ചുമരില്‍ പറ്റിപ്പിടിച്ച രക്തവും മുടിയും! ഒമ്പത് മാസം കാല്‍നടയായി ഇന്ത്യയിലേക്ക്; സിനിമയെ വെല്ലുന്ന ഹെലന്റെ കഥ
ബോളിവുഡിലെ ഐക്കോണിക് നടിമാരില്‍ ഒരാളാണ് ഹെലന്‍. അറുപതുകളില്‍ ബോളിവുഡിന്റെ ഗോള്‍ഡന്‍ ഗേള്‍ ആയിരുന്നു ഹെലന്‍. ആ മാസ്മരിക നൃത്തച്ചുവടുകള്‍ കാണാന്‍ വേണ്ടി മാത്രം ജനം തീയേറ്ററിലേക്ക് ഇരച്ചെത്തുമായിരുന്നു. പല സിനിമകളും ഹെലന്റെ സാന്നിധ്യം കൊണ്ട് മാത്രം ഹിറ്റായി മാറിയതായിരുന്നു. ഹെലന്റെ ഡാന്‍സുണ്ടെങ്കില്‍ സിനിമ ഹിറ്റാകുമെന്നായിരുന്നു ധാരണ. അതിനാല്‍ ഹെലന്‍ ഇല്ലാത്ത സിനിമകള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായിരുന്നു അറുപതുകളിലും എഴുപതുകളിലും.
ഗ്ലാമറിന്റെ മറുവാക്കായിരുന്നു സ്‌ക്രീനിലെ ഹെലന്റെ ജീവിതം. എന്നാല്‍ ബോളിവുഡിലെ ഗ്ലാമര്‍ താരമാകാന്‍ ഹെലന് അക്ഷരാര്‍ത്ഥത്തില്‍ താണ്ടേണ്ടി വന്നത് കാതങ്ങളാണ്, കല്ലും മുള്ളും നിറഞ്ഞ പാതകളാണ്. പട്ടിണിയെ പോലും അതിജീവിച്ചാണ് ഹെലന്‍ ഹെലന്‍ ആയി മാറുന്നത്. ഒരിക്കല്‍ തന്റെ ജീവിതകഥ ഹെലന്‍ തന്നെ പറയുകയുണ്ടായി.

തന്റെ മൂന്നാം വയസില്‍ അമ്മയ്ക്കും സഹോദരനുമൊപ്പം ജന്മനാടായ ബര്‍മയില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടി വന്നവളാണ് ഹെലന്‍. ഒമ്പത് മാസം നീണ്ട യാത്രയ്‌ക്കൊടുവിലാണ് ഹെലനും കുടുംബവും അസമിലെത്തുന്നത്. മലകള്‍ താണ്ടി, കാല്‍ നടയായാണ് ഹെലനും കുടുംബവും ഇന്ത്യയിലെത്തുന്നത്.
സ്പാനിഷ്-ബര്‍മീസ് വേരുകളുള്ള അമ്മയ്ക്കും ഫ്രഞ്ച് പൗരനായ അച്ഛനുമാണ് ഹെലന്‍ ജനിച്ചത്. അച്ഛന്റെ മരണത്തിന് പിന്നാലെ അമ്മ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു. ഇതോടെയാണ് ഹെലന്‍ ബര്‍മയിലെത്തുന്നത്. ഈ സമയത്താണ് ജാപ്പനീസ് സൈന്യം ബര്‍മയില്‍ അധിനിവേശം നടത്തുന്നത്. ജപ്പാന്‍ ബര്‍മയില്‍ ബോംബിട്ടു.ഭയന്നു വിറച്ച അമ്മ തങ്ങളേയും കൂട്ടി രാജ്യം വിടാന്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ കണ്ടത് തകര്‍ന്ന വിമാനത്താവളമാണെന്ന് ഹെലന്‍ ഓര്‍ക്കുന്നുണ്ട്. പേടിയോടെയാണ് അന്ന് തിരികെ വീട്ടിലേക്ക് വരുന്നത്.
താന്‍ അച്ഛനെന്ന് വിളിച്ചിരുന്ന രണ്ടാനച്ഛന്‍ കൊല്ലപ്പെട്ടിരുന്നു. യുദ്ധമുഖത്തായിരുന്നു ബര്‍മ. ഇതോടെ രാജ്യം വിടാന്‍ തീരുമാനിച്ച പരിചയക്കാരുടെ കൂടെ ഹെലനേയും അനിയനേയും കൂട്ടി അമ്മയും ഇറങ്ങി. ബര്‍മയില്‍ നിന്നും ഇന്ത്യയിലേക്കുള്ള തങ്ങളുടെ ദുരിതപൂര്‍ണമായ യാത്രയെക്കുറിച്ച് അമ്മയില്‍ നിന്നും ഒരുപാട് കേട്ടിട്ടുണ്ടെന്നാണ് ഹെലന്‍ പറയുന്നത്. ഒമ്പത് മാസം കൊണ്ടാണ് നടന്ന് തങ്ങള്‍ ഇന്ത്യയിലെത്തുന്നത്. യാത്രയ്ക്കിടെ കൂടെ ഉണ്ടായിരുന്നവരില്‍ പകുതി രോഗം വന്നോ പട്ടിണി കൊണ്ടോ പേരും മരിച്ചിരുന്നു. ചിലരൊക്കെ യാത്ര ചെയ്യാന്‍ കഴിയാതെ പകുതിയ്ക്ക് നിര്‍ത്തിയെന്നും ഹെലന്‍ ഓര്‍ക്കുന്നുണ്ട്.

