അഭിഷേക് ഞങ്ങള്‍ക്ക് തന്ന സമ്മാനം! കരിഷ്മയെക്കുറിച്ച് ജയ; കൊട്ടിഘോഷിച്ച ആ താരവിവാഹത്തിന് സംഭവിച്ചത്!
ബോളിവുഡിലെ പവര്‍ കപ്പിളാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ ആഘോഷമാക്കിയ സംഭവങ്ങളാണ്. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഇന്ന് അഭിഷേകും ഐശ്വര്യയും. അതേസമയം ഐശ്വര്യയുമായി പ്രണയത്തിലാകും മുമ്പ് അഭിഷേക് ബച്ചന്‍ മറ്റൊരു നടിയുമായി പ്രണയത്തിലായിരുന്നു. ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളായ കരിഷ്മ കപൂര്‍ ആണ് ആ നായിക.
കരിഷ്മയും അഭിഷേകും തമ്മിലുള്ള പ്രണയവും വിവാഹ നിശ്ചയം വരെ എത്തിയതാണ്. രണ്ടായിരങ്ങളുടെ തുടക്കത്തില്‍ ബോളിവുഡിലെ വലിയ ചര്‍ച്ചകളിലൊന്നായിരുന്നു അഭിഷേകിന്റേയും കരിഷ്മയുടേയും പ്രണയം. അന്ന് ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായിരുന്നു കരിഷ്മ. സൂപ്പര്‍ താര ചിത്രങ്ങളിലെ സ്ഥിരം നായിക. ഒന്നിന് പുറകെ ഒന്നായി ഹിറ്റുകള്‍. തന്റെ ഡാന്‍സും കോമഡി ചെയ്യാനുള്ള കഴിവുമൊക്കെ കരിഷ്മയെ അതിവേഗമാണ് താരത്തില്‍ നിന്നും സൂപ്പര്‍ താരത്തിലേക്ക് എത്തിക്കുന്നത്.

എന്നാല്‍ അഭിഷേക് ബച്ചനാകാട്ടെ തുടക്കകാരനും. ബച്ചന്‍ കുടുംബത്തിലെ പുതുതലമുറക്കാരന്‍ എന്ന നിലയില്‍ അഭിഷേകിനെ ഭാവി താരമായിട്ടായിരുന്നു കണ്ടിരുന്നത്. അതുകൊണ്ട് തന്നെ അഭിഷേകിന്റേയും കരിഷ്മയുടേയും പ്രണയം വാര്‍ത്തകളില്‍ ഇടം നേടി. ബോളിവുഡിലെ രണ്ട് താരകുടുംബങ്ങളിലെ ചെക്കനും പെണ്ണും ഒരുമിക്കാന്‍ പോകുന്നു എന്നത് ആരാധകരും ആഘോഷമാക്കി.
വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും അന്ന് നടന്നിരുന്നു. അഭിഷേകിന്റെ അമ്മ ജയ ബച്ചന്‍ തന്നെ പരസ്യമായി കരിഷ്മയെ തങ്ങളുടെ മരുമകളെന്ന് അഭിസംബോധന ചെയ്യുകയുമുണ്ടായി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വച്ചാണ് ജയ കരിഷ്മയെ തന്റെ മരുമകളെന്ന് വിളിച്ച് സംസാരിച്ചത്.
''ബച്ചന്‍ കുടുംബത്തിന്റെ ഭാഗത്തു നിന്നും, നന്ദ കുടുംബത്തിന്റെ ഭാഗത്തു നിന്നും ഞങ്ങളുടെ കുടുംബത്തിലേക്ക് മറ്റൊരു കുടുംബത്തെ കൂടി സ്വാഗതം ചെയ്യുകയാണ്. കപൂര്‍ കുടുംബത്തിലെ രണ്‍ദീറും ബബിതയും. പിന്നെ എന്റെ മരുമകളാകാന്‍ പോകുന്ന കരിഷ്മയേയും'' എന്നായിരുന്നു ജയ ബച്ചന്‍ അന്ന് പറഞ്ഞത്. തന്റെ അച്ഛന്റെ 60-ാം പിറന്നാളിന് അഭിഷേക് അച്ഛനും അമ്മയ്ക്കും നല്‍കിയ പിറന്നാള്‍ സമ്മാനമാണ് ഇവള്‍ എന്നാണ് അന്ന് കരിഷ്മയെക്കുറിച്ച് അന്ന് ജയ പറഞ്ഞത്.
അമിതാഭ് ബച്ചന്റെ 60-ാം പിറന്നാള്‍ ആഘോഷത്തിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായിരുന്നു കരിഷ്മയുടെ സാന്നിധ്യം. കരിഷ്മയും അഭിഷേകും ഉടനെ തന്നെ വിവാഹം കഴിക്കുമെന്ന് മിക്കവരും ഉറപ്പിച്ചു. എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഇരുവരും പിരിഞ്ഞു. കരിഷ്മയുടെ കുടുംബമാണ് വിവാഹത്തില്‍ നിന്നും പിന്മാറിയത്. കരിഷ്മയുടെ അമ്മ ബബിത വിവാഹത്തിന് തയ്യാറായിരുന്നില്ല എന്നായിരുന്നു അക്കാലത്തെ റിപ്പോര്‍ട്ടുകള്‍. ബച്ചന്റെ സിനിമകളുടെ തുടര്‍ പരാജയങ്ങളും, നിര്‍മ്മാണ കമ്പനിയുടെ പരാജയവുമൊക്കെയാണ് ബബിതയുടെ മനം മാറ്റത്തിനുള്ള കാരണമായി പാപ്പരാസികള്‍ പറയുന്നത്.

എന്തായാലും ആ ബന്ധം അവസാനിച്ചു. പിന്നീട് കരീഷ്മ ബിസിനസുകാരന്‍ സഞ്ജയ് കപൂറിനെ വിവാഹം കഴിക്കുന്നത്. ഈ ബന്ധം പക്ഷെ അധികനാള്‍ നീണ്ടു നിന്നില്ല. ഇരുവരും ബന്ധം പിരിഞ്ഞു. വിവാഹ മോചന വേളയില്‍ കരിഷ്മ തന്റെ ഭര്‍ത്താവിനെതിരെ നടത്തിയ തുറന്നു പറച്ചിലുകള്‍ വലിയ വിവാദമായി മാറി. തന്റെ രണ്ട് മക്കളുടേയും കസ്റ്റഡിയും കരിഷ്മ നീണ്ട നിയമപോരാട്ടത്തിലൂടെ നേടിയെടുത്തു. പിന്നീട് വിവാഹം കഴിക്കാന്‍ കരിഷ്മ തയ്യാറായിട്ടില്ല.
്അതേസമയം അഭിഷേക് പിന്നീട് ഐശ്വര്യ റായിയെ വിവാഹം കഴിച്ചു. നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് അഭിഷേകും ഐശ്വര്യയും. ധൂം 2വിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരുടേയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുന്നത്. 2007 ല്‍ വിവാഹിതരായ ഐശ്വര്യയ്ക്കും അഭിഷേകിനും പിന്നീട് പെണ്‍കുഞ്ഞ് ജനിച്ചു. ഇന്ന് പാപ്പരാസികളുടെ പ്രിയങ്കരരാണ് ഐശ്വര്യയും മകള്‍ ആരാധ്യയും. ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.


Click it and Unblock the Notifications











