എന്റെ ഈഗോയ്ക്ക് കിട്ടിയ അടി, ജീവിതത്തില്‍ ശരിക്കും കരയുന്നത് അന്നാണ്! ഐശ്വര്യയുടെ തുറന്ന് പറച്ചില്‍
ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ്. ഐശ്വര്യയോളം ഇന്ത്യന്‍ ജനതയെ സ്വാധീനിച്ച മറ്റൊരു നായികയുണ്ടാകില്ല. അന്നും ഇന്നും ഐശ്വര്യയുടെ താരപ്രഭയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. ലോകസുന്ദരി പട്ടം നേടി സിനിമയിലെത്തിയ ഐശ്വര്യ ഇന്ത്യക്കാരെ സംബന്ധിച്ച് സൗന്ദര്യത്തിന്റെ മറുവാക്കാണ്. നീ സുന്ദരിയാണെന്ന് പറയുന്നത് പോലെ ഇന്ത്യാക്കാര്‍ പറയുന്നതാണ് കാണാന്‍ ഐശ്വര്യയെ പോലെയുണ്ടെന്നത്.
തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാതിരിക്കുമ്പോഴും പരാജയങ്ങള്‍ സംഭവിക്കുമ്പോഴും ഐശ്വര്യയോടുള്ള ആരാധകരുടെ സ്‌നേഹത്തിനും ആരാധനയ്ക്കും യാതൊരു കുറവും സംഭവിക്കുന്നില്ല. ഒടുവിലിറങ്ങിയ പൊന്നിയന്‍ സെല്‍വനില്‍ ഐശ്വര്യയ്ക്ക് കിട്ടിയ സ്വീകരണം അതിന്റെ തെളിവാണ്. ഇതിനിടെ ഇപ്പോഴിതാ താന്‍ ആദ്യമായി കരഞ്ഞതിനെക്കുറിച്ചുള്ള ഐശ്വര്യയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

1994 ലാണ് ഐശ്വര്യ ലോകസുന്ദരി പട്ടം നേടുന്നത്. 1997 ല്‍ മണിരത്‌നം ഒരുക്കിയ ക്ലാസിക്ക് ചിത്രമായ ഇരുവരിലൂടെ ഐശ്വര്യ അരങ്ങേറുകയും ചെയ്തു. പിന്നീടൊരിക്കലും ഐശ്വര്യയ്ക്ക് തന്റെ കരിയറില്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇനിയൊരിക്കലും ആവര്‍ത്തിക്കാന്‍ സാധിക്കാത്ത വിജയഗാഥയാണ് ഇന്ത്യന്‍ സിനിമയില്‍ ഐശ്വര്യ റായ്. 2000 ഐശ്വര്യ നല്‍കിയൊരു അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി മാറുന്നത്.
താന്‍ ജീവിതത്തില്‍ ശരിക്കും കരഞ്ഞ സംഭവത്തെക്കുറിച്ചാണ് അഭിമുഖത്തില്‍ ഐശ്വര്യ പറയുന്നത്. തന്റെ സ്‌കൂള്‍ കാലം ഓര്‍ക്കുകയായിരുന്നു ഐശ്വര്യ. സ്‌കൂളില്‍ എന്നും താന്‍ ടോപ്പ് റാങ്ക് നേടുന്ന വിദ്യാര്‍ത്ഥിയായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്. എന്നാല്‍ പിന്നീട് തന്റെ ഈഗോയ്ക്ക് അടി കിട്ടിയെന്നും അത് തന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയെന്നുമാണ് ഐശ്വര്യ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''എന്റെ മാതാപിതാക്കള്‍ എന്നെ ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ല. ഞാന്‍ അത് മുഖവിലയ്‌ക്കെടുത്തു. ഒന്നാം റാങ്ക് എനിക്ക് ഒരിക്കലുമൊരു പ്രശ്‌നമായിരുന്നില്ല. പത്താം ക്ലാസിലെത്തിയപ്പോള്‍ ഞാന്‍ ഐസിഎസ്ഇ ബോര്‍ഡ് പരീക്ഷയില്‍ ടോപ്പര്‍ ആകുമെന്ന് എല്ലാവരും കരുതി. പക്ഷെ ഞാന്‍ ഏഴാമതോ എട്ടാമതോ ആയിരുന്നു. അത് എന്റെ ഈഗോയ്ക്ക് ഏറ്റ കനത്ത അടിയായിരുന്നു. എന്റെ ഒന്നാം റാങ്കിനെ ഞാന്‍ അതുവരെ വില കല്‍പ്പിച്ചിരുന്നില്ല'' എന്നാണ് താരം പറയുന്നത്.

''ഇതൊരു ഈഗോ പ്രശ്‌നമാണെന്ന് ഞാന്‍ മനസിലാക്കി. ഞാന്‍ ജയ്ഹിന്ദിലേക്ക് പോയി. രുപരേലില്‍ പ്ലസ് ടുവും ചെയ്തു. എന്റെ ശതമാനം മോശമായിരുന്നില്ല. പക്ഷെ ഈഗോയെ ബാധിച്ചു. എട്ടാമതായിരുന്നുവെങ്കില്‍ വെറും 0.5 ശതമാനത്തിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ഞാന്‍ മനസിലാക്കുന്നത് ഞാന്‍ മറ്റുള്ളവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ജീവിക്കാനാണ് ശ്രമിക്കുന്നതെന്ന്. എനിക്ക് ഞാന്‍ തന്നെ നിശ്ചയിച്ച ലക്ഷ്യങ്ങളുണ്ടായിരുന്നില്ല. ജീവിതത്തില്‍ ഞാന്‍ ശരിക്കും കരഞ്ഞ ഒരേയൊരു നിമിഷം അതായിരുന്നു. ഭാഗ്യവശാല്‍ എന്റെ മാതാപിതാക്കളും കൂട്ടുകാരും എനിക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തന്നു'' എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം പൊന്നിയിന്‍ സെല്‍വന്‍ ആണ് ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി എത്തി ഐശ്വര്യ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. ഈ ചിത്രത്തിലൂടെ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഐശ്വര്യ തമിഴിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.


Click it and Unblock the Notifications