ശ്രീദേവിയെ പാട്ടിലാക്കാന്‍ ട്രക്ക് നിറച്ച് റോസാപൂക്കള്‍ അയച്ച ബച്ചന്‍; ബച്ചനെ പോലും വെല്ലുവിളിച്ച് ശ്രീ
ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രമേയുള്ളൂ, ശ്രീദേവി. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം ഒരുപോലെ താരമായി മാറിയ നടി. ഇന്നത്തേതിനെ അപേക്ഷിച്ച് പുരുഷകേന്ദ്രീകൃതമായ സിനിമയുടെ കാലത്താണ് ശ്രീദേവി ഓടിനടന്ന് പല ഭാഷകളിലും ഹിറ്റുകള്‍ സമ്മാനിച്ചത്. ആക്ഷനും കോമഡിയും റൊമാന്‍സുമെല്ലാം ശ്രീദേവിയ്ക്ക് ഒരുപോലെ വഴങ്ങിയിരുന്നു.
അപ്രതീക്ഷിതമായി കടന്നു വന്ന മരണം സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ന് ശ്രീദേവി തന്റെ 60-ാം പിറന്നാള്‍ ആഘോഷിക്കുമായിരുന്നു. തങ്ങളുടെ മുന്നിലിലില്ലെങ്കിലും ഓര്‍മ്മകളില്‍ എന്നും മായാതെ നില്‍ക്കുന്ന ശ്രീദേവിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകരും സിനിമാ ലോകവും. ഇനിയൊരിക്കലും ആവര്‍ത്തിക്കാന്‍ സാധിക്കാത്ത പ്രതിഭാസമായിരുന്നു ശ്രീദേവി.

അക്കാലത്ത് ശ്രീദേവിയ്ക്കുണ്ടായിരുന്ന താരപരിവേഷം ഇന്ന് ചിന്തിക്കാന്‍ പോലും സാധിക്കാത്തതാണ്. ഇന്ത്യന്‍ സിനിമയിലെ മെഗാ സ്റ്റാറായ സാക്ഷാല്‍ അമിതാഭ് ബച്ചന് പോലും ശ്രീദേവിയെ നിയന്ത്രിക്കാന്‍ സാധിച്ചിരുന്നില്ല. ബച്ചന്‍ പോലും ശ്രീദേവിയെ പിണക്കാതിരിക്കാന്‍ അന്ന് ശ്രമിച്ചിരുന്നു. ബച്ചനും ശ്രീദേവിയും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു ഖുദാ ഗവാഹ്. ഇതിന്റെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായൊരു സംഭവത്തെക്കുറിച്ച് വായിക്കാം.
അന്ന് ബച്ചന്‍ തന്റെ കരിയറിലെ മോശം സമയത്തിലൂടെ കടന്നു പോവുകയായിരുന്നു. ഖുദാ ഗവാഹിന്റെ തിരക്കഥ വായിച്ചതും ബച്ചന് ഇഷ്ടപ്പെട്ടു. ഒപ്പം ചിത്രത്തിലെ നായികയായ ബേനസീറിനെ അവതരിപ്പിക്കേണ്ടത് ശ്രീദേവി തന്നെയാണെന്നും ബച്ചന്‍ ഉറപ്പിച്ചു. എന്നാല്‍ ബച്ചനെ നിരാശപ്പെടുത്തി കൊണ്ട് ശ്രീദേവി ആ വേഷം നിരസിച്ചു. ഏതുവിധേനയും ശ്രീദേവിയെ തന്റെ സിനിമയിലേക്ക് കൊണ്ടു വരാന്‍ ബച്ചന്‍ ആഗ്രഹിച്ചിരുന്നു.
ഡെയ്‌ലിഒയുടെ റിപ്പോര്‍ട്ട് പ്രകാരം മുമ്പൊരിക്കലും ചെയ്യാത്തൊരു കാര്യമാണ് ബച്ചന്‍ അതിനായി ചെയ്തത്. ശ്രീദേവിയെ പാട്ടിലാക്കാന്‍ ഒരു ട്രക്ക് നിറയെ റോസാപുഷ്പങ്ങളാണ് ബച്ചന്‍ അയച്ചത്. സാധാരണഗതിയില്‍ ആരുടേയും മനസൊന്ന് ചാഞ്ചാടിയാക്കാവുന്ന സാഹചര്യം. എന്നാല്‍ ബച്ചനെ ഞെട്ടിച്ചു കൊണ്ട് ശ്രീദേവി തന്റെ നിലപാടില്‍ ഉറച്ചു നിന്നു. എങ്കിലും ശ്രീദേവി ഒരു നിബന്ധന ബച്ചനും സംവിധായകനും മുന്നില്‍ വച്ചു.
ഇപ്പോള്‍ തനിക്ക് ഓഫര്‍ ചെയ്തിരിക്കുന്ന കഥാപാത്രത്തില്‍ കാര്യമായൊന്നും ചെയ്യാനില്ല. അതിനാല്‍ തനിക്ക് ഡബ്ബിള്‍ റോള്‍ വേണമെന്നായിരുന്നു ശ്രീദേവിയുടെ നിബന്ധന. ശ്രീദേവിയുടെ ഓക്കെയ്ക്കായി എന്തിനും തയ്യാറായിരുന്ന സംവിധായകന്‍ മുകുള്‍ ആനന്ദ് അപ്പോള്‍ തന്നെ ഓക്കെ പറഞ്ഞു. അങ്ങനെ അമ്മയുടേയും മകളുടേയും വേഷത്തില്‍ ശ്രീദേവി അഭിനയിച്ചു. തന്റെ കഥാപാത്രത്തെ ദുര്‍ബലമാക്കാന്‍ ഒരിക്കലും ശ്രീദേവി അനുവദിച്ചിരുന്നില്ല.

എന്തായാലും ബച്ചന്‍ ആഗ്രഹിച്ചത് പോലെ തന്നെ സംഭവിച്ചു. ഖുദാ ഗവാഹ് ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി. ബച്ചന്റെ കരിയറും വിജയപാതയിലേക്ക് തിരികെ വന്നു. ബച്ചന് മുന്നില്‍ പോലും കുലുങ്ങാതെ നിന്ന ശ്രീദേവിയായിരുന്നു ആ വിജയത്തിന് പിന്നിലെ യഥാര്‍ത്ഥ ശക്തി.
തെന്നിന്ത്യന്‍ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച ശേഷമാണ് ശ്രീദേവി ബോളിവുഡിലെത്തുന്നത്. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികയായിരുന്നു ശ്രീദേവി. പിന്നീട് അഭിനയിത്തില്‍ നിന്നും വിട്ടു നിന്ന ശ്രീദേവി ഇംഗ്ലീഷ് വിംഗ്ലീഷിലൂടെയാണ് തിരികെ വരുന്നത്. തിരിച്ചുവരവ് ഗംഭീരമാക്കിയ ശ്രീദേവിയുടെ മിന്നും പ്രകടനങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കെയാണ് താരത്തെ മരണം കൂടെ കൂട്ടുന്നത്.


Click it and Unblock the Notifications











