ജീവിതത്തിലെ വലിയ പ്രതിസന്ധി, ഗോവിന്ദ അന്ന് എന്റെ കരം പിടിച്ച് അരികിലിരുന്നു: രവീണ
ബോളിവുഡിലെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് ഗോവിന്ദ. ഒരുകാലത്ത് ഗോവിന്ദയോളം തിരക്കുള്ള മറ്റൊരു നായകന്‍ ഉണ്ടായിരുന്നില്ല. ബോക്‌സ് ഓഫീസില്‍ സാക്ഷാല്‍ അമിതാഭ് ബച്ചനെ പോലും ഗോവിന്ദ പിന്നിലാക്കിയിരുന്നു. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ച് ബോളിവുഡിനെ അക്ഷരാര്‍ത്ഥത്തില്‍ ഭരിച്ച താരം. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും ഗോവിന്ദയേയും ഗോവിന്ദ സിനിമകളുണ്ടാക്കിയ ഓളത്തേയും ഒരിക്കലും ബോളിവുഡ് മറക്കില്ല.
ഗോവിന്ദയ്‌ക്കൊപ്പം അഭിനയിച്ച നടിമാരില്‍ ഏറ്റവും ജനപ്രീതി നേടിയവരില്‍ ഒരാളാണ് രവീണ ടണ്ടന്‍. ഒരുകാലത്ത് ഏറ്റവും ജനപ്രീയ ജോഡിയായിരുന്നു ഗോവിന്ദയും രവീണ ടണ്ടനും. ഇരുവരും ഒരുമിച്ച് നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. ദുല്‍ഹേ രാജ, അഖിയോം സേ ഗോലി മാരേ, ബഡേ മിയ ഛോട്ടേ മിയാ, സാന്‍ഡ്വിച്ച് തുടങ്ങി നിരവധി ഹിറ്റുകള്‍ ഇരുവരും ഒരുമിച്ചപ്പോള്‍ പിറന്നിട്ടുണ്ട്. അത്രയും സിനിമകള്‍ ഒരുമിച്ച് അഭിനയിച്ചതു കൊണ്ട് തന്നെ ഗോവിന്ദയും രവീണയും തമ്മില്‍ അഭേദ്യമായ സൗഹൃദവും നിലനിന്നിരുന്നു.

ഗോവിന്ദയുമായുള്ള തന്റെ സൗഹൃദത്തിന്റെ ആഴത്തെക്കുറിച്ച് ഒരിക്കല്‍ രവീണ മനസ് തുറന്നിരുന്നു. 2022 ല്‍ നല്‍കിയൊരു അഭിമുഖത്തില്‍ എങ്ങനെയാണ് തന്റെ ജീവിതത്തിലെ മോശം സമയത്ത് ഗോവിന്ദ തന്റെ കൂടെ നിന്നതെന്ന് രവീണ വിശദീകരിക്കുന്നുണ്ട്. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് രവീണ ഗോവിന്ദയെക്കുറിച്ച് മനസ് തുറന്നത്. ഈ സമയത്ത് ഇരുവരും സ്വിറ്റ്‌സര്‍ലണ്ടിലായിരുന്നു. ഗോവിന്ദയെ ചെല്ലപ്പേരായ ചീച്ചി എന്നാണ് രവീണയും വിളിക്കുന്നത്.
''ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഞങ്ങള്‍ സ്വിറ്റ്‌സര്‍ലണ്ടിലായിരുന്നു. ആ സമയത്ത് എന്റെ ജീവിതത്തില്‍ വലിയൊരു പ്രശ്‌നം നടക്കുന്നുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം എന്റെ അരികില്‍ വന്നിരുന്നു. നീ കേട്ടോ എന്ന് ചോദിച്ചു. എന്ത് എന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം ആ വാര്‍ത്ത എന്നെ അറിയിച്ചു. ഞാന്‍ ഇത് കേട്ടു. നിന്നോടിത് പറയുന്ന ആദ്യത്തെ ആള്‍ ഞാനായിരിക്കണമെന്ന് കരുതി എന്നും അദ്ദേഹം പറഞ്ഞു'' എന്നാണ് രവീണ പറയുന്നത്.
'അദ്ദേഹം എന്റെ കയ്യില്‍ പിടിച്ച് എന്റെ അടുത്ത് കുറച്ച് നേരം ഇരുന്നു. ഞാന്‍ ഞെട്ടല്‍ കാരണം ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു. അദ്ദേഹം അവിടെ തന്നെ ഇരുന്നു. ധൈര്യം കൈ വിടരുത്, ഞങ്ങളൊക്കെ കൂടെ തന്നെയുണ്ട് എന്ന് പറഞ്ഞു' എന്നാണ് രവീണ ഓര്‍ക്കുന്നത്. പണ്ടത്തെ കാലത്ത് താരങ്ങള്‍ക്കിടയിലെ ബന്ധം വളരെ ശക്തമായിരുന്നുവെന്നാണ് രവീണ പറയുന്നത്. ഇന്ന് സാങ്കേതിക വിദ്യ വളര്‍ന്നതോടെ അത് നഷ്ടമായമെന്നും താരം പറയുന്നുണ്ട്.
ഇന്ന് സംവിധായകന്‍ കട്ട് പറയുന്നതും താരങ്ങള്‍ തങ്ങളുടെ ഫോണിലേക്ക് മാറുമെന്നാണ് രവീണ പറയുന്നത്. അല്ലെങ്കില്‍ സ്വന്തം വാനിറ്റി വാനിലേക്കും പോവും. അതിനാല്‍ താരങ്ങള്‍ക്ക് പരസ്പരം സംസാരിക്കാനോ ബന്ധം സൃഷ്ടിക്കാനോ സാധിക്കില്ല എന്നാണ് രവീണ ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യനും മനുഷ്യനും തമ്മിലുണ്ടായിരുന്ന ബന്ധത്തെ സാങ്കേതിക വിദ്യ ഇല്ലാതാക്കിയെന്നാണ് രവീണയുടെ അഭിപ്രായം.

അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം തിരികെ വന്നിരിക്കുകയാണ് രവീണ ടണ്ടന്‍. നെറ്റ്ഫ്‌ളിക്‌സ് സീരീസായ ആരണ്യകിലൂടെയാണ് രവീണ തിരികെ വരുന്നത്. മികച്ച അഭിപ്രായം നേടാനും രവീണയ്ക്ക് സാധിച്ചു. പിന്നാലെ താരം ബിഗ് സ്‌ക്രീനിലേക്കും തിരിച്ചെത്തി. കെജിഎഫ് ചാപ്റ്റര്‍ ടുവിലൂടെയായിരുന്നു രവീണയുടെ തിരിച്ചുവരവ്. ചിത്രം വന്‍ വിജയമാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. രവീണയുടെ പ്രകടനവും കയ്യടി നേടി.
നിരവധി സിനിമകളാണ് രവീണയുടേതായി അണിയറയിലുള്ളത്. വണ്‍ ഫ്രൈഡേ നൈറ്റ് എന്ന ചിത്രമാണ് രവീണയുടെ ഏറ്റവും പുതിയ സിനിമ. മിലിന്ദ് സോമന്‍ ആണ് ചിത്രത്തിലെ നായകന്‍. ജിയോ സിനിമയിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. അതേസമയം അമ്മയുടെ പാതയിലൂടെ മകള്‍ റാഷ തഡാനിയും സിനിമയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയിലെ താരമാണ് രവീണയുടെ മകള്‍. താരപുത്രിയുടെ ചിത്രങ്ങളും മറ്റും വൈറലായി മാറാറുണ്ട്.


Click it and Unblock the Notifications











