമയ്ക്ക് വേണ്ടിയല്ല, പ്രണയ തകര്‍ച്ച കാരണമാണ് താന്‍ മൊട്ടയടിച്ചതെന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്.

''പലരും കരുതുന്നത് ഞാന്‍ ആ സിനിമയ്ക്ക് വേണ്ടിയാണ് മൊട്ടയടിച്ചത് എന്നാണ്. പക്ഷെ ഞാന്‍ മൊട്ടയടിച്ചതിന്റെ കാരണം വേറെയായിരുന്നു. പ്രണയിച്ചിരുന്നൊരു പെണ്‍കുട്ടിയെ എനിക്ക് നഷ്്ടമായി. ഒരു ദിവസം അവള്‍ വന്ന് നിന്നെ ഞാനിപ്പോള്‍ പ്രണയിക്കുന്നില്ലെന്ന് പറഞ്ഞു. സങ്കടത്തില്‍ ഞാന്‍ നേരെ പോയി മൊട്ടയടിച്ചു. തീര്‍ത്തും ബാലിശമായിരുന്നു ഞാന്‍ ചെയ്ത കാര്യം. പക്ഷെ ഞാനതാണ് ചെയ്തത്. സിനിമയ്ക്കായി കേതനെ കണ്ടപ്പോള്‍ നിന്റെ മുടി എവിടെ എന്ന് അദ്ദേഹം ചോദിച്ചു. ആ പെണ്ണിന്റെ കൂടെ മുടിയും പോയെന്ന് ഞാന്‍ പറഞ്ഞു'' ആമിര്‍ ഖാന്‍ പറയുന്നു.
''ഞങ്ങള്‍ കുറച്ച് കാലം പ്രണയത്തിലായിരുന്നു. പക്ഷെ അവള്‍ എന്നെ ഉപേക്ഷിച്ചു പോയി. അവള്‍ക്ക് എന്നോട് പ്രണയമില്ലെന്ന് തോന്നിക്കാണും. ആ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഇന്നും ഞാന്‍ അവളുടെ ആ തീരുമാനത്തെ ബഹുമാനിക്കുന്നു'' എന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. തന്റെ ആദ്യ ഭാര്യയായ റീന ദത്തയുമായി പ്രണയത്തിലാകും മുമ്പ് തന്റെ ജീവിതത്തില്‍ നാല് പ്രണയങ്ങളുണ്ടായിട്ടുണ്ടെന്നാണ് അഭിമുഖത്തില്‍ ആമിര്‍ ഖാന്‍ പറയുന്നത്.

റീനയുമായി പ്രണയത്തിലായിരുന്ന സമയത്ത് താന്‍ ചോര കൊണ്ട് കത്തെഴുതിയതിനെക്കുറിച്ചും ആമിര്‍ ഖാന്‍ ഷോയില്‍ സംസാരിക്കുന്നുണ്ട്. ''പക്ഷെ അവള്‍ എന്നെ മര്യാദ പഠിപ്പിച്ചു. അവള്‍ക്കത് തീരെ പിടിച്ചില്ല. അവള്‍ക്ക് എന്നോട് വല്ലാത്ത ദേഷ്യമായിരുന്നു''എന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്. തന്റെ പ്രണയം പ്രകടിപ്പിക്കാന്‍ താന്‍ തിരഞ്ഞെടുത്ത അപക്വമായ മാര്‍ഗ്ഗമായിരുന്നു ചോര കൊണ്ട് കത്തെഴുതുക എന്നത് എന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്.
1986 ലായിരുന്നു ആമിര്‍ ഖാനും റീന ദത്തയും വിവാഹിതരാകുന്നത്. വിവാഹം കഴിക്കുമ്പോള്‍ ആമിര്‍ ഖാന് 21 ഉം റീനയ്ക്ക് 19 ഉം ആയിരുന്നു പ്രായം. ഇരുവരും ഒളിച്ചോടിയാണ് വിവാഹം കഴിച്ചത്. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്. ജുനൈദ് ഖാനും ഇറ ഖാനും. പക്ഷെ 2002 ല്‍ ആമിറും റീനയും വിവാഹമോചിതരായി. പിന്നീടാണ് ആമിര്‍ ഖാന്‍ കിരണ്‍ റാവുവുമായി പ്രണയത്തിലാകുന്നത്. 2005 ല്‍ ഇരുവരും വിവാഹിതരുമായി. പക്ഷെ 2021 ല്‍ ആമിറും കിരണും പിരിഞ്ഞു. വിവാഹ ബന്ധങ്ങള്‍ പിരിഞ്ഞുവെങ്കിലും തന്റെ രണ്ട് മുന്‍ ഭാര്യമാരുമായും ആമിര്‍ ഖാന് വളരെ അടുത്ത സൗഹൃദമുണ്ട് ഇപ്പോഴും.


Click it and Unblock the Notifications