അവളുടെ മീശ എനിക്കിഷ്ടമാണ്! ട്വിങ്കിള്‍ ഖന്നയോടുള്ള പ്രണയം തുറന്ന് പറഞ്ഞ് കരണ്‍ ജോഹര്‍
അടുത്ത സുഹൃത്തുക്കളാണ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറും മുന്‍ നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്നയും. കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളാണ് ഇരുവരും. വര്‍ഷങ്ങളുടെ ആഴമുള്ള സൗഹൃദം. കരണ്‍ ജോഹര്‍ തന്റെ ആദ്യ സിനിമയായ കുച്ച് കുച്ച് ഹോത്താ ഹേയില്‍ ടീന എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് പോലും ട്വിങ്കിളിന് വേണ്ടിയായിരുന്നു. ട്വിങ്കിന്റെ ഇരട്ടപേരാണ് ടീന എന്നത്. എന്നാല്‍ ആ ചിത്രത്തില്‍ ട്വിങ്കിളിന് അഭിനയിക്കാന്‍ സാധിച്ചില്ല. എങ്കിലും തങ്ങളുടെ സൗഹൃദത്തില്‍ വിള്ളലൊന്നും വീഴാതെ കാത്തു സൂക്ഷിക്കുകയാണ് ഇരുവരും ഇന്നും.
തങ്ങളുടെ കുടുംബങ്ങള്‍ ബോളിവുഡിലെ പ്രമുഖരാണെന്നത് മാത്രമായിരുന്നില്ല കരണും ട്വിങ്കിളും തമ്മിലുള്ള സൗഹൃദത്തിന്റെ കാരണം. ഇരുവരും ഒരേ ബോര്‍ഡിംഗ് സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. അന്ന് മുതല്‍ തന്നെ രണ്ടു പേരും അടുത്ത സുഹൃത്തുക്കളായിരുന്നു. തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് പലപ്പോഴും ഇരുവരും മനസ് തുറന്നിട്ടുണ്ട്. കരണ്‍ സിനിമയില്‍ സജീവമായി തുടരുകയാണെങ്കിലും ട്വിങ്കിള്‍ സിനിമയില്‍ തിളങ്ങാനാകാതെ വന്നതോടെ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായി മാറുകയായിരുന്നു.

2015 ല്‍ ട്വിങ്കിളിന്റെ ആദ്യത്തെ പുസത്കമായ മിസിസ് ഫണ്ണിബോണ്‍സിന്റെ ലോഞ്ചിംഗിനിടെ കുട്ടിക്കാലത്തെ ഒരുപാട് ഓര്‍മ്മകള്‍ പങ്കുവെച്ചിരുന്നു കരണും ട്വിങ്കിളും. കരണിന് തന്നോട് പ്രണയമായിരുന്നുവെന്നും ഒരിക്കല്‍ കരണ്‍ സ്‌കൂളില്‍ നിന്നും ഓടിപ്പോകാന്‍ ശ്രമിച്ചിരുന്നുവെന്നുമെല്ലാം ആ പരിപാടിയില്‍ വച്ച് ട്വിങ്കിള്‍ തന്നെ തുറന്നു പറഞ്ഞിരുന്നു. ''കരണ്‍ എന്നോട് പ്രണയമാണെന്ന് തുറന്ന് പറഞ്ഞിരുന്നു. എനിക്ക് അന്ന് ചെറിയ മീശയുണ്ടായിരുന്നു. ഇവന് അത് ഭയങ്കര ഇഷ്ടമായിരുന്നു. ദാറ്റ്‌സ് ഹോട്ട്, എനിക്ക് നിന്റെ മീശ ഇഷ്ടമാണെന്ന് പറയുമായിരുന്നു'' എന്നായിരുന്നു ട്വിങ്കിള്‍ ഖന്നയുടെ വെളിപ്പെടുത്തല്‍. അതേസമയം തനിക്ക് ആകെ ഇഷ്ടം തോന്നിയ പെണ്‍കുട്ടിയായിരുന്നു ട്വിങ്കിള്‍ എന്നായിരുന്നു കരണ്‍ ജോഹര്‍ തന്നെ പറഞ്ഞത്.