ഇന്ത്യയിലെത്തുമ്പോള്‍ താനും അമ്മ അമ്മയും അസ്ഥിപഞ്ചരമായിരുന്നു. സഹോദരന്റെ അവസ്ഥ ഗുരുതരമായിരുന്നു. രണ്ട് മാസക്കാലം തങ്ങള്‍ ആശുപത്രിയിലായിരുന്നുവെന്നും ഹെലന്‍ പറയുന്നു. കുട്ടിക്കാലത്തെ മറക്കാനാകാത്തൊരു ഓര്‍മ്മ ഒരിക്കല്‍ ഹെലന്‍ പങ്കുവെക്കുന്നുണ്ട്. ''എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. രാത്രി ഞങ്ങള്‍ വീട്ടില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. വഴിയരികില്‍ ബോംബ് വീണൊരു സ്ഥലം കണ്ടു. അതൊരു ഷോപ്പ് ആയിരുന്നു. അവിടുത്തെ ചുമരില്‍ രക്തവും മുടിയും പറ്റിപ്പിടിച്ചിരുന്നു''ഹെലന്‍ പറയുന്നു.
മൂന്ന് വയസുള്ള തന്നേയും അനിയനേയും കൊണ്ട് ഇന്ത്യയിലേക്ക് നടക്കുമ്പോള്‍ അമ്മ ഗര്‍ഭിണിയായിരുന്നു എന്നാണ് ഹെലന്‍ പറയുന്നത്. എന്നാല്‍ കാടും മലയും കടന്നുള്ള ആ ദുര്‍ഘടമായ യാത്രയ്ക്കിടെ അമ്മയുടെ വയറ്റിലുണ്ടായ കുഞ്ഞിനെ നഷ്ടമായി. ഇന്ത്യയിലെത്തിയ ശേഷം ഹെലനും കുടുംബവും കുറച്ച്കാലം കഴിഞ്ഞത് കൊല്‍ക്കത്തയിലായിരുന്നു. പിന്നീടാണ് മുംബൈയിലേക്ക് മാറുന്നത്. ചെറുപ്രായത്തില്‍ തന്നെ സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയ ഹെലന്‍ അധികം വൈകാതെ ബോളിവുഡിലെ തിരക്കുള്ള നടിയായി.പിന്നെയെല്ലാം ചരിത്രം.


Click it and Unblock the Notifications











