30 ലക്ഷം ഇന്നും തരാനുണ്ട്, ആ മെസേജുകള്‍ ഒട്ടും നിഷ്‌കളങ്കമല്ല; കങ്കണയ്‌ക്കെതിരെ മുന്‍ കാമുകന്‍
ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണാവത്. ഒന്നല്ലെങ്കില്‍ മറ്റൊരു വിവാദത്തിലൂടെ എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട് കങ്കണ. സിനിമ മേഖലയിലെ വിഷയങ്ങളില്‍ മാത്രമല്ല രാഷ്ട്രീയത്തിലടക്കം അഭിപ്രായം പറയുന്ന താരമാണ് കങ്കണ. താരത്തിന്റെ പല പ്രസ്താവനകളും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ടിനെതിരെ വരെ നടപടിയെടുക്കേണ്ടി വന്നിട്ടുണ്ട്.
ഒരിക്കല്‍ കങ്കണയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാന്‍ കാരണമായതായിരുന്നു നടന്‍ ആദിത്യ പഞ്ചോലിയുമായുള്ള പ്രണയം. ആദിത്യ തന്നെ മര്‍ദ്ദിക്കുകയും ലഹരിക്ക് അടിമയാക്കുകയും വീട്ടില്‍ പൂട്ടിയിടുകയും ചെയ്തുവെന്ന് കങ്കണ ആരോപിച്ചിരുന്നു. തന്റെ കരിയറിന്റെ തുടക്കകാലത്തായിരുന്നു ആദിത്യയില്‍ നിന്നും തനിക്ക് കടുത്ത പീഡനങ്ങള്‍ സഹിക്കേണ്ടി വന്നതെന്നാണ് കങ്കണ ഒരിക്കല്‍ വെളിപ്പെടുത്തിയത്. ബോളിവുഡിനെ ഇളക്കി മറച്ചതായിരുന്നു ഈ തുറന്നു പറച്ചിലുകള്‍. എന്നാല്‍ പിന്നീട് മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ കങ്കണയ്ക്ക് മറുപടിയുമായി ആദിത്യ രംഗത്ത് എത്തുകയായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

അഭിമുഖത്തിലൂടെ തന്റെ ഭാഗം പറയുകയായിരുന്നു ആദിത്യ. താന്‍ കങ്കണയെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്നും ആ പണം പോലും കങ്കണ തനിക്ക് തിരികെ തന്നിട്ടില്ലെന്നും ആദിത്യ ആരോപിച്ചിരുന്നു. ''ഒരിക്കല്‍ അവള്‍ എന്നെ വിളിച്ച് പണം വേണമെന്ന് പറഞ്ഞു. ഒരു വീട് വാങ്ങാന്‍ ഒരു കോടി വേണമെന്നായിരുന്നു പറഞ്ഞത്. എനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയ ശേഷമായിരുന്നു ഇത്. ഞാന്‍ ഒരു സുഹൃത്തിനെ വിളിച്ച് ഗ്യാരണ്ടി നിന്ന് അവള്‍ക്ക് അമ്പത് ലക്ഷത്തിന്റെ ലോണ്‍ ശരിയാക്കി കൊടുത്തു. പിന്നെ ഞാന്‍ തന്നെ അവള്‍ക്ക് 55 ലക്ഷം രൂപയും നല്‍കി. ഇതില്‍ 25 ലക്ഷം മാത്രമാണ് തിരികെ തന്നത്. ഇപ്പോഴും 30 ലക്ഷം തിരിച്ച് തരാനുണ്ട്'' എന്നായിരുന്നു ആദിത്യയുടെ മറുപടി.

''ഞങ്ങള്‍ ഭാര്യയേയും ഭര്‍ത്താവിനേയും പോലെയായിരുന്നു. ഞാന്‍ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും വേണ്ടി ഒരു വീട് നിര്‍മ്മിക്കുകയായിരുന്നു. മൂന്ന് വര്‍ഷം ഒരു സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചത്. ഞാന്‍ കാണുമ്പോള്‍ കങ്കണയുടെ പക്കല്‍ ഒരു രൂപ പോലുമുണ്ടായിരുന്നില്ല. ഞാന്‍ ആദ്യം അവളെ കാണുന്നത് റോഡില്‍ വച്ചാണ്. കരച്ചിലിന്റെ വക്കത്തായിരുന്നു അവള്‍. 2004 ജൂണ്‍ 27 നായിരുന്നു അത്. ആക്ടിംഗ് സ്‌കൂളിലെ ഒരു പയ്യന്റെ കൂടെ ബൈക്കില്‍ ഇരിക്കുകയായിരുന്നു. മഴ പെയ്യുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അവള്‍ വന്ന് ഹായ് പറഞ്ഞു. കങ്കണ എന്നാണ് പേരെന്ന് പറഞ്ഞപ്പോഴാണ് എനിക്ക് ഓര്‍മ്മ വന്നത്. ഒരു സുഹൃത്ത് ഇവളെ സഹായിക്കണമെന്ന് എന്നോട് നേരത്തെ പറഞ്ഞിരുന്നതാണ്. പിന്നെ കങ്കണ എന്ന സ്ഥിരമായി വിളിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഞാനവളെ കാണാന്‍ തീരുമാനിക്കുന്ത്. അവളൊരു പാവം പെണ്‍കുട്ടിയായിരുന്നു. ഞാന്‍ അവളുമായി പ്രണയത്തിലാവുകയായിരുന്നു'' എന്നായിരുന്നു തങ്ങളുടെ പ്രണയത്തെക്കുറിച്ച് ആദിത്യ പറഞ്ഞത്.

ഒരു സിനിമയുടെ ചിത്രീകരണത്തിനായി കങ്കണ ദക്ഷിണാഫ്രിക്കയില്‍ പോയതിന് ശേഷമായിരുന്നു തങ്ങള്‍ക്കിടയില്‍ പ്രശ്‌നം തുടങ്ങുന്നതെന്നാണ് ആദിത്യ പറയുന്നത്. ''അവള്‍ തിരിച്ചു വന്ന ശേഷം, ഒരു നടന് അവള്‍ അയച്ച മെസേജുകള്‍ ഞാന്‍ വായിച്ചു. അവള്‍ ഉറങ്ങുമ്പോള്‍. ആ മെസേജുകള്‍ ഒട്ടും നിഷ്‌കളങ്കമായിരുന്നില്ല. ദക്ഷിണാഫ്രിക്കയില്‍ നിന്നും എന്നെ വിളിച്ചിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന അതേ വാക്കുകളാണ് ആ നടനുമായി സംസാരിക്കുമ്പോഴും അവള്‍ ഉപയോഗിച്ചിരുന്നത്. അന്നാണ് ഞാന്‍ ആദ്യമായി അവളെ അടിക്കുന്നത്. ഞങ്ങള്‍ തല്ലുണ്ടാക്കിയെങ്കിലും പിന്നെ പരിഹരിക്കപ്പെട്ടു'' എന്നും ആദിത്യ വെളിപ്പെടുത്തുന്നുണ്ട്.
Recommended Video

ആദിത്യക്കെതിരെ കങ്കണ തുറന്നു പറയുകയും പരാതിപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ആദിത്യയുടെ ഭാര്യയടക്കം കങ്കണയ്‌ക്കെതിരെ രംഗത്ത് എത്തുകയായിരുന്നു. എന്തായാലും ഇന്ന് അതെല്ലാം പഴയ കഥയാണ്. തലൈവിയാണ് കങ്കണയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications