വീട്ടുകാര്‍ക്ക് വേണ്ടാത്ത കുഞ്ഞ്, ജനനം പോലും തെറ്റ് എന്ന് പറഞ്ഞ വീട്ടുകാര്‍; കുട്ടിക്കാലത്തെപ്പറ്റി കങ്കണ
വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് വിവാദ നായിക കങ്കണ റണാവത്. കൂട്ടുകുടുംബങ്ങളെക്കുറിച്ചുള്ള കങ്കണയുടെ പ്രസ്താവനയാണ് താരത്തെ വീണ്ടും വാര്‍ത്തകളിലെത്തിക്കുന്നത്. സാന്യ മല്‍ഹോത്ര നായികയായ മിസിസ് എന്ന സിനിമയോടുള്ള കങ്കണയുടെ പരോക്ഷമായൊരു വിമര്‍ശനം ആണ് വിവാദമായി മാറുന്നത്. മലയാള സിനിമയായ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ ഹിന്ദി റീമേക്കാണ് മിസിസ്.
ഇതിനിടെ ഇപ്പോഴിതാ കങ്കണയുടെ പഴയൊരു അഭിമുഖം കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തന്റെ വീട്ടുകാര്‍ക്ക് തനിക്ക് ജന്മം നല്‍കാന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നും കുട്ടിക്കാലത്ത് തനിക്ക് അര്‍ഹമായ പരിഗണന കിട്ടിയിരുന്നില്ലെന്നുമാണ് അഭിമുഖത്തില്‍ കങ്കണ പറയുന്നത്. മാത്രമല്ല, നേരത്തെ കങ്കണ തന്നെ സ്ത്രീകളെ പുരുഷന്മാര്‍ക്ക് സന്തോഷം നല്‍കാന്‍ മാത്രമുള്ളവരായി ചിത്രീകരിക്കുന്നതിനെ എതിര്‍ത്തതും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കുന്നുണ്ട്.

''എന്റെ അച്ഛനും അമ്മയ്ക്കും രംഗോളിയ്ക്ക് മുമ്പൊരു കുഞ്ഞ് ജനിച്ചിരുന്നു. പക്ഷെ പത്താം നാള്‍ അവന്‍ മരിച്ചു. അവനെ ഹീറോ എന്നായിരുന്നു വിളിച്ചിരുന്നത്. ആ ആണ്‍കുഞ്ഞിന്റെ വിയോഗത്തില്‍ നിന്നും എന്റെ മാതാപിതാക്കള്‍ മുക്തരായിരുന്നില്ല. പിന്നീടാണ് രംഗോളി ജനിക്കുന്നത്. അവളെ നന്നായി നോക്കുകയും ആഘോഷത്തോടെ വരവേല്‍ക്കുകയും ചെയ്തിരുന്നു'' എന്നാണ് കങ്കണ പറഞ്ഞത്.
''പക്ഷെ ഞാന്‍ ജനിച്ചപ്പോള്‍ എന്റെ അച്ഛനും അമ്മയ്ക്കും, പ്രത്യേകിച്ചും അമ്മയ്ക്ക്, വീണ്ടുമൊരു പെണ്‍കുട്ടിയാണ് ജനിച്ചത് എന്നത് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. വീട്ടില്‍ അതിഥികള്‍ വരുമ്പോഴൊക്കെ ഈ കഥ പറഞ്ഞിരുന്നു. അതിനാല്‍ വളരെ വ്യക്തമായി തന്നെ ഞാന്‍ ഇതെല്ലാം ഓര്‍ക്കുന്നുണ്ട്. ഞാന്‍ വേണ്ടാതെ ജനിച്ച കുഞ്ഞായിരുന്നു'' എന്നാണ് കങ്കണ അന്ന് പറഞ്ഞത്.
''നീ ഇവിടെ ഉണ്ടാകേണ്ട ആളല്ല എന്ന് നിരന്തരം ഓര്‍മ്മിപ്പിക്കുന്നൊരു അന്തരീഷത്തില്‍ ജീവിക്കേണ്ടി വരുന്നത് പ്രയാസകരമാണ്. നിന്റെ നിലനില്‍പ്പ് എങ്ങനെയോ സംഭവിച്ചതാണ്'' എന്നും കങ്കണ പറഞ്ഞിരുന്നു. ഈ വാക്കുകള്‍ ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ കങ്കണയെ എതിര്‍ക്കുന്നത്.
അതേസമയം നേരത്തെ കങ്കണ പറഞ്ഞത് താന്‍ കണ്ടിട്ടുള്ള സ്ത്രീകളെല്ലാം അവരുടെ വീട്ടില്‍ തീരുമാനങ്ങളെടുക്കുന്നവരും ഭര്‍ത്താവിനോട് എങ്ങനെയാണ് പണം ചെലവാക്കേണ്ടത് എന്ന് പറയുന്നവരുമാണ് എന്നാണ്. ഇന്ത്യന്‍ കൂട്ടുകുടംബങ്ങളെ സാമാന്യവത്കരിക്കരുതെന്നും വീട്ടിലെ സ്ത്രീകളുടെ ജോലിയെ കൂലിവേലയുമായി താരതമ്യം ചെയ്യരുതെന്നും കങ്കണ പറഞ്ഞിരുന്നു. ഒരു വീട് നോക്കുന്നതും കുട്ടിയെ വളര്‍ത്തുന്നതുമൊക്കെ ജോലി ചെയ്യുന്നതിനേക്കാള്‍ വലുതാണെന്നും കങ്കണ പറഞ്ഞിരുന്നു.

എന്തായാലും സ്വന്തം വാക്കുകള്‍ കങ്കണയെ തിരിഞ്ഞു കൊത്തുകയാണ്. അതേസമയം സോഷ്യല്‍ മീഡിയയിലെ പുരുഷാധിപത്യത്തെ അനുകൂലിക്കുന്നവര്‍ക്ക് ചൊറിച്ചിലുണ്ടാക്കുകയാണ് മിസിസ്. ചിത്രം മുന്നോട്ട് വെക്കുന്ന സ്ത്രീപക്ഷ രാഷ്ട്രീയം പലര്‍ക്കും അംഗീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പുറത്തിറങ്ങിയ സമയത്തും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ ഉടലെടുത്തിരുന്നു. റീമേക്കും അതുപോലെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
അതേസമയം തന്റെ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കങ്കണ കടന്നു പോകുന്നത്. താരത്തിന്റെ സിനിമകള്‍ തുടർച്ചയായി ബോക്സ് ഓഫീസില്‍ തകർന്നുവീഴുകുയാണ്. എമർജന്‍സിയാണ് ഒടുവിലായി പുറത്തിറങ്ങിയ സിനിമ. കങ്കണ തന്നെയായിരുന്നു സിനിമയുടെ സംവിധാനവും.


Click it and Unblock the Notifications











