അരവിന്ദ് സ്വാമി കാരണം നിലത്ത് കിടന്നുറങ്ങിയ രജനീകാന്ത്; ദളപതിയുടെ സെറ്റില്‍ സംഭവിച്ചത്
സിനിമ കാണുന്നവര്‍ക്കും കാണാത്തവര്‍ക്കും ഒരുപോലെ പരിചിതനാണ് രജനീകാന്ത്. ആ പേര് തന്നെ അദ്ദേഹത്തെ പരിചയപ്പെടുത്താന്‍ ധാരാളം. അമ്പത് വര്‍ഷത്തോളമുള്ള കരിയറില്‍ രജനീകാന്ത് നേടിയ നേട്ടങ്ങല്‍ സമാനതകളില്ലാത്തതാണ്. സൂപ്പര്‍ സ്റ്റാര്‍ എന്നതിന് രജനീകാന്തിനോളം യോജിക്കുന്ന മറ്റൊരു താരമുണ്ടാകില്ല. തെന്നിന്ത്യന്‍ സിനിമയുടെ തലൈവരായി നിറഞ്ഞു നില്‍ക്കുകയാണ് ഈ പ്രായത്തിലും രജനീകാന്ത്.
ഇന്നും ഓണ്‍ സ്‌ക്രീനില്‍ രജനീയോളം ഓറയുള്ളൊരു നടനോ താരമോ ഇന്ത്യന്‍ സിനിമയില്‍ പിറന്നിട്ടില്ല. ഇനിയൊരു രജനീകാന്ത് ഉണ്ടാവുകയുമില്ല. ഓണ്‍ സ്‌ക്രീനിലെ തന്റെ മാസ് ഓറയുടെ പേരിലാണ് രജനീകാന്ത് അറിയപ്പെടുന്നതെങ്കില്‍ ഓഫ് സ്‌ക്രീനില്‍ തന്റെ ലാളിത്യം കൊണ്ടും രജനീകാന്ത് ആരാധകരെ നേടിയെടുത്തിട്ടുണ്ട്.

ജീവിതത്തില്‍ രജനീകാന്ത് പാലിക്കുന്ന മിതത്വത്തെക്കുറിച്ച് പലപ്പോഴായി പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ താന്‍ കാരണം രജനീകാന്തിന് നിലത്തു കിടന്ന് ഉറങ്ങേണ്ടി വന്നതിനെക്കുറിച്ച് നടന്‍ അരവിന്ദ് സ്വാമി പറഞ്ഞത്. സംഭവം നടക്കുന്നത് ദളപതി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു. അരവിന്ദ് സ്വാമിയുടെ അരങ്ങേറ്റ സിനിമയായിരുന്നു ദളപതി. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തില്‍ രജനീകാന്തും മമ്മൂട്ടിയുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്.
2016ലായിരുന്നു അന്ന് നടന്ന സംഭവത്തെക്കുറിച്ച് അരവിന്ദ് സ്വാമി സംസാരിച്ചത്. അന്ന് താന്‍ സെറ്റിലെത്തിയത് ആവശ്യപ്പെട്ടതിലും നേരത്തെയായിരുന്നു. അതിനാല്‍ തന്നോട് കാത്തിരിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു. വെറുതെയിരിക്കാന്‍ മടി തോന്നിയ താന്‍ ചുറ്റും നടന്ന് കാണാമെന്ന് തീരുമാനിച്ചു. അങ്ങനെ നടക്കുന്നതിനിടെയാണ് നല്ല ബെഡ്ഡൊക്കെയുള്ളൊരു മുറി കാണുന്നത്. അല്‍പ്പനേരം കിടക്കാമെന്ന് കരുതിയ താന്‍ ക്ഷീണം കാരണം ഉറങ്ങിപ്പോയെന്നാണ് അരവിന്ദ് സ്വാമി പറയുന്നത്.
മണിക്കൂറുകള്‍ കഴിഞ്ഞ് ഉണര്‍ന്നപ്പോള്‍ കാണുന്നത് താന്‍ കിടന്ന ബെഡ്ഡിന് അരികിലായി നിലത്തു കിടന്നുറങ്ങുന്ന സൂപ്പര്‍ സ്റ്റാറിനെയാണെന്നാണ് അരവിന്ദ് സ്വാമി പറയുന്നത്. താന്‍ കയറി കിടന്ന് അദ്ദേഹത്തിന്റെ മുറിയിലായിരുന്നുവെന്ന് അപ്പോഴാണ് മനസിലായത്. ഉറങ്ങുകയായിരുന്ന തന്നെ ശല്യം ചെയ്യണ്ടെന്ന് കരുതിയാണ് രജനീകാന്ത് നിലത്തു കിടന്നുറങ്ങിയതെന്നാണ് അരവിന്ദ് സ്വാമി പറയുന്നത്. താരത്തിന്റെ ആ വെളിപ്പെടുത്തല്‍ അന്ന് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു.

രജനീകാന്തും മമ്മൂട്ടിയുമായി മണിരത്‌നം ആദ്യമായി ഒരുമിച്ച ചിത്രമായിരുന്നു ദളപതി. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറുകയും ആരാധകരുടെ ഇടയില്‍ കള്‍ട്ട് സ്റ്റാറ്റസ് നേടുകയും ചെയ്തു. ശോഭന, അമരീഷ് പുരി, ശ്രീവിദ്യ, ഭാനു പ്രിയ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്ന സിനിമയായിരുന്നു ദളപതി. സന്തോഷ് ശിവനായിരുന്നു ഛായാഗ്രഹണം. സംഗീതമൊരുക്കിയത് ഇളയരാജയായിരുന്നു.
അതേസമയം രജനീകാന്തിനെ അവസാനമായി സ്‌ക്രീനില്‍ കണ്ടത് മകള്‍ ഐശ്വര്യ ഒരുക്കിയ ലാല്‍ സലാമിലായിരുന്നു. പക്ഷെ ചിത്രം ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമായിരുന്നു. താരം ഇപ്പോള്‍ ടിജെ ജ്ഞാനവേല്‍ ഒരുക്കുന്ന വേട്ടയാനിലാണ് അഭിനയിക്കുന്നത്. ഫഹദ് ഫാസില്‍, അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, റിതിക സിംഗ്, റാണ ദഗ്ഗുബട്ടി, ദുഷറ വിജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











