അധോലോകത്തിന്റെ ഭീഷണി, കരിയര്‍ തകര്‍ക്കാന്‍ ശ്രമിച്ച ബച്ചന്റെ അസൂയ; കമല്‍ ബോളിവുഡ് വിട്ടത് എന്തിന്?
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമാണ് കമല്‍ഹാസന്‍. പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത പ്രതിഭ. സിനിമയുടെ എല്ലാ മേഖലകളിലും പ്രാവീണ്യം തെളിയിച്ചിട്ടുള്ള, കാലത്തിന് മുന്നേ സഞ്ചരിക്കാന്‍ ശ്രമിക്കുന്ന താരമാണ് കമല്‍ഹാസന്‍. തെന്നിന്ത്യയിലൂടെ കരിയര്‍ ആരംഭിച്ച് ബോളിവുഡിലടക്കം കയ്യടി നേടിയ താരമാണ് കമല്‍ഹാസന്‍. തമിഴിന് പുറമെ തെലുങ്കിലും മലയാളത്തിലും കന്നഡയിലുമെല്ലാം അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
1981 ല്‍ പുറത്തിറങ്ങിയ ഏക് ദുതേ കേ ലിയെ എന്ന ചിത്രത്തിലൂടെയാണ് കമല്‍ഹാസന്‍ ബോളിവുഡിലെത്തുന്നത്. പിന്നീട് നിരവധി ഹിന്ദി സിനിമകളുടെ ഭാഗമായി മാറി കമല്‍ഹാസന്‍. മിക്കതും വലിയ ഹിറ്റുകളുമായിരുന്നു. ഹിന്ദിയില്‍ തിളങ്ങി നില്‍ക്കെയാണ് കമല്‍ഹാസന്‍ ബോളിവുഡിനോട് വിട പറയുന്നത്. 2017 ല്‍ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ എന്തുകൊണ്ടാണ് ബോളിവുഡ് വിട്ടതെന്ന് കമല്‍ഹാസന്‍ പറഞ്ഞിരുന്നു.

അക്കാലത്ത് ബോളിവുഡും അധോലോകവും തമ്മില്‍ വളരെ അടുത്ത ബന്ധങ്ങളുണ്ടായിരുന്നു. അതാണ് താന്‍ ബോളിവുഡ് വിടാനുള്ള കാരണമായി കമല്‍ഹാസന്‍ പറഞ്ഞത്.
''ഒരുപാട് അധോലോക ബന്ധങ്ങളുണ്ടായിരുന്നു എന്നതാണ് ഒരു കാരണം. ആ ഭീഷണിയ്ക്ക് വിധേയകനാകാനോ എതിര്‍ക്കാനോ എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. കള്ളപ്പണ ഇടപാടിന്റെ ഭാഗമാകില്ലെന്ന് തീരുമാനിച്ച നടന്മാരില്‍ ഒരാളായിരുന്നു ഞാന്‍. ഞാന്‍ അതിന്റെ ജീവിക്കുന്ന തെളിവാണ്. ഞാന്‍ സന്തുഷ്ടനാണ്. അങ്ങനൊരു ജീവിതം സാധ്യമാണ്. ഇത് നേരത്തെ ചെയ്ത ഒരാള്‍ ക്യാമറാമാന്‍ വിന്‍സന്റ് ആണ്. അദ്ദേഹം കള്ളപ്പണം തൊട്ടിരുന്നില്ല. കള്ളപ്പണത്തെപ്പറ്റി സര്‍ക്കാര്‍ മുന്നറിയിപ്പ് തരുന്നതിനും മുമ്പാണത്. ഞാനും എന്റെ സഹോദരനും അങ്ങനൊരു തീരുമാനം എടുക്കുകയായിരുന്നു'' കമല്‍ഹാസന്‍ പറയുന്നു.
''ഞാന്‍ ഹിന്ദി സിനിമയുടെ ദരിദ്രനായ കസിന്‍ ആയിരുന്നു. എന്റെ ലോണ്ടറിയൊക്കെ ഞാന്‍ സ്വയമാണ് ചെയ്തിരുന്നത്. അവരാകട്ടെ ധനികരും, ദൂര്‍ത്തരും. അവര്‍ ഒരു സിനിമ രണ്ടര വര്‍ഷം കൊണ്ടും, ഒരേ സമയം ആറ് സിനിമയും ചെയ്യുമായിരുന്നു. അത് ക്യാരക്ടര്‍ ബില്‍ഡിംഗിനെ തകര്‍ക്കുന്നതാണെന്ന് ഞാന്‍ കരുതി. ധാര്‍മികമായും സാങ്കേതികമായും തന്നെ. അതും ഹിന്ദി സിനിമ വിടാനുള്ള കാരണമായിരുന്നു'' എന്നും കമല്‍ഹാസന്‍ പറയുന്നുണ്ട്.

ഇന്ത്യന്‍ സിനിമയിലെ മറ്റൊരു ഇതിഹാസമായ അമിതാഭ് ബച്ചനും കമല്‍ഹാസനും ഒരുമിച്ച സിനിമയായിരുന്നു ഖബര്‍ദാര്‍. ശ്രീദേവി, ജയപ്രദ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ടി രാമറാവു ആയിരുന്നു സംവിധായകന്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സിനിമയില്‍ അഭിനയിക്കുന്നതിനിടെ അമിതാഭ് ബച്ചന് കമല്‍ഹാസന്‍ തന്നേക്കാള്‍ കയ്യടി നേടുമോ എന്ന ഭയം ഉടലെടുത്തിരുന്നു. ഇതോടെ സിനിമയെ പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു ബച്ചന്‍.
ബച്ചന്‍ സിനിമ ഉപേക്ഷിക്കുമ്പോള്‍ കമലന് തനിക്ക് ലഭിക്കാനുണ്ടായിരുന്ന പ്രതിഫലത്തിന്റെ പകുതി മാത്രമേ ലഭിച്ചിരുന്നുള്ളൂ. തന്നേക്കാള്‍ ശ്രദ്ധ കമലിന് ലഭിക്കുമെന്ന തോന്നലായിരുന്നു ബച്ചന്റെ പിന്മാറ്റത്തിന് കാരണം. എന്തായാലും ബച്ചനും കമലും ആ പിണക്കം മറക്കുകയും പിന്നീട് ഒരുമിക്കുകയും ചെയ്തു. ഗെരഫ്താര്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈയ്യടുത്ത് തെലുങ്ക് ചിത്രം കല്‍ക്കിയിലും ഇരുവും ഒരുമിച്ചിരുന്നു. ബച്ചനും കമലും മുഖാമുഖം വരുന്ന കല്‍ക്കിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications