'ബച്ചനും ഭാര്യ ജയയും കാമുകി രേഖയും ഒന്നിച്ച്; ഞാൻ പേടിച്ചു! അന്ന് എന്തും സംഭവിക്കാമായിരുന്നു'; യാഷ് ചോപ്ര!
ബോളിവുഡിലെ ഐക്കോണിക്ക് ജോഡിയാണ് അമിതാഭ് ബച്ചനും രേഖയും. ഇവർ ഒന്നിച്ചെത്തിയ സിനിമകളൊക്കെ സൂപ്പർ ഹിറ്റുകളായിരുന്നു. ഇന്നും ബോളിവുഡ് ചർച്ച ചെയ്യുന്ന കോംബോയാണ് ഇവരുടേത്. അതുപോലെ ഇവരുടെ പ്രണയവും പതിറ്റാണ്ടുകളായി ബോളിവുഡിലെ പ്രധാന ചർച്ച വിഷയമാണ്. ബച്ചൻ ജയയെ വിവാഹം ചെയ്ത ശേഷമാണ് രേഖയുമായി പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ ഒരിക്കൽ പോലും ആ വാർത്തകളോട് പ്രതികരിക്കാൻ ബച്ചൻ തയ്യാറായിരുന്നില്ല.
ആദ്യമൊക്കെ രേഖയും ഇതിൽ മൗനം പാലിച്ചെങ്കിലും പിന്നീട് താരം തന്റെ പ്രണയം ലോകത്തോട് വിളിച്ചു പറഞ്ഞിരുന്നു. അതേസമയം, ഇവർ പ്രണയത്തിലായിരിക്കെ തന്നെ ഈ ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ മറ്റൊരാൾ കൂടിയുണ്ട്. തുറന്ന് പറയുക മാത്രമല്ല തന്റെ സിനിമയിൽ അമിതാഭ് ബച്ചനേയും രേഖയേയും ജയയേയും ഒന്നിച്ച് അഭിനയിപ്പിക്കുകയും ചെയ്തിരുന്നു. അത് മറ്റാരുമല്ല, സംവിധായകനും നിർമാതാവുമായ യാഷ് ചോപ്രയാണ്.

അവരുടെ യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്നത് തന്നെ സിനിമയിലേക്ക് പകർത്തുകയായിരുന്നു അദ്ദേഹം. യാഷ് ചോപ്രയുടെ സിൽസില എന്ന സിനിമയിലാണ് മൂവരും ഒന്നിച്ചെത്തിയത്. ചിത്രത്തിൽ അമിതാഭ് ബച്ചന്റെ ഭാര്യ ആയിരുന്നു ജയ ബച്ചൻ, നടൻ സഞ്ജീവ് കുമാറിന്റെ ഭാര്യയുടെ വേഷത്തിൽ ആയിരുന്നു രേഖ എത്തിയത്. ഇതിൽ ബച്ചനും രേഖയും വിവാഹേതര ബന്ധം പുലർത്തുന്നവരായിരുന്നു.
ഒരിക്കൽ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ യാഷ് ചോപ്ര തന്നെ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. സിൽസില ചെയ്യുന്ന സമയത്ത് ഞാൻ പേടിച്ച് ടെൻഷൻ അടിച്ചു നടക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. സിനിമയിൽ ജയ അമിതാഭ് ബച്ചന്റെ ഭാര്യയാണ്, രേഖ അവന്റെ കാമുകിയും. അതേ കഥയാണ് അവരുടെ യഥാർത്ഥ ജീവിതത്തിലും നടക്കുന്നത്. അവർ ഒരുമിച്ച് അഭിനയിക്കുകയാണ്. എന്ത് വേണമെങ്കിലും സംഭവിക്കാമായിരുന്നു എന്നാണ് യാഷ് ചോപ്ര പറഞ്ഞത്.
അതേസമയം, രേഖ തന്റെ ജീവചരിത്രമായ ദി അൺടോൾഡ് സ്റ്റോറിയിൽ, അമിതാഭ് ബച്ചനും താനും തമ്മിലുള്ള എല്ലാ ബന്ധങ്ങളും എങ്ങനെയാണ് അവസാനിച്ചതെന്ന് പറഞ്ഞിട്ടുണ്ട്. 'ഒരിക്കൽ ഞാൻ മുഖദ്ദർ കാ സിക്കന്ദർ എന്ന സിനിമയുടെ ട്രയൽ ഷോ കാണാൻ പോയപ്പോൾ പ്രൊജക്ഷൻ റൂമിലൂടെ ബച്ചൻ കുടുംബത്തെ മുഴുവൻ നോക്കുകയായിരുന്നു. ജയ മുൻ നിരയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു, ബച്ചനും അദ്ദേഹത്തിന്റെ മാതാപിതാക്കളും ജയയുടെ പുറകിലെ നിരയിൽ ഉണ്ട്',

'എനിക്ക് അവരെ കാണാൻ കഴിയുന്നത്ര വ്യക്തമായി അവർക്ക് എന്നെ കാണാൻ കഴിയില്ലായിരുന്നു. എന്റെയും ബച്ചന്റെയും പ്രണയ രംഗങ്ങൾ വരുമ്പോൾ ജയയുടെ കണ്ണിൽ നിന്ന് കണ്ണുനീരൊഴുകുന്നത് എനിക്ക് കാണാമായിരുന്നു. ആ ഷോ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ഇൻഡസ്ട്രിയിലെ എല്ലാവരും എന്നോട് വന്ന് പറഞ്ഞു. തന്നോടൊപ്പം ഇനി പ്രവർത്തിക്കില്ലെന്ന് അമിതാഭ് ബച്ചൻ നിർമ്മാതാക്കളെയെല്ലാം അറിയിച്ചെന്ന്. എല്ലാവരും ഇക്കാര്യം എന്നോട് വന്ന് പറഞ്ഞു. പക്ഷേ അദ്ദേഹം മാത്രം ഈ വിഷയത്തെക്കുറിച്ച് എന്നോട് ഒരക്ഷരം മിണ്ടിയില്ല',
അവസാനം ഞാൻ ഇതേ കുറിച്ച് ചോദിക്കാൻ ശ്രമിച്ചപ്പോൾ, 'ഞാൻ ഒരു വാക്കുപോലും പറയാൻ പോകുന്നില്ല, അതേക്കുറിച്ച് എന്നോട് ചോദിക്കരുത്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം', രേഖ പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് അമിതാഭ് ബച്ചനോട് തനിക്ക് ഭ്രാന്തമായ പ്രണയമായിരുന്നെന്ന് രേഖ സമ്മതിച്ചത്. തന്റെ ജീവിതത്തിൽ താൻ പ്രണയിച്ച ഏക വ്യക്തി ബച്ചൻ ആയിരുന്നു എന്നാണ് രേഖ അന്ന് പറഞ്ഞത്.


Click it and Unblock the Notifications