പിന്നാലെ കരണ്‍ ജോഹര്‍ സ്‌കൂളില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ച കഥയും ട്വിങ്കിള്‍ ഖന്ന പങ്കുവച്ചു. ''ഞങ്ങള്‍ ഒരു മലയുടെ അറ്റത്തായിരുന്നു. ഞാന്‍ പറഞ്ഞു നീയിത് ഊര്‍ന്ന് ഇറങ്ങി, ഒരു ബോട്ടില്‍ രക്ഷപ്പെട്ടോ എന്ന്. ഇവന്‍ മലയിറങ്ങിയതും പിടിക്കപ്പെട്ടു. അവര്‍ അവനോട് തിരിച്ചു കയറാന്‍ പറഞ്ഞു. രണ്ട് മണിക്കൂര്‍ കൊണ്ടാണ് തിരിച്ചു കയറിയത്. അവര്‍ ഇവനെ കൊണ്ട് അസംബ്ലിയില്‍ പ്രിന്‍സിപ്പാളിന്റെ അടുത്തു നിര്‍ത്തി. ഒരു കുറ്റവാളിയെ പോലെ'' എന്നായിരുന്നു ട്വിങ്കിളിന്റെ വെളിപ്പെടുത്തല്‍. പിന്നാലെ കരണും ആ ഓര്‍മ്മ പങ്കുവച്ചു. ''നിങ്ങള്‍ ആരെങ്കിലും ഈ പയ്യന്‍ ചെയ്തത് പോലെ ചെയ്യുമോ എന്നായിരുന്നു പ്രിന്‍സിപ്പാള്‍ അസംബ്ലിയില്‍ ചോദിച്ചത്. ഞാന്‍ ആ സ്‌റ്റേജില്‍ ഒരു ഗിനി പന്നിയെ പോലെയായി. ജീവിതത്തില്‍ ഞാന്‍ അത്രയും അപമാനിക്കപ്പെട്ട മറ്റൊരു അവസരമില്ല. അന്നെനിക്ക് വെറും 12 വയസായിരുന്നു പ്രായം'' എന്നായിരുന്നു കരണ്‍ ജോഹര്‍ കൂട്ടിച്ചേര്‍ത്തത്.
Recommended Video

ബര്‍സാത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ട്വിങ്കിളിന്റെ അരങ്ങേറ്റം. രാജേഷ് ഖന്നയുടേയും ഡിംപില്‍ കപാഡിയയുടേയും മകളാണ് ട്വിങ്കിള്‍ ഖന്ന. 2001 ല്‍ പുറത്തിറങ്ങിയ ലവ് കേ ലിയേ കുച്ച് ഭീ കരേഗ എന്ന ചിത്രത്തോടെ ട്വിങ്കിള്‍ അഭിനയം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അച്ഛന്റേയും അമ്മയുടേയും വിജയം ആവര്‍ത്തിക്കാന്‍ അഭിനയത്തില്‍ ട്വിങ്കിളിന് സാധിച്ചില്ല. എങ്കിലും എഴുത്തുകാരിയായി ശ്രദ്ധ നേടാന്‍ ട്വിങ്കളിന് സാധിച്ചിരുന്നു. ആദ്യ പുസ്തകമായ മിസിസ് ഫണ്ണിബോണ്‍സ് തന്നെ ബെസ്റ്റ് സെല്ലറായി മാറിയിരുന്നു. മാധ്യമ പ്രവര്‍ത്തനത്തിലും യൂട്യൂബ് ചാനലിലും സജീവമാണ് ഇന്ന് ട്വിങ്കിള്‍ ഖന്ന.


Click it and Unblock the Notifications