ചെറിയ പ്രായം, ആ നഷ്ടം താങ്ങാനായില്ല, ഹൃദയം തകര്‍ന്നു, ആത്മവിശ്വാസം ഇല്ലാതായി: അക്ഷയ് ഖന്ന
തന്റെ വേറിട്ട അഭിനയ ശൈലിയിലൂടെ ശ്രദ്ധ നേടിയ താരമാണ് അക്ഷയ് ഖന്ന. ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളായ അക്ഷയ് ഖന്ന തന്റെ വ്യക്തിജീവിതത്തെ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ താരത്തെ പാര്‍ട്ടികളിലോ അവാര്‍ഡ് ഷോകളിലോ അങ്ങനെ കാണാറില്ല. കരിയറിലും ജീവിതത്തിലും അധികമാര്‍ക്കും പിടി കൊടുക്കാത്ത വ്യക്തിത്വമാണ് അക്ഷയ് ഖന്നയുടേത്.
ബോളിവുഡിന്റെ ഐക്കോണിക് താരങ്ങളില്‍ ഒരാളായ വിനോദ് ഖന്നയുടെ മകനാണ് അക്ഷയ് ഖന്ന. ഹിമാലയ പുത്ര എന്ന സിനിമയിലൂടെയായിരുന്നു അക്ഷയുടെ അരങ്ങേറ്റം. എന്നാല്‍ ആദ്യ സിനിമയ്ക്ക് രണ്ട് വര്‍ഷത്തിന് ശേഷം ഇടവെളയെടുത്തു അക്ഷയ് ഖന്ന. വീണ്ടും രണ്ട് വര്‍ഷമെടുത്തു അക്ഷയ് അടുത്ത സിനിമ ചെയ്യാന്‍. 2001 ല്‍ ദില്‍ ചാഹ്താ ഹേയിലൂടെയായിരുന്നു തിരിച്ചുവരവ്. ബോളിവുഡില്‍ തന്നെ നാഴികക്കല്ലായി മാറിയ സിനിമയിലൂടെ ആരാധകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടുകയായിരുന്നു അക്ഷയ് ഖന്ന.

2012 ലാണ് അക്ഷയ് ഖന്ന വീണ്ടുമൊരു ഇടവേളയെടുക്കുന്നത്. പിന്നീട് ഡിഷ്യൂം എന്ന ചിത്രത്തിലൂടെയാണ് തിരികെ വരുന്നത്. അപ്പോഴും നിരന്തരം സിനിമകള്‍ ചെയ്തിരുന്നില്ല ഖന്ന. സജീവമായിരിക്കുമ്പോഴും തന്റെ സിനിമകള്‍ തമ്മില്‍ വലിയ അകലം പാലിച്ചിരുന്നു അക്ഷയ് ഖന്ന. വ്യക്തിജീവിതത്തെ ക്യാമറക്കണ്ണുകളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിയായ അക്ഷയ് ഖന്ന അപൂര്‍വ്വമായി മാത്രമാണ് വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിച്ചിട്ടുള്ളത്.

അത്തരത്തില്‍ ഒരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ അകാല കഷണ്ടിയെക്കുറിച്ച് അക്ഷയ് ഖന്ന മനസ് തുറന്നിരുന്നു. ഒരിക്കല്‍ അതൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ അക്ഷയ് ഖന്ന പിന്നീടുള്ളൊരു അഭിമുഖത്തില്‍ മുടി കൊഴിച്ചില്‍ തന്നെ സാരമായി ബാധിച്ചിരുന്നുവെന്നാണ് പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ഒരിക്കല്‍ കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയിരുന്നു അക്ഷയ് ഖന്ന. സിനിമാ ലോകത്തുള്ളവരില്‍ ഏറ്റവും മോശം ഹെയര്‍ സ്‌റ്റൈല്‍ ആരുടേതാണെന്ന ചോദ്യത്തിനായിരുന്നു താരം മറുപടി നല്‍കിയത്. സ്വന്തം പേരായിരുന്നു അക്ഷയ് പറഞ്ഞത്. ''ചിലര്‍ നടുവിന് പ്രശ്‌നമുണ്ടാകും, ചിലര്‍ക്ക് കണ്ണിനാകും. ചിലര്‍ക്ക് കേള്‍വിക്ക് തകരാറുണ്ടാകും. അതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. ഞാന്‍ അങ്ങനെയാണ് അതിനെ കാണുന്നത്. ചിലര്‍ ഞാന്‍ മണ്ടനാണെന്ന് കരുതിയേക്കാം. പക്ഷെ എനിക്കിത് ചെറിയ കാര്യമാണ്'' എന്നായിരുന്നു താരം പറഞ്ഞത്.

എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അക്ഷയ് ഖന്ന അക്ഷരാര്‍ത്ഥത്തില്‍ മനസ് തുറന്നു. ''എനിക്കത് വളരെ ചെറുപ്പത്തില്‍ തന്നെ ആരംഭിച്ചിരുന്നു. വിരലുകള്‍ നഷ്ടപ്പെടുന്ന പിയാനിസ്റ്റിന്റെ അവസ്ഥയായിരുന്നു. ആ നാളുകളില്‍ എനിക്കത് ശരിക്കും അങ്ങനെയാണ് തോന്നിയത്. പിന്നീട് അതോട് പൊരുത്തപ്പെടുന്നത് വരെ അലട്ടിയിരുന്നു. നിങ്ങളൊരു സ്‌പോര്‍ട്‌സ് താരം ആണെങ്കില്‍, കാല്‍മുട്ടിന് സര്‍ജറി വേണമെന്ന് തിരിച്ചറിയുമ്പോള്‍ ഒന്നോ രണ്ടോ വര്‍ഷമായിരിക്കും കരിയറില്‍ നിന്നും നഷ്ടപ്പെടുക. അതുപോലെയായിരുന്നു'' എന്നാണ് അക്ഷയ് പറയുന്നത്.

''ഒരു നടന്‍ എന്ന നിലയില്‍ നിങ്ങളുടെ രൂപം വളരെ പ്രധാനപ്പെട്ടതാണ്. 19-20 വയസില്‍ വല്ലാതെ അലട്ടുന്ന ചിന്തയാണത്. ഹൃദയം തകരുന്നത് പോലെ. മാനസികമായി തളര്‍ത്തിക്കളയും. യുവനടന്‍ എന്ന നിലയില്‍ എന്റെ ആത്മവിശ്വാസത്തെ തന്നെ തകര്‍ത്തുകളഞ്ഞു. ഞാന്‍ സമ്മതിക്കാന്‍ തയ്യാറാകുന്നതിലും അധികം തന്നെ'' എന്നും താരം വെളിപ്പെടുത്തുന്നുണ്ട്. എന്തായാലും താരത്തിന് ആ ഇന്‍സെക്യൂരിറ്റിയില്‍ നിന്നും പുറത്ത് കടക്കാനും തന്റെ കഴിവിലൂടെ ശ്രദ്ധ നേടാനും സാധിച്ചു.
ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലാണ് അക്ഷയ് ഖന്ന ഇപ്പോള്‍ അഭിനയിക്കുന്നത്. മലയാളത്തില്‍ മുരളി ഗോപി ചെയ്ത വേഷത്തിന്റെ ഹിന്ദി പതിപ്പിലായിരിക്കും അക്ഷയ് ഖന്ന എത്തുക എന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications











