ആ സിനിമയ്ക്കിടെ ഞാൻ ഗർഭിണിയായിരുന്നു, പക്ഷെ അത് അലസിപ്പോയി; വീണ്ടും അങ്ങനെ സംഭവിച്ചു: കജോൾ
ബോളിവുഡിലെ സൂപ്പർ താരജോഡിയാണ് അജയ് ദേവ്ഗണും കജോളും. തീർത്തും വ്യത്യസ്ത സ്വഭാവക്കാരാണ് ഇരുവരും. എന്നാൽ അത് ഇവരെ ദാമ്പത്യജീവിതത്തെ കൂടുതൽ ശക്തമാക്കുകയെ ചെയ്തിട്ടുള്ളു. രണ്ട് പതിറ്റാണ്ടിലേറെയായി വിജയകരമായ ദാമ്പത്യജീവിതം നയിക്കുകയാണ് കാജോളും അജയും. ബോളിവുഡിലെ മുൻനിര താരങ്ങളായി കരിയറിൽ വളരുന്നതിനൊപ്പം തന്നെയാണ് ഇവരുടെ ദാമ്പത്യജീവിതവും വളർന്നത്. എന്നാൽ സിനിമ കഥ പോലെ തോന്നിക്കുന്ന ഒന്നായിരുന്നു ഇവരുടെ പ്രണയവും വിവാഹവുമെല്ലാം.
ഒരിക്കൽ ഹ്യൂമൻസ് ഓഫ് ബോംബെയുമായുള്ള ഒരു അഭിമുഖത്തിൽ തന്റെയും അജയ് ദേവ്ഗണിന്റെയും വിവാഹത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും പലർക്കും അറിയാത്ത ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. വീട്ടിൽ നിന്നുണ്ടായ എതിർപ്പിനെ കുറിച്ചും രണ്ടുതവണ ഗർഭം അലസിയതിനെ കുറിച്ചുമാണ് നടി പറഞ്ഞത്. കജോളിന്റെ ആ വാക്കുകൾ വീണ്ടും ശ്രദ്ധനേടുകയാണ്. അജയ് ദേവ്ഗണിനെ കണ്ടുമുട്ടി പ്രണയത്തിലായത് മുതലുള്ള കാര്യങ്ങൾ കജോൾ അന്ന് പറയുകയുണ്ടായി.

'25 വർഷങ്ങൾക്ക് മുമ്പ്, ഹൽചുൽ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. ഞാൻ ഷോട്ടിന് തയ്യാറായ ശേഷം എന്റെ ഹീറോ ചോദിച്ചു. ആരോ അദ്ദേഹത്തെ ചൂണ്ടിക്കാണിച്ചു തന്നു. അദ്ദേഹം ഒരു മൂലയ്ക്ക് ഇരിക്കുകയായിരുന്നു. പരിചയപ്പെടുന്നതിന് പത്ത് മിനുറ്റ് മുമ്പ് ഞാൻ അദ്ദേഹത്തെ കുറ്റം പറഞ്ഞിരുന്നു. ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. അങ്ങനെ സുഹൃത്തുക്കളായി. ആ സമയത്ത് ഞാൻ ഒരാളുമായി പ്രണയത്തിലായിരുന്നു. അദ്ദേഹവും',
'ഞാൻ എന്റെ അന്നത്തെ കാമുകനെക്കുറിച്ച് അദ്ദേഹത്തോട് പരാതി പറയുകയൊക്കെ ചെയ്തിട്ടുണ്ട്. പിന്നീട് ഞങ്ങൾ രണ്ടു പേരും ആ ബന്ധങ്ങളിൽനിന്നും ബ്രേക്കപ്പ് ആയി. ഞങ്ങൾ പരസ്പരം പ്രൊപ്പോസ് ചെയ്യുകയൊന്നുമുണ്ടായില്ല. ഞങ്ങൾ ഒരുമിക്കാനുള്ളവരാണെന്ന് മനസിലാക്കുകയായിരുന്നു. കൈ പിടിക്കലിൽ നിന്നും ഒരുപാട് കാര്യങ്ങളിലേക്ക് ഞങ്ങൾ പോലും അറിയാതെ ഞങ്ങളെത്തി. ഡിന്നറിനു പോകും ഡ്രൈവിന് പോകുന്നതും ഞങ്ങൾക്കിടയിൽ പതിവായിരുന്നു',
'അദ്ദേഹം ജൂഹുവുവിലും ഞാൻ സൗത്ത് മുംബൈയിലുമാണ് താമസിച്ചിരുന്നത്. ഞങ്ങളുടെ റിലേഷൻഷിപ്പിന്റെ പകുതിയും കാറിലായിരുന്നു. എന്റെ സുഹൃത്തുക്കൾ അദ്ദേഹത്തെ കുറിച്ച് ചില മുന്നറിയിപ്പുകൾ നൽകിയിരുന്നു. പക്ഷെ എന്നോട് പെരുമാറിയത് അങ്ങനെയൊന്നും ആയിരുന്നില്ല. എനിക്ക് അത് മാത്രം മതിയായിരുന്നു' കജോൾ പറഞ്ഞു.
