എന്റെ ഭര്‍ത്താവിന്റെ കാമുകിയാണ്, അവളെങ്ങനെ എന്റെ മകളാകും! കങ്കണയ്‌ക്കെതിരെ സെറീന വഹാബ്
ബോളിവുഡിലെ വിവാദനായികയാണ് കങ്കണ റണവാത്. ഒന്നല്ലെങ്കില്‍ മറ്റൊരു വിവാദത്തിന്റെ പേരില്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് കങ്കണ. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ കങ്കണ നടത്തുന്ന പ്രസ്താവനകള്‍ വലിയ വിവാദങ്ങള്‍ ആയി മാറാറുണ്ട്. താരത്തിന്റെ പ്രസ്താവനകള്‍ മൂലം ട്വിറ്ററിന് പോലും കങ്കണയ്‌ക്കെതിരെ നടപടികള്‍ സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്ന കങ്കണയുടെ കരിയര്‍. താരത്തിന്റെ പ്രണയങ്ങളും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കങ്കണയുടെ കരിയറിലെ വലിയ വിവാദങ്ങളിലൊന്നായിരുന്നു നടന്‍ ആദിത്യ പഞ്ചോലിയുമായുള്ള പ്രണയം.
നടനും നടി സെറീന വഹാബിന്റെ ഭര്‍ത്താവുമായ ആദിത്യയും കങ്കണയും പ്രണയത്തിലാവുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു. കങ്കണ ബോളിവുഡില്‍ കരിയര്‍ ആരംഭിച്ച കാലത്തായിരുന്നു ഇത്. എന്നാല്‍ പിന്നീട് ഈ ബന്ധം തകര്‍ന്നു. ഇതോടെ ആദിത്യയ്‌ക്കെതിരെ കങ്കണ തന്നെ പരസ്യമായി രംഗത്ത് എത്തുകയായിരുന്നു. ആദിത്യ തന്നെ മര്‍ദ്ദിക്കുകയും ലഹരിയ്ക്ക് അടിമയാക്കിയിരുന്നുവെന്നും കങ്കണ ആരോപിച്ചിരുന്നു. ആദിത്യയില്‍ നിന്നും രക്ഷപ്പെടാനായി താന്‍ അദ്ദേഹത്തിന്റെ ഭാര്യയായ സെറീനയുടെ സഹായം തേടിയെന്നും ഒരിക്കല്‍ കങ്കണ പറഞ്ഞിരുന്നു.

എന്നാല്‍ തന്റെ അഭ്യര്‍ത്ഥന അവര്‍ കേട്ടില്ലെന്നും കങ്കണ പറഞ്ഞിരുന്നു. തന്റെ അച്ഛന്റെ പ്രായമുണ്ടായിരുന്ന ആദിത്യ തന്നെ വീട്ടു തടങ്കലില്‍ വച്ചിരിക്കുകയായിരുന്നുവെന്നും അയാളില്‍ നിന്നും രക്ഷപ്പെടാനായി തനിക്ക് ഒന്നാം നിലയിലെ ജനലില്‍ കൂടി പുറത്തേക്ക് ചാടേണ്ടി വരെ വന്നുവെന്നും കങ്കണ പറഞ്ഞിരുന്നു. കങ്കണയുടെ അഭിമുഖങ്ങള്‍ ആദിത്യയ്‌ക്കെതിരെയുള്ള വെളിപ്പെടുത്തലുകള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍ കങ്കണയ്ക്ക് ഭ്രാന്താണെന്നായിരുന്നു ആദിത്യയുടെ പ്രതികരണം. കങ്കണയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. പിന്നീടൊരു അഭിമുഖത്തില്‍ തങ്ങളുടെ ബന്ധത്തെക്കുറിച്ചും ആദിത്യ തുറന്നു പറഞ്ഞിരുന്നു.

''ഞങ്ങള്‍ ശരിക്കും ഭാര്യയേയും ഭര്‍ത്താവിനേയും പോലെയായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടി ഒരു വീട് ഒരുക്കുകയായിരുന്നു ഞാന്‍. ഞങ്ങളുടെയൊരു സുഹൃത്തിന്റെ വീട്ടിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്'' എന്നായിരുന്നു ആദിത്യ പറഞ്ഞത്. ''ഞാന്‍ ആദ്യമായി കാണുമ്പോള്‍ കങ്കണയുടെ പക്കല്‍ ഒരു രൂപ പോലുമുണ്ടായിരുന്നില്ല. 2004 ജൂണ്‍ 27 നായിരുന്നു. ഒരു സുഹൃത്തിന്റെ ബൈക്കിലിരിക്കുകയായിരുന്നു. നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. എന്നെ കണ്ടതും വന്ന് ഹായ് പറഞ്ഞു. ഞാന്‍ കങ്കണയാണെന്ന് പറഞ്ഞപ്പോള്‍ എനിക്കോര്‍മ്മ വന്നു. ഒരു സുഹൃത്ത് അവളെ സഹായിക്കണമെന്ന് പറഞ്ഞിരുന്നു. അതോടെ അവളെന്നെ സ്ഥിരം വിളിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ അവളൊരു സാധു നാട്ടിപ്പുറത്തുകാരിയായിരുന്നു. ഞാന്‍ അവളുമായി പ്രണയത്തിലായി'' എന്നും ആദിത്യ പറഞ്ഞിരുന്നു.

എന്നാല്‍ സംഭവങ്ങളില്‍ ആദിത്യയുടെ കൂടെ നില്‍ക്കാനായിരുന്നു നടിയും ഭാര്യയുമായ സെറീന വഹാബ് തീരുമാനിച്ചത്. കങ്കണയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുകയും ചെയ്തിരുന്നു സെറീന. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കങ്കണയുടേയും ആദിത്യയുടേയും ബന്ധത്തെക്കുറിച്ച് തനിക്ക് അറിയാമെന്നും സെറീന വെളിപ്പെടുത്തിയിരുന്നു. ''ഞാന്‍ ഫോണില്‍ സ്‌റ്റോറികള്‍ വായിച്ച് പോവുകയായിരുന്നു. അപ്പോഴാണ് ഞാന്‍ കങ്കണയെ ഒരു മകളെ പോലെയാണ് കണ്ടതെന്ന് അവള്‍ പറഞ്ഞതായി വായിച്ചത്. അത് തീര്‍ത്തും തെറ്റാണ്. അവള്‍ എന്റെ ഭര്‍ത്താവുമായി പ്രണയത്തിലാണെന്ന് അറിയുന്ന എനിക്ക് എങ്ങനെ അവളെ മകളെ പോലെ കാണാനാകും. ഇത് വിവരക്കേടാണ്. സാധാരണ ഞാന്‍ ഇതിനോടൊന്നും പ്രതികരിക്കാത്തതാണ്. പക്ഷെ ഇത് എന്നെ വല്ലാതെ അസ്വസ്ഥയാക്കി'' എന്നായിരുന്നു സെറീന പറഞ്ഞത്.

''അവള്‍ എന്റെ ഭര്‍ത്താവുമായി നാലര വര്‍ഷം പ്രണയത്തിലായിരുന്നു. പിന്നെയെങ്ങനെയാണ് എനിക്ക് അവള്‍ മകളെ പോലെയാണെന്ന് നാഷണല്‍ ടെലിവിഷനില്‍ വന്നിരുന്ന് പറയാനാവുക. അസാധ്യം. അവള്‍ എന്റെ മകള്‍ സനയെ പോലെയാണെന്നാണ് പറയുന്നത്. കങ്കണ എന്ത് വിവരക്കേടൊക്കെയാണ് ഈ പറയുന്നത്?'' എന്നും പൊട്ടിത്തെറിച്ചു കൊണ്ട് സെറീന ചോദിച്ചിരുന്നു. കങ്കണ തന്നോട് സഹായം ആവശ്യപ്പെട്ടുവെന്ന വാദത്തേയും സെറീന എതിര്‍ക്കുകയായിരുന്നു ചെയ്തത്. തന്റെ ഭര്‍ത്താവ് ആദിത്യ പ്രശ്‌നക്കാരനാണെന്ന് അറിയാമായിരുന്നുവെങ്കില്‍ പിന്നെ എന്തിനാണ് നലര വര്‍ഷം അദ്ദേഹത്തോടൊപ്പം ജീവിച്ചതെന്നും സെറീന ചോദിച്ചിരുന്നു. സെറീനയുടെ പ്രതികരണങ്ങളും അന്ന് വലിയ വിവാദമായിരുന്നു.


Click it and Unblock the Notifications