കോടികള്‍ നഷ്ടപ്പെട്ടു, ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത് ശ്രീദേവി; ജിതേന്ദ്ര പറയുന്നു
സൂപ്പര്‍ താരങ്ങള്‍ വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യുന്നതാണ് ഇന്ന് ബോളിവുഡിലെ പതിവ്. ഒന്നിലധികം വര്‍ഷം എടുത്ത് ഒരുക്കിയ സിനിമകളുമായി എത്തുന്നവരുമുണ്ട്. എന്നാല്‍ നേരത്തെ അങ്ങനെയായിരുന്നില്ല. ഒരു വര്‍ഷം തന്നെ ഒരുപാട് സിനിമകള്‍ ചെയ്യുമായിരുന്നു മിക്ക താരങ്ങളും. അത്തരത്തില്‍ ഒരു വര്‍ഷം എട്ട് മുതല്‍ പത്ത് വരെ സിനിമകള്‍ ചെയ്തിരുന്ന താരമാണ് ജിതേന്ദ്ര. തന്റെ ഡാന്‍സിന്റെ പേരിലും കയ്യടി നേടിയിരുന്ന ജിതേന്ദ്രയെ ജമ്പിംഗ് ജാക്ക് ഓഫ് ബോളിവുഡ് എന്നായിരുന്നു വിളിച്ചിരുന്നത്.
തന്റെ കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് ഹിറ്റുകള്‍ തുടരെ തുടരെ നല്‍കിയ ജിതേന്ദ്രയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് 1982 ലായിരുന്നു. രണ്ടര കോടി രൂപയാണ് ജിതേന്ദ്രയ്ക്ക് ആ വര്‍ഷം നഷ്ടമായത്. ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത ദീദാര്‍ യേ യാര്‍ എന്ന ചിത്രത്തിന്റെ പരാജയമായിരുന്നു ജിതേന്ദ്രയ്ക്ക് തിരിച്ചടിയായത്. എന്നാല്‍ ഈ പരാജയത്തില്‍ നിന്നും വളരെ പെട്ടെന്നു തന്നെ ജിതേന്ദ്ര കരകയറി. ശ്രീദേവിയോടൊപ്പം അഭിനയിച്ച ഹിമ്മത്ത് വാല തന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയതോടെയാണ് രക്ഷപ്പെട്ടതെന്നാണ് ജിതേന്ദ്ര പറയുന്നത്.

''ഹിമ്മാത്ത് വാല റിലീസ് ആയതോടെ ഞാന്‍ തിരികെ വന്നു. എന്റെ നഷ്ടം മറന്നു പോകുന്നത്ര ലാഭം ഞാനുണ്ടാക്കി. ജീവിതം ഇതോടെ മുന്നോട്ട് പോയി. രാഗവേന്ദ്ര റാവുവും തെലുങ്കുമാണ് എന്നെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വന്ന രണ്ട് കാര്യങ്ങള്‍. ഹിമ്മത്ത് വാല വമ്പന്‍ വിജയമായിരുന്നു'' എന്നായിരുന്നു ഒരു ടോക്ക് ഷോയില്‍ ജിതേന്ദ്ര പറഞ്ഞത്. ദീദാര്‍ യേ യാര്‍ സംവിധാനം ചെയ്തത് ഹര്‍നം സിംഗ് ആയിരുന്നു. ചിത്രത്തിന്റെ വിതരണം ജിതേന്ദ്രയായിരുന്നു. അഞ്ച് വര്‍ഷം കൊണ്ടായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. എന്നാല്‍ ചിത്രം പരാജയപ്പെട്ടു. രണ്ടര കോടി രൂപ ജിതേന്ദ്രയ്ക്ക് ഇത് നഷ്ടമുണ്ടാക്കി. ഋഷി കപൂര്‍, രേഖ, ടീന മുനിം എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.
എന്നാല്‍ ഹിമ്മത്ത് വാലയില്‍ ശ്രീദേവിയ്‌ക്കൊപ്പം അഭിനയിച്ചതോടെ കരിയര്‍ വീണ്ടും വിജയ വഴിയിലെത്തുകയായിരുന്നു. അദ്ദേഹം ശ്രീദേവിയാണ് എന്റെ നായിക എന്ന് പറഞ്ഞപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. ശ്രീദേവിയേയും ജയ പ്രദയേയും എന്റെ ബ്രഡ് ആന്റ് ബട്ടര്‍ എന്നാണ് ഞാന്‍ വിളിക്കാറുള്ളതെന്നാണ് ജിതേന്ദ്ര പറഞ്ഞത്. 1983 ലായിരുന്നു ചിത്രത്തിന്റെ റിലീസ്. ചിത്രം ഹിറ്റായതോടെ എല്ലാ ചിത്രത്തിലും ശ്രീദേവിയെ തന്നെ നായികയാക്കണം എന്ന നിര്‍ബന്ധമായിരുന്നു ജിതേന്ദ്രയ്ക്ക്. അപ്പോഴേക്കും സൂപ്പര്‍ നായികയായി മാറിയിരുന്നു ശ്രീദേവി. ഇരുവരും ഒരുമിച്ച് 16 സിനിമകളിലാണ് അഭിനയിച്ചത്. ഇതില്‍ 13 സിനിമകളും വിജയിച്ചു.
ഹിമ്മത്ത് വാലയിലൂടെയാണ് ശ്രീദേവി ബോളിവുഡിലെ സൂപ്പര്‍ നായികയാകുന്നത്. എന്നാല്‍ ഈ ചിത്രം തനിക്ക് നിര്‍ഭാഗ്യമാണ് കൊണ്ടു വന്നതെന്നതാണ് ശ്രീദേവി പറഞ്ഞത്.''തമിഴില്‍ എന്റെ സ്വാഭാവികമായ അഭിനയം കാണാനാണ് അവര്‍ക്ക് ഇഷ്ടം. പക്ഷെ ഹിന്ദിയില്‍ ഗ്ലാമറസും മസാലയുമൊക്കെയായിരുന്നു വേണ്ടിയിരുന്നത്. എന്റെ നിര്‍ഭാഗ്യം എന്നത് എന്റെ ആദ്യ ഹിന്ദി സിനിമ ഒരു വാണിജ്യ സിനിമയായിരുന്നു എന്നതാണ്'' എന്നാണ് ശ്രീദേവി പറഞ്ഞത്. താരത്തിന്റെ അക്കാലത്തെ മിക്ക സിനിമകളും വാണിജ്യ ചേരുവകളുള്ള ചിത്രങ്ങളായിരുന്നു. ഹിമ്മത്ത് വാലയിലെ ശ്രീദേവിയുടെ നൃത്ത രംഗങ്ങള്‍ വന്‍ ഹിറ്റായി മാറിയിരുന്നു.
ബോളിവുഡിലെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ് ജിതേന്ദ്ര. നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള ജിതേന്ദ്രയുടെ മക്കളാണ് എക്താ കപൂറും തുഷാര്‍ കപൂറും. തുഷാര്‍ അഭിനയത്തില്‍ തിളങ്ങിയപ്പോള്‍ നിര്‍മ്മാണ രംഗത്ത് ശക്തയായി മാറുകയായിരുന്നു എക്താ കപൂര്‍. പ്രശ്‌സത നിര്‍മ്മാതാക്കളായ എഎല്‍ടി ബാലാജിയുടെ സ്ഥാപകയാണ് എക്ത കപൂര്‍.


Click it and Unblock the Notifications