'ഞങ്ങൾ നാല് വർഷത്തോളം പ്രണയിച്ചു. പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ സമ്മതിച്ചു. എന്നാൽ എന്റെ അച്ഛൻ നാല് ദിവസം എന്നോട് സംസാരിച്ചില്ല. ഞാൻ കരിയറിൽ ശ്രദ്ധിക്കണമെന്നായിരുന്നു അദ്ദേഹത്തിന്. പക്ഷെ ഞാൻ വാശി പിടിച്ചു. ഒടുവിൽ അദ്ദേഹം സമ്മതിച്ചു. ആലോചനയുമായൊന്നും പോയില്ല. ഞങ്ങൾ ഒരുമിക്കാനുള്ളവരാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു',
'വീട്ടിൽ വച്ചാണ് വിവാഹം നടത്തിയത്. മാധ്യമങ്ങൾക്ക് തെറ്റായ അഡ്രസും നൽകി. ഞങ്ങളുടെ ദിവസം ഞങ്ങളുടേത് മാത്രമായിട്ട് വേണമായിരുന്നു. പഞ്ചാബി ശൈലിയിലും മറാത്തി ശൈലിയിലുമായാണ് ചടങ്ങുകൾ നടത്തിയത്. ചടങ്ങുകൾക്കിടെ പുജാരിയോട് വേഗം തീർക്കാൻ അജയ് പറയുന്നുണ്ടായിരുന്നു. കൈക്കൂലി കൊടുക്കാൻ പോലും ശ്രമിച്ചു',
'എനിക്ക് ഒരു നീണ്ട ഹണിമൂൺ വേണമായിരുന്നു. അതുകൊണ്ട് ഞങ്ങൾ സിഡ്‌നി, ഹവായ്, ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിലേക്കെല്ലാം യാത്ര ചെയ്തു. അഞ്ച് ആഴ്ച കഴിഞ്ഞതും അദ്ദേഹത്തിന് സുഖമില്ലാതായി. ഈജിപ്ത് പ്ലാനിൽ ഉണ്ടായിരുന്നെങ്കിലും അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിച്ചു', കജോൾ പറഞ്ഞു. തുടർന്നാണ് രണ്ടുതവണ ഗർഭം അലസിയതിനെ കുറിച്ച് നടി പറഞ്ഞത്.

'പതിയെ ഞങ്ങൾ കുട്ടികളെ കുറിച്ച് ചിന്തിച്ചു തുടങ്ങി. 2001-ൽ കഭി ഖുഷി കഭി ഗമ്മിന്റെ സമയത്ത് ഞാൻ ഗർഭിണിയായിരുന്നു, പക്ഷെ ഗർഭം അലസിപ്പോയി. സിനിമ ഇറങ്ങിയപ്പോൾ ഞാൻ ആശുപത്രിയിലായിരുന്നു. സിനിമ നന്നായി വന്നു, പക്ഷെ ഞാൻ സന്തുഷ്ടയായിരുന്നില്ല. അതിനുശേഷം ഒരിക്കൽ കൂടി എന്റെ ഗർഭം അലസിപ്പോയി. പിന്നീട് കഠിനമായിരുന്നു. പതിയെ എല്ലാം ശരിയായി. ഞങ്ങൾക്ക് നൈസയും യുഗും പിറന്നു. ഞങ്ങളുടെ കുടുംബം പൂർത്തിയായി', കജോൾ പറഞ്ഞു.
ഞങ്ങളുടെ ദാമ്പത്യജീവിതത്തിൽ ഓരോ ദിവസവും പുതിയ എന്തെങ്കിലും നടക്കുന്നുണ്ട്. ഞങ്ങൾ പരസ്‌പരം കെയർ ചെയ്യുന്നുണ്ട്. എന്നാൽ ഞങ്ങൾ അത്ര റൊമാന്റിക് ഒന്നുമല്ല. ചിന്തിക്കുന്നത് മണ്ടത്തരമായാൽ പോലും അത് തുറന്ന് പറയാറുണ്ടെന്നും കജോൾ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications