അവനേക്കാള്‍ കേമന്‍ ഞാന്‍ തന്നെ! ആമിറിനെ കളിയാക്കി കമല്‍; പരസ്യമായി മാപ്പ് പറഞ്ഞ ആമിര്‍
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളാണ് കമല്‍ഹാസനും ആമിര്‍ ഖാനും. രണ്ടു പേരും സിനിമയുടെ എല്ലാ മേഖലകളെക്കുറിച്ചും അറിവുള്ളവരും എന്നും വേറിട്ടൊരു പാതയിലൂടെ സഞ്ചരിക്കുന്നവരുമാണ്. കമല്‍ഹാസന്‍ അക്ഷരാര്‍ത്ഥത്തില്‍ സകലകലാ വല്ലഭനാണ്. അടിമുടി സിനിമാക്കാരനായ മനുഷ്യന്‍. ആമിര്‍ ഖാന്‍ ആകട്ടെ സിനിമാകുടുംബത്തില്‍ നിന്നും കടന്നുവരികയും സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്ത നടന്‍. എന്നും തന്റെ സിനിമകള്‍ വ്യത്യസ്തമായിരിക്കണമെന്ന് ആഗ്രഹിക്കുന്ന നടനാണ് ആമിര്‍ ഖാന്‍. സിനിമയുടെ പെര്‍ഫെക്ഷന് വേണ്ടി ഏതറ്റം വരേയും ആമിര്‍ പോകാറുണ്ട്. സിനിമയ്ക്ക് പുറത്തുള്ള ആമിറിന്റേയും കമലിന്റേയും ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്.
സാമൂഹിക വിഷയങ്ങളിലുള്ള ഇരുവരുടേയും ഇടപെടലുകളും എന്നും പ്രശംസിക്കപ്പെട്ടിരുന്നു. ആമിര്‍ നടനായി തുടരവെ തന്നെയാണ് സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്നത്. എന്നാല്‍ കമല്‍ഹാസനാകട്ടെ രാഷ്്ട്രീയ പ്രവര്‍ത്തനത്തില്‍ വളരെയധികം സജീവമാണ്. രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി തിരഞ്ഞെടുപ്പ് രംഗത്തും കമല്‍ സാന്നിധ്യം അറിയിച്ചു. ആമിര്‍ ഖാനും കമല്‍ഹാസനും മുഖാമുഖം വന്നൊരു സംഭവമുണ്ടായിരുന്നു. ഈ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

ആമിര്‍ ഖാന്‍ അവതാരകനായ സൂപ്പര്‍ ഹിറ്റ് പരിപാടിയായിരുന്നു സത്യമേവ ജയതേ. സാമൂഹിക വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരികയും അവയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന പരിപാടിയായിരുന്നു സത്യമേവ ജയതേ. പെണ്‍ ബ്രൂണ ഹത്യ, ദുരഭിമാന കൊല തുടങ്ങി നിരവധി വിഷയങ്ങള്‍ പരിപാടിയില്‍ ചര്‍ച്ചയായിട്ടുണ്ട്. സ്റ്റാര്‍ പ്ലസില്‍ സംപ്രേക്ഷണം ചെയ്ത പരിപാടികളില്‍ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു സത്യമേവ ജയത. പരിപാടി മൊഴിമാറ്റം നടത്തി മലയാളത്തിലും സംപ്രേക്ഷണം ചെയ്തിരുന്നു.

അങ്ങനെയിരിക്കെയാണ് 2017 ല്‍ കമല്‍ഹാസനും അവതാരകനായി മാറുന്നത്. ബിഗ് ബോസിന്റെ തമിഴ് പതിപ്പിലൂടെയായിരുന്നു കമലിന്റെ അവതാരകനായുള്ള അരങ്ങേറ്റം. പരിപാടിയുടെ ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു വിവാദമായി മാറിയ സംഭവം അരങ്ങേറുന്നത്. എന്തുകൊണ്ടാണ് താങ്കള്‍ സത്യമേവ ജയതേയുടെ തമിഴ് പതിപ്പിന്റെ അവതാരകനായില്ലെന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്‍ കമലിനോട് ചോദിച്ചത്. എന്നാല്‍ കമലിന്റെ മറുപടി ആമിര്‍ ഖാനെതിരെയുള്ള ഒളിയമ്പായിരുന്നു. ആ പരിപാടി അവതരിപ്പിക്കുന്ന വ്യക്തിയേക്കാള്‍ ജീവിതത്തില്‍ സാമൂഹിക ഉത്തരവാദിത്തം കാണിക്കാറുള്ള ആളാണ് താനെന്നായിരുന്നു കമലിന്റെ മറുപടി. ആമിര്‍ ഖാന്‍ ആരാധകരെയാകെ ചൊടിപ്പിക്കുന്നതായിരുന്നു സംഭവം.
Recommended Video

ഈ സംഭവം ഇരുവര്‍ക്കുമിടയില്‍ വിള്ളലുണ്ടാക്കിയിരുന്നു. നേരത്തെ സെന്‍സര്‍ ബോര്‍ഡ് വിവാദത്തില്‍ ആമിര്‍ ഖാന്‍ കമലിന് പരസ്യമായി തന്നെ മാപ്പ് പറഞ്ഞൊരു സംഭവമുണ്ടായിരുന്നു. 2015 ലായിരുന്നു സംഭവം. കമലിന്റെ വിശ്വരൂപത്തിനെതിരെ വിലക്കേര്‍പ്പെടുത്തിയ സമയത്ത് പിന്തുണ അറിയിക്കാത്തതിനായിരുന്നു ആമിര്‍ മാപ്പ് പറഞ്ഞത്. ''ഈ അവസരത്തില്‍ ഞാന്‍ നിങ്ങളോട് മാപ്പ് പറയുകയാണ്. 2013 ല്‍ നിങ്ങളുടെ സിനിമ നിരോധിച്ചപ്പോള്‍ കൂടെ നില്‍ക്കാത്തതിന്. ഞാന്‍ ജോലിയുടെ തിരക്കിലാണ്. എനിക്ക് എന്താണ് സംഭവമെന്ന് അന്ന് തിരിച്ചറിയാനായില്ല. എനിക്ക് തോന്നുന്നത് എല്ലാ സിനിമാക്കാരും ഒരുമിച്ച് നില്‍ക്കണമെന്നാണ്'' എന്നായിരുന്നു ആമിര്‍ പറഞ്ഞത്.


Click it and Unblock the Notifications