ഹേമ മാലിനിയുമായുള്ള അച്ഛന്റെ രണ്ടാം വിവാഹം; അച്ഛനോട് ദേഷ്യമായി, അവഗണനയും അനുസരണക്കേടും
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് സണ്ണി ഡിയോളും ബോബി ഡിയോളും. സൂപ്പര്‍ താരമായ ധര്‍മ്മേന്ദ്രയുടെ മക്കളാണ് ഇരുവരും. അച്ഛന്റെ പാതയിലൂടെ ഇരുവരും സിനിമയിലേക്ക് എത്തുകയായിരുന്നു. അധികം വൈകാതെ തന്നെ ബോൡവുഡിലെ സൂപ്പര്‍ താരങ്ങളായി മാറാനും ഇരുവര്‍ക്കും സാധിച്ചു. ഒരിടവേളയ്ക്ക് ശേഷം ഈയ്യടുത്ത് ഇരുവരും ബോക്‌സ് ഓഫീസില്‍ വലിയ വിജയങ്ങളുമായി തിരികെ വരുകയായിരുന്നു.
കളിഞ്ഞ ദിവസം കപില്‍ ശര്‍മ അവതാരകനായി എത്തുന്ന ദ ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയില്‍ അതിഥികളായി ബോബിയും സണ്ണിയും എത്തിയിരുന്നു. തങ്ങളുടെ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഇരുവരും വികാരഭരിതരായി സംസാരിച്ചിരുന്നു. തങ്ങളുടെ അച്ഛനുമായുണ്ടായിരുന്ന ഭിന്നതയെക്കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. ധര്‍മ്മേന്ദ്ര ഹേമ മാലിനിയെ വിവാഹം കഴിച്ചപ്പോഴായിരുന്നു ഇത്.

ബോളിവുഡിലെ ഐക്കോണിക് ജോഡിയാണ് ധര്‍മ്മേന്ദ്രയും ഹേമ മാലിനിയും. ഓണ്‍ സ്‌ക്രീനിലെ ജോഡി ഓഫ് സ്‌ക്രീനിലും പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ ഈ സമയത്ത് ധര്‍മ്മേന്ദ്ര വിവാഹിതനും അച്ഛനുമായിരുന്നു. ഹേമയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച ധര്‍മ്മേന്ദ്ര പക്ഷെ ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ ഒരുക്കമായിരുന്നില്ല. ഇതോടെ മതം മാറിയാണ് ധര്‍മ്മേന്ദ്ര ഹേമയെ വിവാഹം കഴിച്ചത്.
ഇതോടെ ധര്‍മ്മേന്ദ്രയുമായുള്ള മക്കളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു. മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ അതേക്കുറിച്ച് ബോബി ഡിയോള്‍ തുറന്നു പറഞ്ഞിരുന്നു. അച്ഛന്റെ രണ്ടാം വിവാഹത്തെ തുടര്‍ന്ന് താന്‍ റിബലായി മാറിയെന്നും അച്ഛനെ അനുസരിക്കാതായെന്നുമാണ് നേരത്തെ ബോബി ഡിയോള്‍ പറഞ്ഞത്. ധര്‍മ്മേന്ദ്ര ഹേമ മാലിനിയെ വിവാഹം കഴിക്കുമ്പോള്‍ ബോബിയ്ക്ക് 11 വയസായിരുന്നു.
''ഞാന്‍ ആദ്യമായി ഡിസ്‌കോയില്‍ പോകുന്നത് 18 വയസുള്ളപ്പോഴാണ്. അതിന് ശേഷം എന്റെ ഉള്ളിലൊരു റിബല്‍ ജനിച്ചു. വര്‍ഷങ്ങളോളം ഞാന്‍ എന്റെ മാതാപിതാക്കളെ അവഗണിച്ചു. അച്ഛന്റെ വാക്കുകള്‍ അവഗണിച്ചു. എന്റെ നന്മയ്ക്ക് വേണ്ടി അച്ഛന്‍ പറഞ്ഞു തരുന്ന കാര്യങ്ങള്‍ പോലും ഞാന്‍ കേള്‍ക്കാതായി. ഞാന്‍ അന്ധനായി മാറുകയായിരുന്നു. ഞാനും അച്ഛനും തമ്മിലുള്ള ബന്ധം ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നു പോകുന്ന സമയമായിരുന്നു അത്'' എന്നാണ് ബോബി പറഞ്ഞത്.
അതേസമയം കുറച്ച് നാളുകള്‍ മുമ്പാണ് ധര്‍മ്മേന്ദ്രയും ഹേമ മാലിനിയും തങ്ങളുടെ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. 44-ാം വിവാഹ വാര്‍ഷികമാണ് ഇരുവരും ആഘോഷിച്ചത്. അതേസമയം വിവാഹ വാര്‍ഷികത്തില്‍ സണ്ണിയും ബോബിയും പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അച്ഛനുമായും ഹേമയുമായി യാതൊരു ഭിന്നതകളും സണ്ണിയ്ക്കും ബോബിയ്ക്കുമില്ല. മൂവരും പിന്നീട് ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

ഈയ്യടുത്താണ് സണ്ണിയും ബോബിയും ബോക്‌സ് ഓഫീസിലേക്ക് വന്‍ തിരിച്ചുവരവ് നടത്തുന്നത്. ഏറെകാലത്തെ ഇടവേളയ്ക്ക് ശേഷം സണ്ണി തിരികെ വരുന്നത് ഗദ്ദര്‍ 2വിലൂടെയായിരുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറിയിരുന്നു. ചരിത്ര വിജയം തന്നെയാണ് ചിത്രം നേടിയത്. പിന്നീട് ആനിമല്‍ എന്ന ബ്ലോക്ബസ്റ്ററിലൂടെ ബോബി ഡിയോളും ബോക്‌സ് ഓഫീസില്‍ വലിയ തിരിച്ചുവരവ് നടത്തിയിരുന്നു.
തങ്ങളും അച്ഛനും നാളുകളായി തിരിച്ചുവരവിനായി ശ്രമിക്കുകയായിരുന്നു. എന്നാല്‍ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. പക്ഷെ മകന്റെ മകള്‍ ജനിച്ചതോടെയാണ് തങ്ങളുടെ തിരിച്ചുവരവ് അടക്കമുള്ള സന്തോഷം ജീവിതത്തില്‍ സംഭവിക്കുന്നതെന്നാണ് സണ്ണി ഡിയോള്‍ കപില്‍ ശർമയുടെ ഷോയില്‍ പറഞ്ഞത്.


Click it and Unblock the Notifications