വിമാനയാത്രയ്ക്കിടെ അപസ്മാരം വന്നു, രണ്ട് ദിവസം ആശുപത്രിയില്‍; ബാധകൂടിയതാണെന്ന് പറഞ്ഞു!
ആമിര്‍ ഖാന്‍ നായകനായ ദംഗലിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഫാത്തിമ സന ഷെയ്ഖ്. തനിക്ക് അപസ്മാരമുണ്ടെന്ന് ഒരിക്കല്‍ ഫാത്തിമ തുറന്നു പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ തുറന്ന് പറച്ചില്‍. പിന്നാലെ തനിക്ക് വിമാന യാത്രയ്ക്കിടെ അപസ്മാരമുണ്ടായതിനെക്കുറിച്ചും ഫാത്തിമ മനസ് തുറന്നിരുന്നു.
ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഫാത്തിമ വെളിപ്പെടുത്തല്‍ നടത്തിയത്. അഞ്ച് തവണ സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും എന്നിട്ടും താന്‍ സ്ഥിരമായി ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെന്ന് പറഞ്ഞ ഫാത്തിമ പക്ഷെ ആ അനുഭവം തനിക്ക് വലിയ തിരിച്ചറിവുണ്ടാക്കിയെന്നാണ് പറയുന്നത്.

''ഞാന്‍ എന്റെ ജോലിയും ജീവിതവും ഒന്ന് ഹോള്‍ഡ് ചെയ്തു. അതെനിക്ക് വലിയൊരു ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നാണ് ഞാന്‍ കരുതിയത്. മുമ്പും എപ്പിസോഡുകളുണ്ടായിട്ടുണ്ട്. പക്ഷെ ഇത്തവണ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഞാന്‍ ഒറ്റയ്ക്കായിരുന്നു. ഇപ്പോള്‍ എനിക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാനാകില്ല. ആരെങ്കിലും എന്റെ കൂടെയുണ്ടാകണം'' ഫാത്തിമ പറയുന്നു.
ഈ അനുഭവത്തോടെയാണ് തന്റെ രോഗാവസ്ഥയെക്കുറിച്ച് ലോകത്തോട് തുറന്ന് പറയാന്‍ തീരുമാനിക്കുന്നതെന്നും ഫാത്തിമ പറയുന്നു. തന്റെ ന്യൂറോണജിക്കല്‍ സാഹചര്യം മറച്ചുവെക്കാന്‍ തന്റേതായ ഒരുപാട് കാരണങ്ങളുണ്ടായിരുന്നു എന്നും അഭിമുഖത്തില്‍ ഫാത്തിമ പറയുന്നുണ്ട്. ആളുകള്‍ തന്നെ ദുര്‍ബലയായി കണക്കാക്കുമെന്നും തന്റെ ജോലിയെ ബാധിക്കുമെന്ന് ഭയന്നിരുന്നുവെന്നും ഫാത്തിമ തുറന്ന് പറഞ്ഞിരുന്നു.
കൂടാതെ തന്റെ അവസ്ഥ കാരണം താന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സാം ബഹാദൂര്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം വന്നു എന്നും ഫാത്തിമ അന്ന് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് സാം ബഹാദൂര്‍ തീയേറ്ററുകളിലേക്ക് എത്തിയത്. താന്‍ കാരണം രണ്ട് ദിവസം ഷൂട്ടിംഗ് നടന്നില്ലെന്നാണ് താരം പറയുന്നത്.
''ഗ്രാമങ്ങളിലുള്ളവര്‍ കരുതുന്നത് മയക്കുമരുന്ന്, ദേവിയുടെ ബാധ കൂടിയതാണ് എന്നൊക്കെയാണ്. ആളുകള്‍ക്ക് അറിയാത്തത് മൂലം കല്യാണം പോലും നടക്കാത്തവരുണ്ട്. അവര്‍ക്ക് ജോലി ചെയ്യാന്‍ പറ്റുന്നില്ല. ആളുകളൊരു ബാധ്യതയായിട്ടാണ് കാണുന്നത്. അതിനാലാണ് ഞാന്‍ അതേക്കുറിച്ച് സംസാരിക്കുകയോ ആരോടും പറയുകയോ ചെയ്യാതിരുന്നത്'' എന്നും ഫാത്തിമ പറയുന്നുണ്ട്.

ആമിര്‍ ഖാന്‍ നായകനായ ദംഗല്‍ എന്ന ചിത്രത്തിലൂടെയാണ് ഫാത്തിമ താരമായി മാറുന്നത്. ബാലതാരമായിട്ടാണ് ഫാത്തിമ സന സിനിമയിലെത്തുന്നത്. ദംഗലിലെ പ്രകടനം കയ്യടി നേടിക്കൊടുക്കുകയും ചെയ്തു. പിന്നീട് തഗ്ഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍, അജീബ് ദാസ്താന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്ത സാം ബഹാദൂര്‍ ആണ് ഫാത്തിമയുടെ ഏറ്റവും പുതിയ സിനിമ.
അതേസമയം, ആമിര്‍ ഖാനുമായുള്ള അടുപ്പത്തിന്റെ പേരിലും ഫാത്തിമയ്ക്ക് സോഷ്യല്‍ മീഡിയയുടെ സാദാചാര ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. ഇരുവരും പ്രണയത്തിലാണെന്നും ആമിര്‍ ഖാന്‍ വിവാഹ മോചനം നേടിയതിന്റെ കാരണം ഫാത്തിമയാണെന്നും സോഷ്യല്‍ മീഡിയ ആരോപിച്ചിരുന്നു. എന്നാല്‍ ആമിര്‍ ഖാന്‍ തനിക്ക് ഗുരുവാണെന്നും തങ്ങളുടേത് തീര്‍ത്തും പ്രൊഫണഷലായ ബന്ധമാണെന്നും ഫാത്തിമ പറഞ്ഞിരുന്നു. ആമിറിന്റെ കുടുംബവുമായും ഫാത്തിമയ്ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്.


Click it and Unblock the Notifications