കടലില്‍ വച്ചുള്ള സ്റ്റണ്ട്, മുങ്ങിപ്പോകേണ്ടതായിരുന്നു; വെളിപ്പെടുത്തി ഹൃത്വിക് റോഷന്‍
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. സിനിമാ കുടുംബത്തില്‍ നിന്നുമാണ് ഹൃത്വിക് സിനിമയിലെത്തുന്നത്. അച്ഛന്‍ രാകേഷ് റോഷന്‍ തന്നെ സംവിധാനം ചെയ്ത കഹോ നാ പ്യാര്‍ ഹേ ആയിരുന്നു ഹൃത്വിക്കന്റെ ആദ്യ സിനിമ. ചിത്രം ചരിത്ര വിജയമായിരുന്നു ബോക്‌സ് ഓഫീസില്‍ നേടിയത്. ഒരൊറ്റ രാത്രി കൊണ്ട് ഹൃത്വിക് റോഷന്‍ എന്ന പേര് രാജ്യമാകെ ഏറ്റെടുത്തു. അമീഷ പട്ടേലായിരുന്നു ചിത്രത്തിലെ നായിക. അമീഷയുടേയും അരങ്ങേറ്റം. അമീഷയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന സിനിമയാണ് കഹോ ന പ്യാര്‍ ഹേ. ഇത്ര ഗംഭീരമായൊരു അരങ്ങേറ്റം മറ്റൊരു ഇന്ത്യന്‍ താരത്തിനും ലഭിച്ചിട്ടുണ്ടാകില്ല. സാക്ഷാല്‍ ഷാരൂഖ് ഖാനെ പോലും ഹൃത്വിക് പിന്നിലാക്കുമെന്നായിരുന്നു അന്ന് മാധ്യമങ്ങള്‍ എഴുതിയിരുന്നത്. ഇപ്പോഴിത കഹോ നാ പ്യാര്‍ ഹേയുടെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായൊരു കഥ ചര്‍ച്ചയായി മാറുകയാണ്.

ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ ഹൃത്വിക് അഭിനയിച്ചത്. രോഹിത്തും രാജും. ചിത്രത്തിന്റെ ആദ്യ പകുതിയുടെ അവസാന ഭാഗത്ത് രോഹിത് ബൈക്ക് ആക്‌സിഡന്റില്‍ പെട്ട് കടലിലേക്ക് വീഴുകയും മരിക്കുകയും ചെയ്യുന്നുണ്ട്. ഈ രംഗം ചിത്രീകരിക്കാന്‍ നേരത്ത് സ്റ്റണ്ട് ചെയ്തത് താന്‍ തന്നെയാണോ അതോ സ്റ്റണ്ട്മാന്‍ ആയിരുന്നുവോ എന്ന ചോദ്യത്തിന് മറുപടി നല്‍കുന്ന ഹൃത്വിക്കിന്റെ വീഡിയോ വീണ്ടും ചര്‍ച്ചയാവുകയാണ്.
ഈ രംഗമത്രയും താന്‍ തന്നെയാണ് ചെയ്തതെന്നാണ് ഹൃത്വിക് പറയുന്നത്. അതിനായി തനിക്ക് ൂന്ന് മണിക്കൂര്‍ വെള്ളത്തില്‍ തന്നെ ഇരിക്കേണ്ടി വന്നുവെന്നും 45 അടി ആഴമുണ്ടായിരുന്നു കടലിന് ആ ഭാഗത്തായി എന്നുമാണ് ഹൃത്വിക് പറയുന്നത്. ഒരുഘട്ടത്തില്‍ താന്‍ മുങ്ങിപ്പോകാന്‍ വരെ സാധ്യതയുണ്ടായിരുന്നുവെന്നാണ് വീഡിയോയില്‍ ഹൃത്വിക് പറയുന്നത്.
''അത് ഞാന്‍ തന്നെയായിരുന്നു. 45 അടി താഴ്ചയുണ്ടായിരുന്നു. ഞാന്‍ മൂന്ന് മണിക്കൂറോളം വെള്ളത്തിലിരുന്നു. ഏതാണ്ട് മുങ്ങിപ്പോയതാണ്. പക്ഷെ രസകരമായിരുന്നു. കാണാന്‍ ഗംഭീരമായിരുന്നു. സിനിമയ്ക്ക് ഗുണം ചെയ്യുന്നതൊന്നും വെറുതെയാകില്ല'' എന്നാണ് ഹൃത്വിക് റോഷന്‍ പറഞ്ഞത്. തന്റെ അരങ്ങേറ്റത്തിന് അച്ഛന്‍ കഷ്ടപ്പെട്ടതിനെക്കുറിച്ചും ഹൃത്വിക് റോഷന്‍ സംസാരിക്കുന്നുമ്ട്. ചിത്രത്തിന്റെ ബജറ്റ് മൂന്ന് കോടിയായിരുന്നു. വീടും കാറും പണയം വച്ചാണ് ആ പണം കണ്ടെത്തിയത്.

അതിന് മുമ്പ് തന്റെ അച്ഛന്‍ അത്രയും വലിയൊരു റിസ്‌ക് എടുത്തത് അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ഖുദ്ഗര്‍സിന് വേണ്ടിയായിരുന്നു എന്നാണ് ഹൃത്വിക് പറയുന്നത്. രണ്ട് റിസ്‌കും വെറുതെയായില്ലെന്നും താരം പറയുന്നു. നേരത്തെ കഹോ ന പ്യാര്‍ ഹേയുടെ സമയത്ത് ആര്‍ക്കും ഹൃത്വിക് റോഷനില്‍ വിശ്വാസമില്ലായിരുന്നുവെന്ന് അമീഷ പട്ടേല്‍ പറഞ്ഞിരുന്നു. അമിതാഭ് ബച്ചന്റെ മകന്‍ അഭിഷേക് ബച്ചന്‍ അരങ്ങേറ്റം കുറിച്ച സമയമായിരുന്നു അതെന്നാണ് അമീഷ പറയുന്നത്.
ഷാരൂഖ് ഖാന്‍ ചിത്രം ഫിര്‍ ഭി ദില്‍ ഹേ ഹിന്ദുസ്ഥാനി, ആമിര്‍ ഖാന്‍ ചിത്രം മേള എന്നിവ പിന്നാലെ റിലീസ് ചെയ്യാനുള്ളതിനാല്‍ കഹോ നാ പ്യാര്‍ ഹേയുടെ റിലീസ് മാറ്റിവെക്കാന്‍ പലരും രാകേഷ് റോഷനോട് പറഞ്ഞിരുന്നു. ഹൃത്വിക്കിനേയും തന്നേയും പോലെയുള്ള പുതുമുഖങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്നാണ് എല്ലാവരും പറഞ്ഞത്. എന്നാല്‍ തന്റെ സിനിമയില്‍ രാകേഷ് റോഷന്‍ വിശ്വസിച്ചു. അദ്ദേഹം റിലീസ് തിയ്യതി മാറ്റിയില്ലെന്നാണ് അമീഷ പറയുന്നത്.


Click it and Unblock the Notifications