കല്യാണത്തിന് മുമ്പുള്ള ലൈംഗിക ബന്ധം തെറ്റ്, തെരുവില്‍ വച്ച് ചുംബിക്കുന്നതല്ല പ്രണയം: ഐശ്വര്യ റായ്
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ നായികയാണ് ഐശ്വര്യ റായ്. നാളിതുവരേയും ഐശ്വര്യ റായ്ക്ക് വട്ടം വെക്കാന്‍ മറ്റൊരു നടിയ്ക്കും സാധിച്ചിട്ടില്ല. ലോകസുന്ദരി പട്ടം നേടി സിനിമയിലെത്തിയ ഐശ്വര്യ റായ് തെന്നിന്ത്യയിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായി മാറുകയായിരുന്നു. ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഐശ്വര്യ റായ്. തന്റെ സൗന്ദര്യം കൊണ്ട് ലോകത്തെ മയക്കിയ ഐശ്വര്യ പ്രതിഭ കൊണ്ട് കയ്യടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അഭിനയത്തിനും ലുക്കിനുമൊക്കെ പുറമെ ഐശ്വര്യയുടെ വ്യക്തിത്വവും ആരാധകരെ നേടിയെടുത്തിട്ടുണ്ട്. തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും വ്യക്തമായി തന്നെ അവതരിപ്പിക്കാന്‍ ഐശ്വര്യയ്ക്ക് സാധിക്കും. അഭിമുഖങ്ങളിലും പൊതു പരിപാടികളിലും ഐശ്വര്യ പുലര്‍ത്തുന്ന ക്ലാസ് പകരം വെക്കാനില്ലാത്തതാണ്. ഇന്ത്യന്‍ സിനിമയില്‍ മാത്രമല്ല ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് ഐശ്വര്യ റായ്.

വിദേശ ചാനലുകളിലും മറ്റും ഐശ്വര്യ നല്‍കിയ അഭിമുഖങ്ങള്‍ ഇന്നും ചര്‍ച്ചയാകപ്പെടുന്നുണ്ട്. അത്തരത്തില്‍ ഒന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദ ഓപ്ര വിന്‍ഫ്രെ ഷോയില്‍ ഐശ്വര്യ റായ് പങ്കെടുത്ത എപ്പിസോഡ്. ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചും വിദേശികള്‍ക്ക് ഇന്ത്യയെക്കുറിച്ചുള്ള പൊതുബോധത്തെക്കുറിച്ചുമൊക്കെ അഭിമുഖത്തില്‍ ഐശ്വര്യ സംസാരിക്കുന്നുണ്ട്.
2005 ല്‍ ഓപ്രയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ റായ് ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുന്നുണ്ട്. അതിലൊന്നാണ് പൊതുസ്ഥലത്തു വച്ച് സ്‌നേഹം പ്രകടിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യം. പൊതുവെ ഇന്ത്യക്കാര്‍ തങ്ങളുടെ പങ്കാളിയോടുള്ള സ്‌നേഹം പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കാറില്ലെന്ന് ഓപ്ര ചൂണ്ടിക്കാണിക്കുന്നതോടെയാണ് ഐശ്വര്യ സംസാരിക്കുന്നത്.
''അത് പൊതുവായി കാണുന്ന ഒന്നല്ല. ആളുകള്‍ ചുംബിക്കാറുണ്ട്. പക്ഷെ പ്രണയം സ്വകാര്യമായൊരു വികാരമാണ്. തെരുവോരത്തു നിന്ന് കാണിക്കുന്ന ഒന്നല്ല. കല ജീവിതത്തിന്റെ പ്രതിഫലനമാണ്. അതിനാല്‍ അങ്ങനെയാണത് ഞങ്ങളുടെ സിനിമയിലും അവതരിപ്പിക്കപ്പെടുന്നത്'' എന്നാണ് താരം നല്‍കിയ മറുപടി. പിന്നാലെ അവതാരക ഐശ്വര്യയോട് വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധത്തെക്കുറിച്ച് ചോദിക്കുകയായിരുന്നു.
''തുറന്ന് പറയുകയാണെങ്കില്‍ അത് നല്ലൊരു കാര്യമല്ല'' എന്നായിരുന്നു ഐശ്വര്യയുടെ മറുപടി. പിന്നാലെ ഇന്ത്യക്കാരെക്കുറിച്ച് മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്കുള്ള തെറ്റായ പൊതു ധാരണയെക്കുറിച്ച് പറയാന്‍ അവതാരക ആവശ്യപ്പെടുന്നുണ്ട്. തന്റെ ഇംഗ്ലീഷ് കേട്ട് പലരും വിദേശത്താണോ പഠിച്ചതെന്ന് ചോദിക്കാറുണ്ടെന്നാണ് ഐശ്വര്യ പറയുന്നത്. അവരോടായി ഐശ്വര്യ ചോദിക്കുന്നത് ഞങ്ങള്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്? എന്നായിരുന്നു. ആ ചോദ്യം തന്നെ വല്ലാതെ അമ്പരപ്പിക്കുന്നതാണെന്നും താരം പറയുന്നുണ്ട്.

ഇതേ മുഖത്തിലാണ് വിവാഹ ശേഷവും മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കുന്നതിനെക്കുറിച്ച് ഐശ്വര്യ സംസാരിക്കുന്നത്. ''ഇന്ത്യയില്‍ കുടുംബത്തിനാണ് പ്രാധാന്യം കൂടുതല്‍. ഒരുമിച്ച് ജീവിക്കുകയും അടുപ്പം നിലനിര്‍ത്തുകയും ചെയ്യും. അത് വളരെ സ്‌പെഷ്യല്‍ ആണ്'' എന്നാണ് ഐശ്വര്യ നല്‍കിയ മറുപടി.
അതേസമയം ഐശ്വര്യയും അഭിഷേകും വിവാഹ മോചിതരായെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാസങ്ങളായി ഇത് സംബന്ധിച്ച് പല റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് ഐശ്വര്യയും അഭിഷേകും ഒരുമിച്ചെത്തി ഈ വാര്‍ത്തകള്‍ക്ക് വിരാമമിട്ടിരുന്നു. എന്നാല്‍ ഇതുവരേയും വിവാഹ മോചന വാര്‍ത്തകളോട് ഐശ്വര്യയും അഭിഷേകും പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications