ശ്രീദേവിയ്ക്കായി ഒരു ട്രക്ക് നിറയെ റോസാപൂക്കള്‍ അയച്ച ബച്ചന്‍; ഞെട്ടിച്ച വെല്ലുവിളിയുമായി ശ്രീദേവി
പാന്‍ ഇന്ത്യന്‍ താരം എന്നും ലേഡി സൂപ്പര്‍ സ്റ്റാറുമെന്നുമൊക്കെ പറഞ്ഞ് തുടങ്ങും മുമ്പേ ആ സ്ഥാനത്ത് എത്തിയ നടിയാണ് ശ്രീദേവി.. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം ഒരുപോലെ താരമായി മാറിയ നടി. ആക്ഷനും കോമഡിയും റൊമാന്‍സുമെല്ലാം ശ്രീദേവിയ്ക്ക് ഒരുപോലെ വഴങ്ങിയിരുന്നു. തെന്നിന്ത്യന്‍ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച ശേഷമാണ് ബോളിവുഡിലെത്തുന്നത്. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികയായിരുന്നു ശ്രീദേവി.
നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശക്തമായി തിരികെ വന്നതിന് പിന്നാലെയായിരുന്നു ശ്രീദേവിയുടെ മരണം. തന്റെ കരിയറിന്റെ പീക്കില്‍ സാക്ഷാല്‍ അമിതാഭ് ബച്ചന്‍ പോലും ശ്രീദേവിയുടെ ഡേറ്റിനായി പിന്നാലെ നടന്നിട്ടുണ്ടെന്നതാണ് വസ്തുത. ബച്ചനും ശ്രീദേവിയും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു ഖുദാ ഗവാഹ്. ഇതിന്റെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായൊരു സംഭവത്തെക്കുറിച്ച് വായിക്കാം.

കരിയറില്‍ മോശം സമയത്തിലൂടെ കടന്നു പോവുകയായിരുന്നു ആ സമയത്ത് അമിതാഭ് ബച്ചന്‍. ഈ സമയത്താണ് ബച്ചനെ തേടി ഖുദാ ഗവാഹ് എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ വായിച്ചതും ബച്ചന് ഇഷ്ടപ്പെട്ടു. അതേസമയം, ചിത്രത്തിലെ നായികയായ ബേനസീറിനെ അവതരിപ്പിക്കേണ്ടത് ശ്രീദേവി തന്നെയാണെന്നും ബച്ചന്‍ തീരുമാനിച്ചു. എന്നാല്‍ ശ്രീദേവി ആ വേഷം നിരസിച്ചു. ശ്രീയുടെ ഈ തീരുമാനം ബച്ചനെ നിരാശപ്പെടുത്തി. എന്ത് ചെയ്തിട്ടാണെങ്കിലും ശ്രീദേവിയെ തന്റെ സിനിമയിലേക്ക് കൊണ്ടു വരാന്‍ ബച്ചന്‍ ഉറപ്പിച്ചു.
അതിനായി മുമ്പൊരിക്കലും ചെയ്യാത്തൊരു കാര്യമാണ് ബച്ചന്‍ അതിനായി ചെയ്തത്. ശ്രീദേവിയെ പാട്ടിലാക്കാന്‍ ഒരു ട്രക്ക് നിറയെ റോസാപുഷ്പങ്ങള്‍ അയക്കുകയായിരുന്നു ബച്ചന്‍ ചെയ്തത്. ബച്ചനെ പോലൊരു താരത്തില്‍ നിന്നുമുള്ള ഈ നീക്കത്തില്‍ മറ്റാരാണെങ്കിലും വീണു പോകുമായിരുന്നു. എന്നാല്‍ ബച്ചനെ ഞെട്ടിച്ചു കൊണ്ട് ശ്രീദേവി തന്റെ നിലപാടില്‍ ഉറച്ചു നിന്നു. പക്ഷെ സിനിമയില്‍ അഭിനയിക്കണമെങ്കില്‍ തന്റെ ഒരു നിബന്ധന പാലിക്കണമെന്നും ശ്രീദേവി പറഞ്ഞു.
ഇപ്പോള്‍ തനിക്ക് ഓഫര്‍ ചെയ്തിരിക്കുന്ന കഥാപാത്രത്തില്‍ കാര്യമായൊന്നും ചെയ്യാനില്ല. അതിനാല്‍ തനിക്ക് ഡബ്ബിള്‍ റോള്‍ വേണം എന്നായിരുന്നു ശ്രീദേവി ആവശ്യപ്പെട്ടത്. ശ്രീദേവിയുടെ ഓക്കെയ്ക്കായി എന്തിനും തയ്യാറായിരുന്ന സംവിധായകന്‍ മുകുള്‍ ആനന്ദ് അപ്പോള്‍ തന്നെ ഓക്കെ പറഞ്ഞു. അങ്ങനെ ചിത്രത്തിലെ അമ്മയുടേയും മകളുടേയും വേഷത്തില്‍ ശ്രീദേവി അഭിനയിച്ചു.

നായകന് പിന്നാലെ നടക്കുന്ന നായികയാകാന്‍ ഒരിക്കലും ശ്രീദേവി ആഗ്രഹിച്ചിരുന്നില്ല. ശക്തമായ കഥാപാത്രമാണെങ്കില്‍ മാത്രമേ താന്‍ അഭിനയിക്കുകയുള്ളൂവെന്ന് വ്യക്തമാക്കുകയായിരുന്നു അന്ന് ശ്രീദേവി ചെയ്തത്. എന്തായാലും ഒടുവില്‍ കാര്യങ്ങള്‍ ബച്ചന്‍ ആഗ്രഹിച്ചത് പോലെ തന്നെ സംഭവിച്ചു. ഖുദാ ഗവാഹ് ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി. ഇതോടെ ബച്ചന്റെ കരിയറും വിജയപാതയിലേക്ക് തിരികെ വന്നു.സത്യത്തില്‍ ബച്ചന് മുന്നില്‍ പോലും കുലുങ്ങാതെ നിന്ന ശ്രീദേവിയായിരുന്നു ആ വിജയത്തിന് പിന്നിലെ യഥാര്‍ത്ഥ ശക്തി.
നീണ്ടകാലം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന ശ്രീദേവി ഇംഗ്ലീഷ് വിംഗ്ലീഷിലൂടെയാണ് തിരികെ വരുന്നത്. എന്നാല്‍ നിനച്ചിരിക്കാതെ താരത്തെ തേടി മരണമെത്തുകയായിരുന്നു. പിന്നീട് ശ്രീദേവിയുടെ പാതയിലൂടെ മക്കളായ ജാന്‍വി കപൂറും ഖുഷി കപൂറും ക്യാമറയ്ക്ക് മുന്നിലെത്തുകയും ചെയ്തു.


Click it and Unblock the Notifications