'ഞാന്‍ അത്ര നാണമില്ലാത്തവനല്ല'; ബച്ചന്‍ കുടുംബം അവഹേളിച്ചെന്ന് ശത്രുഘ്‌നന്‍; ആഷ്-അഭി വിവാഹത്തില്‍ സംഭവിച്ചത്
ബോളിവുഡ് കണ്ട ഏറ്റവും വലിയ താരവിവാഹങ്ങളില്‍ ഒന്നായിരുന്നു ഐശ്വര്യ റായ്-അഭിഷേക് ബച്ചന്‍ വിവാഹം. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ നായികയും ബോളിവുഡ് താരവും അമിതാഭ് ബച്ചന്റേയും ജയ ബച്ചന്റേയും മകനുമായ അഭിഷേകുമായുള്ള വിവാഹം വലിയ വാര്‍ത്തയായി മാറിയില്ലെങ്കിലാണ് അത്ഭുതം. വെഡ്ഡിംഗ് ഓഫ് ദ ഡെക്കേഡ് എന്നായിരുന്നു മാധ്യമങ്ങള്‍ താരവിവാഹത്തെ വിശേഷിപ്പിച്ചത്. ഐശ്വര്യയും അഭിഷേകും വിവാഹിതരാകുന്നത് കാണാനായി ആരാധകര്‍ ടിവി സ്‌ക്രീനിന് മുന്നില്‍ കാത്തു നിന്നു. 2007 ലായിരുന്നു ആ വിവാഹം.
ആരാധകരും സിനിമാലോകവും ആവേശത്തോടെ കാത്തിരുന്ന വിവാഹമായിരുന്നു ഐശ്വര്യയുടേയും അഭിഷേകിന്റേയും. എന്നാല്‍ തങ്ങളുടെ വിവാഹം വളരെ സ്വകാര്യമായൊരു ചടങ്ങായി നടത്താനാണ് താരങ്ങള്‍ തീരുമാനിച്ചത്. ബച്ചന്‍ കുടുംബത്തിലേയും ഐശ്വര്യയുടെ കുടുംബത്തിലേയും അംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണിക്കപ്പെട്ടത്.

ബോളിവുഡിലെ മുന്‍താരങ്ങളേയും അടുത്ത സുഹൃത്തുക്കളെ പോലും ബച്ചന്‍സും റായ് കുടുംബവും ക്ഷണിച്ചിരുന്നില്ല. അതേസമയം ക്ഷണിക്കപ്പെട്ടാത്തവര്‍ക്കായി ബച്ചന്‍ കുടുംബം കല്യാണക്കത്തും മധുര പലഹാരങ്ങളും അയച്ചു നല്‍കിയിരുന്നു. എല്ലാവരും ബച്ചന്‍ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കുകയും മധുരം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഒരാള്‍ മാത്രം ആ സമ്മാനം തിരിച്ചയച്ചു. മുതിര്‍ന്ന നടനും, അമിതാഭ് ബച്ചന്റെ അടുത്ത സുഹൃത്തുമായ ശത്രുഘ്‌നന്‍ സിന്‍ഹയാണ് കത്തും മധുരപലഹാരങ്ങളും തിരിച്ചയച്ചത്.
''വിളിക്കാതിരുന്നിട്ട് പിന്നെ മധുരം അയക്കുന്നത് എന്തിനാണ്? എന്നെ രണ്ടാം തരക്കാരന്‍ ആക്കാനോ അപമാനിക്കാനോ ഞാന്‍ അനുവദിക്കില്ല. മധുരം അയക്കും മുമ്പ് അമിതാഭോ കുടുംബത്തിലെ മറ്റാരെങ്കിലുമോ വിളിക്കുമെന്നാണ് കരുതിയത്. അത് ചെയ്യാതെ എന്തിനാണ് മധുരം അയക്കുന്നത്?'' എന്നായിരുന്നു തന്റെ വിമര്‍ശനം അറിയിച്ചു കൊണ്ട് ശത്രുഘ്‌നന്‍ പറഞ്ഞത്. പിന്നീട് കോഫി വിത്ത് കരണില്‍ എത്തിയപ്പോള്‍ തങ്ങളുടെ വിവാഹം സ്വകാര്യ ചടങ്ങാക്കിയതിനെക്കുറിച്ച് അഭിഷേക് ബച്ചന്‍ സംസാരിക്കുകയുണ്ടായി.
''എന്തുകൊണ്ടാണ് ഞങ്ങളുടെ കുടുംബം വിവാഹം സ്വകാര്യമായ ചടങ്ങായി നടത്തിയതെന്നത് ആളുകള്‍ മറക്കുന്നു. മുത്തശ്ശി സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുകയായിരുന്നു. അതിനാല്‍ ആഘോഷം നടത്താന്‍ തോന്നുന്നില്ലെന്ന് അച്ഛന്‍ പറഞ്ഞു'' അഭിഷേക് പറയുന്നു. ശത്രുഘ്‌നന്‍ സിന്‍ഹയ്ക്കും അഭിഷേക് ബച്ചന്‍ മറുപടി നല്‍കുന്നുണ്ട്.

''ക്ഷണിക്കാന്‍ എനിക്ക് ആഗ്രഹമില്ലാത്തത് കൊണ്ടല്ല. എന്റെ കുടുംബത്തിനും അവളുടെ കുടുംബത്തിനും എല്ലാവരേയും ക്ഷണിക്കണം എന്ന് ആഗ്രഹം ഇല്ലാത്തതു കൊണ്ടല്ല. പക്ഷെ ഞങ്ങളുടെ മാതാപിതാക്കള്‍ എല്ലാവരുടേയും അനുഗ്രഹം തേടിയാണ് കത്ത് അയച്ചത്. എല്ലാവരും അതില്‍ ഓക്കെയായിരുന്നു. ഒരേയൊരാള്‍ ഒഴികെ. അദ്ദേഹമത് തിരിച്ചയച്ചു. അത് ശത്രുഘ്‌നന്‍ അങ്കിളാണ്. അദ്ദേഹം കാര്‍ഡ് തിരിച്ചയച്ചു. അത് ഞങ്ങള്‍ അംഗീകരിക്കുന്നു. എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല'' എന്നാണ് അഭിഷേക് ബച്ചന്‍ പ്രതികരിച്ചത്.
അമിതാഭ് ബച്ചനും ശത്രുഘ്‌നനും ഒരുകാലത്ത് വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് ഇരുവരുടേയും സൗഹൃദത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു. എന്തായാലും ഇന്ന് എല്ലാം മറന്ന് വീണ്ടും സുഹൃത്തുക്കളായി മാറിയിരിക്കുകയാണ് ബച്ചന്‍ സീനിയറും ശത്രുഘ്‌നനും. അച്ഛന്മാരുടെ പാതയിലൂടെ ബച്ചന്റെ മകന്‍ അഭിഷേകും ശത്രുവിന്റെ മകള്‍ സൊനാക്ഷി സിന്‍ഹയും സിനിമയിലെത്തുകയും ചെയ്തു.


Click it and Unblock the Notifications