കല്യാണ വിവരം ദിവ്യ രഹസ്യമാക്കി വച്ചത് നാല് മാസം; ഒടുവില്‍ അറിഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞത്
ചിലര്‍ക്ക് ആളുകളുടെ മനസില്‍ ഇടം നേടാന്‍ അധികം സമയമൊന്നും വേണ്ട. കുറഞ്ഞകാലം കൊണ്ട് തന്നെ എന്നന്നേക്കും ഓര്‍ത്തുവെക്കാന്‍ പാകത്തിനുള്ള സ്വാധീനം അവര്‍ മറ്റുള്ളവരുടെ ജീവിതത്തിലുണ്ടാക്കും. അത്തരത്തിലൊരാളാണ് നടി ദിവ്യ ഭാരതി. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡിലൊരു ഇടം നേടിയെടുത്ത താരമാണ് ദിവ്യ ഭാരതി. ചെറിയ പ്രായത്തില്‍ തന്നെ സ്വപ്‌നതുല്യമായ താരപദവിയിലേക്ക് എത്തിയിരുന്നു ദിവ്യ ഭാരതി.
ഇതിനിടെയാണ് ദിവ്യ നിര്‍മ്മാതാവ് സാജിദ് നദിയാദ്വാലയുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ഇരുവരും ഉടനെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹിതയാകുമ്പോള്‍ ദിവ്യ ഭാരതിയുടെ പ്രായം 18 വയസ് മാത്രമായിരുന്നു. നാല് മാസത്തോളം തങ്ങളുടെ വിവാഹ വിവരം ഇരുവരും രഹസ്യമാക്കി സൂക്ഷിക്കുകയായിരുന്നു. ദിവ്യയുടെ അച്ഛന് പോലും ഇക്കാര്യം അറിയില്ലായിരുന്നു.

ഒരിക്കല്‍ ദിവ്യയുടെ അമ്മ മീട്ട ഭാരതിയാണ് പിന്നീട് ഇക്കാര്യം ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞത്. നാല് മാസത്തോളം ദിവ്യ തന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിച്ചിരുന്നുവെന്നാണ് അമ്മ പറഞ്ഞത്. വിവാഹം കഴിഞ്ഞ വിവരം അച്ഛന്‍ അറിഞ്ഞിരുന്നില്ലെന്നും അമ്മ പറയുന്നു. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മീട്ട ഭാരതി ഇക്കാര്യം തുറന്ന് പറഞ്ഞത്.
ഷോലെ ഓര്‍ ശബ്‌നം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ദിവ്യയും സാജിദും കണ്ടുമുട്ടുന്നത്. ലൊക്കേഷനില്‍ ഗോവിന്ദയെ കാണാനെത്തിയതായിരുന്നു സാജിദ്. ''അന്ന് അവള്‍ അവനെ കണ്ട ദിവസം അവള്‍ എന്നോട് ചോദിച്ചു, അമ്മ നിങ്ങള്‍ക്ക് സാജിദനെ ഇഷ്ടമായോ എന്ന്. അവന്‍ നല്ലവനാണെന്ന് ഞാന്‍ പറഞ്ഞു. മാസങ്ങള്‍ക്ക് ശേഷം അവള്‍ ചോദിച്ചത് അവനെ വിവാഹം കഴിച്ചോട്ടെ എന്നാണ്. ഞാന്‍ അച്ഛനോട് ചോദിക്കാന്‍ പറഞ്ഞു. അച്ഛന്‍ എതിരായിരുന്നു. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാരണങ്ങളുണ്ടായിരുന്നു'' എന്നാണ് മീട്ട പറയുന്നത്.

എന്നാല്‍ തനിക്ക് പതിനെട്ട് വയസായതും താന്‍ സാജിദിനെ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് ദിവ്യ അമ്മയോട് പ്രഖ്യാപിക്കുകയായിരുന്നു. ''അവള്‍ക്ക് 18 ആയപ്പോള്‍ പറഞ്ഞത്, മമ്മി, ഞാന്‍ സാജിദിനെ കല്യാണം കഴിക്കാന്‍ പോവുകയാണെന്നാണ്. നിങ്ങള്‍ വരണമെന്നും എന്റെ സാക്ഷിയാകണമെന്നും പറഞ്ഞു. അച്ഛനോട് പറ എന്നാല്‍ ഞാന്‍ വരാമെന്ന് ഞാനും പറഞ്ഞു. എന്നാല്‍ വരണ്ട എന്നവള്‍ പറഞ്ഞു'' ദിവ്യയുടെ അമ്മ ഓര്‍ക്കുന്നു.
ദിവ്യയുടെ വിവാഹം നടന്ന ദിവസവും മീട്ട ഓര്‍ക്കുന്നുണ്ട്. സാജിദിനൊപ്പം ഒരു ദിവസം പുതിയ വീട്ടില്‍ ചെലവിട്ട ശേഷം പിറ്റേദിവസം തന്നെ ദിവ്യ മാതാപിതാക്കളുടെ വീട്ടിലേക്ക് തിരികെ വരികയായിരുന്നു. ''അടുത്ത ദിവസം തന്നെ അവള്‍ ഞങ്ങളുടെ വീട്ടിലേക്ക് തിരികെ വന്നു. അപ്പോഴും അച്ഛനോട് പറഞ്ഞിരുന്നില്ല. അദ്ദേഹത്തോട് എന്ത് പറയും, എവിടെയാണ് ദിവ്യ. അവള്‍ ഞങ്ങളുടെ കൂടെ തന്നെ താമസിച്ചു. ഇടയ്ക്ക് ഇടയ്ക്ക് ദിവ്യ സാജിദിനെ കണ്ടു വന്നു'' എന്നാണ് അമ്മ പറയുന്നത്.

അങ്ങനെ നാല് മാസങ്ങള്‍ക്ക് ശേഷം സാജിദ് ദിവ്യയുടെ അച്ഛന്റേയും അമ്മയുടേയും വീട്ടിലേക്ക് എത്തുകയായിരുന്നു. ''സാജിദ് എന്റെ ഭര്‍ത്താവിനോട് താനും ദിവ്യയും വിവാഹം കഴിച്ചതായി പറഞ്ഞു. ഓക്കെ, നിങ്ങള്‍ കല്യാണം കഴിച്ച സ്ഥിതിയ്ക്ക് ഇനി ഞങ്ങള്‍ക്ക് ഇത്തിരി സമയം തരൂ, ഔദ്യോഗികമായി ഞങ്ങള്‍ പ്രഖ്യാപിക്കുകയും വലിയ പാര്‍ട്ടിയൊരുക്കുകയും ചെയ്യാം എന്നദ്ദേഹം സാജിദിനോട് പറഞ്ഞു. കഴിഞ്ഞത് കഴിഞ്ഞുവെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് സാജിദിനോട് എതിര്‍പ്പുണ്ടായിരുന്നില്ല'' എന്നാണ് മീട്ട പറയുന്നത്.

എന്നാല്‍ ദിവ്യയുടേയും സാജിദിന്റേയും ദാമ്പത്യ ജീവിതത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞതും ദിവ്യ മരണപ്പെടുകയായിരുന്നു. തന്റെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണായിരുന്നു ദിവ്യ മരിക്കുന്നത്. മരിക്കുമ്പോള്‍ വെറും 19 വയസായിരുന്നു ദിവ്യയ്ക്ക്. 2021 ലാണ് ദിവ്യയുടെ അച്ഛന്‍ ഓം ഭാര്‍തി മരണപ്പെടുന്നത്.


Click it and Unblock the Notifications











