എനിക്കൊരു അച്ഛനെ നഷ്ടമായി, ഒരാളെക്കൂടെ നഷ്ടപ്പെടാന്‍ വയ്യ! വയര്‍ പൊത്തിപ്പിടിച്ച് ഷാരൂഖ് പൊട്ടിക്കരഞ്ഞു
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഷാരൂഖ് ഖാന്‍. ലോകമെമ്പാടും ആരാധകരുണ്ടെങ്കിലും തനിക്ക് സുഹൃത്തുക്കള്‍ കുറവാണെന്നാണ് ഷാരൂഖ് ഖാന്‍ പറയാറുള്ളത്. അങ്ങനെ ഷാരൂഖുമായി അടുത്ത ബന്ധമുള്ള ചുരുക്കം ചിലരില്‍ ഒരാളാണ് കരണ്‍ ജോഹര്‍. തങ്ങളുടെ കരിയറിന്റെ തുടക്ക കാലം മുതലുള്ളതാണ് ഷാരൂഖിന്റേയും കരണിന്റേയും സൗഹൃദം. ഇരുവരും ഒരുമിച്ചപ്പോഴെല്ലാം ബോക്‌സ് ഓഫീസില്‍ പിറന്നത് സൂപ്പര്‍ ഹിറ്റുകളാണ്.
ഷാരൂഖും കരണും ഇന്ന് സുഹൃത്തുക്കള്‍ എന്നതിലുപരിയായി ഒരു കുടുംബമായി മാറിയിരിക്കുകയാണ്. ഒരിക്കല്‍ തന്റെ ജീവിതത്തിലെ വലിയൊരു വിഷമഘട്ടത്തില്‍ ഷാരൂഖ് എങ്ങനെയാണ് കൂടെ നിന്നതെന്ന് കരണ്‍ ജോഹര്‍ തുറന്നു പറഞ്ഞിരുന്നു. 2003ല്‍ കല്‍ ഹോ ന ഹോയിലൂടെ വലിയ ഹിറ്റാണ് ഷാരൂഖും കരണും ഒരുക്കിയത്. എന്നാല്‍ ഈ സമയം കരണിന്റെ വ്യക്തജീവിതത്തില്‍ വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്.

തന്റെ അച്ഛനും ബോളിവുഡിലെ മുന്‍നിര നിര്‍മ്മാതാവുമായ യാഷ് ജോഹറിന് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത് ഈ സമയത്താണ്. തന്റെ ആത്മകഥയായ ദ അണ്‍സ്യൂട്ടബിള്‍ ബോയിയില്‍ ഇതേക്കുറിച്ച് കരണ്‍ ജോഹര്‍ പറയുന്നത്. അച്ഛന് ക്യാന്‍സര്‍ ആണെന്ന് അറിയുമ്പോള്‍ കരണ്‍ ജോഹര്‍ കല്‍ ഹോ ന ഹോയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമായി ന്യൂയോര്‍ക്കിലായിരുന്നു.
''ഞാന്‍ അദ്ദേഹത്തെ നോക്കി, എന്തുകൊണ്ടാണ് ഈ വാക്കുകള്‍ എന്റെ വായില്‍ നിന്നും പുറത്ത് വന്നതെന്ന് അറിയില്ല, നിങ്ങള്‍ക്ക് ക്യാന്‍സര്‍ ആണോ എന്ന് ചോദിച്ചു. അദ്ദേഹം അതെ എന്ന് പറഞ്ഞതും ഞാന്‍ കസേരയിലേക്ക് വീണു. അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ആ കസേരയില്‍ വീണു പോയി'' എന്നാണ് താന്‍ അച്ഛന്റെ രോഗത്തെക്കുറിച്ച് അറിഞ്ഞതിനെപ്പറ്റി കരണ്‍ പറയുന്നത്.
തന്റെ അച്ഛന്റെ രോഗം കരണ്‍ ജോഹര്‍ സുഹൃത്തായ ഷാരൂഖ് ഖാനോട് പറയാന്‍ തീരുമാനിച്ചു. ''ഞാന്‍ ഷാരൂഖിനോട് പറഞ്ഞു. അദ്ദേഹം പൊട്ടിക്കരഞ്ഞു. എന്താണ് സംഭവിക്കുന്നു എന്നതിന്റെ സത്യാവസ്ഥ ഞാന്‍ അപ്പോഴാണ് മനസിലാക്കിയത്. അദ്ദേഹം ഒരു കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞു. തന്റെ വയറില്‍ മുറുകെ പിടിച്ച് അദ്ദേഹം കരഞ്ഞു കൊണ്ടേയിരുന്നു. കുറേ നേരം കരഞ്ഞ ശേഷം ഷാരൂഖ്, എനിക്ക് ഒരു അച്ഛനെ നഷ്ടമായി ഒരാളെ കൂടെ നഷ്ടപ്പെടാന്‍ വയ്യ എന്ന് പറഞ്ഞു'' എന്നാണ് കരണ്‍ ജോഹര്‍ പറയുന്നത്.

''എന്റെ പെരുമാറ്റത്തിലെ സ്‌ത്രൈണതയെ എല്ലാവരും ചിരിച്ചു കൊണ്ടോ കളിയാക്കിയോ ആയിരുന്നു സമീപിച്ചിരുന്നത്. വലുതായപ്പോള്‍ ആളുകള്‍ ശാന്തരായി. പക്ഷെ അവരുടെ അടക്കം പറച്ചിലുകള്‍ എനിക്ക് മനസിലാകുമായിരുന്നു. എന്റെ നടത്തമോ സംസാര രീതിയോ ഒക്കെയാകാം കാരണം. പക്ഷെ ഞാന്‍ ഓര്‍ക്കുന്നുണ്ട്, എന്നെ ആദ്യമായി തുല്യനായി സമീപിച്ചത് ഷാരൂഖ് ഖാനായിരുന്നു. അന്നത്തെ കാലത്ത് തമാശയായി പലരും കണ്ടതിനെ അദ്ദേഹം സ്വാഭാവികമായിട്ടാണ് കണ്ടത്'' എന്നാണ് തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഒരിക്കല്‍ കരണ്‍ പറഞ്ഞത്.
ഷാരൂഖ് ഖാനെ നായകനാക്കി കുച്ച് കുച്ച് ഹോത്താ ഹെ, കഭി ഖുഷി കഭി ഗം, മൈ നെയിം ഈസ് ഖാന്‍ എന്നീ സിനിമള്‍ സംവിധാനം ചെയ്തത് കരണ്‍ ജോഹറാണ്. ഷാരൂഖ് ഖാന്‍ നായകനായ കല്‍ ഹോ ന ഹോയുടെ നിര്‍മ്മാതാവും കരണായിരുന്നു.


Click it and Unblock the Notifications