അവള്‍ ചോദിച്ച് വാങ്ങിയ അടി; സെറ്റില്‍ വച്ച് അമൃതയുടെ കരണം പുകച്ച് ഇഷ ഡിയോള്‍; അന്ന് നടന്നത്
താരങ്ങള്‍ക്കിടയില്‍ വഴക്കും പിണക്കവുമൊക്കെ ബോളിവുഡില്‍ പതിവാണ്. പല താരങ്ങളും വര്‍ഷങ്ങളോളം പരസ്പരം മുഖം കൊടുക്കാതെ നടന്നിട്ടുണ്ട്. പലപ്പോഴും ചെറിയ പ്രശ്‌നങ്ങളാണ് വലിയ ഈഗോ ക്ലാഷിലേക്ക് എത്തിക്കുന്നത്. താരങ്ങള്‍ക്കിടയിലെ വഴക്കിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പലപ്പോഴും കടന്നു വരുന്ന സംഭവമാണ് ഇഷ ഡിയോള്‍ അമൃത റാവുവിന്റെ കരണത്തടിച്ച സംഭവം.
ഇഷയും അമൃതയും ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു 2005 ല്‍ പുറത്തിറങ്ങിയ പ്യാരെ മോഹന്‍. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അമൃതയും ഇഷയും തമ്മില്‍ പ്രശ്നം ഉടലെടുക്കുന്നത്. ഒരുഘട്ടം കഴിഞ്ഞതോടെ വഴക്ക് അതിരുകടന്നു. ഇഷ അമൃതയുടെ കരണത്തടിച്ചു. ഈ സംഭവത്തെക്കുറിച്ച് ഇഷ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ഒരു ദിവസം ചിത്രീകരണം കഴിഞ്ഞതിന് പിന്നാലെ അമൃത സംവിധായകന്‍ അടക്കമുള്ളവരുടെ മുന്നില്‍ വച്ച് തന്നെ അപമാനിച്ചെന്നാണ് ഇഷ പറയുന്നത്. ചിത്രത്തിന്റെ സംവിധായന്‍ ഇന്ദ്ര കുമാറും ക്യാമറമാനുമൊക്കെ അവിടെയുണ്ടായിരുന്നുവെന്നും ഇഷ പറയുന്നു. എല്ലാവരുടേയും മുന്നില്‍ വച്ച് അപമാനിതയായ താന്‍ അമൃതയുടെ കരണത്തടിച്ചു എന്നാണ് ഇഷ പറഞ്ഞത്. തല്ലിയതില്‍ കുറ്റബോധവും ഇഷയ്ക്കില്ലായിരുന്നു. അമൃത അത് അര്‍ഹിച്ചിരുന്നുവെന്നും ഇഷ പറയുന്നുണ്ട്.
''എന്റെ ആത്മാഭിമാനത്തെ സംരക്ഷിക്കാന്‍ ആ നിമിഷത്തിന്റെ ചൂടില്‍ ഞാന്‍ അവളുടെ കരണത്തടിക്കുകയായിരുന്നു. എനിക്ക് അതിലൊരു കുറ്റബോധവുമില്ല. ആ നിമിഷം അവള്‍ എന്നോട് പെരുമാറിയത് വച്ച് നോക്കുമ്പോള്‍ ആ അടി അവള്‍ അര്‍ഹിച്ചിരുന്നു. എനിക്കും എന്റെ ആത്മാഭിമാനത്തിനും വേണ്ടിയാണ് ഞാനത് ചെയ്തത്'' എന്നാണ് ഇഷ ഡിയോള്‍ പറഞ്ഞത്.
അതേസമയം, പിന്നീട് അമൃത തന്നോട് മാപ്പ് ചോദിച്ചെന്നും താന്‍ മാപ്പ് നല്‍കിയെന്നും ഇഷ പറഞ്ഞിരുന്നു. അതോടെ പ്രശ്നങ്ങള്‍ അവസാനിച്ചുവെന്നുമാണ് ഇഷ പറഞ്ഞത്. എന്നാല്‍ വാര്‍ത്തകളോട് പ്രതികരിക്കാന്‍ അമൃത കൂട്ടാക്കിയിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. വിവേക് ഒബ്റോയ്, ഫര്‍ദീന്‍ ഖാന്‍ എന്നിവര്‍ നായകന്മാരായി എത്തിയ സിനിമയായിരുന്നു പ്യാരെ മോഹന്‍. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. എന്നാല്‍ അമൃതയും ഇഷയും തമ്മിലുള്ള വഴക്ക് കാരണം സിനിമ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു.

സൂപ്പര്‍ താരങ്ങളായ ധര്‍മേന്ദ്രയുടേയും ഹേമ മാലിനിയുടേയും മകളാണ് ഇഷ ഡിയോള്‍. കോയ് മേരെ ദില്‍സെ പൂച്ഛേ എന്ന സിനിമയിലൂടെയായിരുന്നു ഇഷയുടെ അരങ്ങേറ്റം. പിന്നീട് എല്‍ഒസി കാര്‍ഗില്‍, യുവ, ധൂം, ആയുധ എഴുത്ത്, കാല്‍, ദസ്, നോ എന്‍ട്രി, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ധൂം വലിയ വിജമായി മാറി. തമിഴില്‍ അഭിനയിച്ച ആയുധ എഴുത്തും സൂപ്പര്‍ ഹിറ്റായി. എന്നാല്‍ കരിയറില്‍ പ്രതീക്ഷിച്ച തരത്തിലേക്ക് ഉയരാന്‍ ഇഷയ്ക്ക് സാധിച്ചില്ല.
അതേസമയം, അബ് കെ ബറാസ് എന്ന ചിത്രത്തിലൂടെയായിരുന്നു അമൃതയുടെ അരങ്ങേറ്റം. പിന്നീട് ഇഷ്‌ക് വിഷ്‌ക്, മസ്തി, മേം ഹൂം നാ, ദീവാര്‍, വിവാഹ്, വെല്‍ക്കം ടു സജ്ജന്‍പൂര്‍, ജോളി എല്‍എല്‍ബി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. താക്കറെയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











