പ്രിയങ്കയുടെ വളര്‍ച്ചയില്‍ കരീനയ്ക്ക് അസൂയ; തല്ലുണ്ടാക്കിയ നടിമാരെ പിടിച്ചുമാറ്റി സഹയാത്രികര്‍
ബോളിവുഡിലെ സൂപ്പര്‍ നായികമാരാണ് പ്രിയങ്ക ചോപ്രയും കരീന കപൂറും. ബോളിവുഡിലെ താര കുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തിയത്. തന്റെ പ്രകടനം കൊണ്ട് ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുത്ത കരീന ഇന്നും താരമായി വിലസുകയാണ്. വിവാഹ ശേഷം നടിമാര്‍ അഭിനയം വിടുന്നിടത്ത് കരീന വിവാഹ ശേഷവും രണ്ട് മക്കളുടെ അമ്മയായ ശേഷവും തന്റെ അഭിനയ ജീവിതത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ബോളിവുഡിലെ നിറസാന്നിധ്യമായി തുടരുകയാണ് സൂപ്പര്‍നായികയായ കരീന കപൂര്‍. എന്നാല്‍ കരീനയുടേത് പോലൊരു താരകുടുംബത്തില്‍ നിന്നുമല്ല പ്രിയങ്ക സിനിമയിലെത്തിയത്.
ലോകസുന്ദരി പട്ടം നേടിയാണ് പ്രിയങ്ക സിനിമയിലെത്തുന്നത്. അരങ്ങേറ്റ സിനിമയിലെ നെഗറ്റീവ് കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രിയങ്കയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ബോളിവുഡിലെ സൂപ്പര്‍ നായികയായി മാറിയ പ്രിയങ്ക അവിടെ നിന്നും ഹോളിവുഡിലേക്കും ചുവടുവച്ചു. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക. താരകുടുംബത്തിന്റെ വേരുകളില്ലാതെയും ലോകമറിയുന്ന നായികയായി മാറാന്‍ സാധിക്കുമെന്ന് കാണിച്ചു തരികയായിരുന്നു പ്രിയങ്ക ചോപ്ര. അതേസമയം പ്രിയങ്കയും കരീനയും തമ്മിലുള്ള ഭിന്നത എന്നും ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു.

ഏതാണ്ട് ഒരേസമയത്ത് ബോളിവുഡില്‍ എത്തിയവരാണ് കരീനയും പ്രിയങ്കയും. 2004ല്‍ എയ്ത്രാസ് എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് കരീനയും പ്രിയങ്കയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. കപൂര്‍ കുടുംബത്തില്‍ നിന്നും വരുന്ന താരമെന്ന നിലയില്‍ കരീന നേരത്തെ തന്നെ ജനശ്രദ്ധ നേടിയ നായികയായി മാറിയിരുന്നു. പക്ഷെ സിനിമയുടെ റിലീസോടെ പ്രിയങ്ക ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുകയായിരുന്നു. ''എയ്ത്രാസിന്റെ സമയത്ത് കരീന കപൂറും പ്രിയങ്ക ചോപ്രയും, സമപ്രായക്കാരാണ് രണ്ട് പേരും, നല്ല സുഹൃത്തുക്കളായിരുന്നു. രണ്ട് പേര്‍ക്കുമിടയില്‍ ആ സിനിമയ്ക്ക് ശേഷവും പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ഷാഹിദിനും കരീനയ്ക്കുമൊപ്പം പ്രിയങ്ക പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നു'' എന്നായിരുന്നു ഇടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

''എന്നാല്‍ തന്റെ സുഹൃത്ത് തനിക്കൊരു വെല്ലുവിളിയായി മാറിയതോടെ കരീന അസ്വസ്ഥയായി മാറുകയായിരുന്നു. കഠിനാധ്വാനം ചെയ്ത് ശക്തമായൊരു പ്രകടനം കാഴ്ചവച്ചിരുന്നു അവള്‍. എന്നാല്‍ കരിയറില്‍ ആദ്യമായി കരീനയുടെ പ്രകടനം ശ്രദ്ധിക്കപ്പെടാതെ പോയി. അതിന് കാരണം പ്രിയങ്കയ്ക്ക് ലഭിച്ച സ്വീകാര്യതയായിരുന്നു'' എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെയാണ് ഇരുവര്‍ക്കുമടിയില്‍ ഭിന്നത ഉടലെടുക്കുന്നത്. പിന്നീട് ഒരു പരിപാടിക്ക് വേണ്ടി ഒരുമിച്ച് യാത്ര ചെയ്യവെ പ്രിയങ്കയും കരീനയും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. ഇരുവരും തമ്മില്‍ വഴക്കായി. പരസ്പരം ശബ്ദമുയര്‍ത്തി സംസാരിക്കുക മാത്രമല്ല തല്ലാനായി അടുത്തുവെന്നും എന്നാല്‍ അവരെ മറ്റുള്ളവര്‍ പിടിച്ച് മാറ്റുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പിന്നീട് ഷാരൂഖ് ഖാനൊപ്പമുള്ള പരസ്യത്തിനായി പെപ്‌സി കരീനയേയും പ്രിയങ്കയേയും ഒരേസമയം സമീപ്പിച്ചിരുന്നു. രണ്ടുപേരും തങ്ങള്‍ക്ക് തുല്യ പ്രാധാന്യം വേണമെന്ന് വാശിപിടിച്ചു. ഇതിനിടെയാണ് പ്രിയങ്ക ചോപ്രയേയും ഷാരൂഖ് ഖാനേയും പ്രധാന വേഷങ്ങളില്‍ എത്തിച്ച് ഫര്‍ഹാന്‍ അക്തര്‍ ഡോണ്‍ റീമേക്ക് ചെയ്യുന്നത്. ചിത്രത്തിലെ യേ മേരെ ദില്‍ എന്ന പാട്ടില്‍ കരീന കപൂറുമെത്തിയിരുന്നു. തുടക്കത്തില്‍ ഈ ഓഫര്‍ കരീനയ്ക്ക് തീരെ ഇഷ്ടമായിരുന്നില്ല. എന്നാല്‍ ഹിറ്റ് പാട്ടായതിനാലും ഷാരൂഖും ഫര്‍ഹാനും തമ്മിലുള്ള സൗഹൃദം അറിയാവുന്നത് കൊണ്ടും കരീന യെസ് പറയുകയായിരുന്നു. ഒരു കാലത്ത് തന്നേക്കാള്‍ ചെറിയ താരമായിരുന്ന പ്രിയങ്ക തന്നേക്കാള്‍ ആരാധകരെ നേടുന്നതായിരുന്നു കരീനയെ അലട്ടിയിരുന്നത്.
Recommended Video

എന്നാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും അവസാനമിട്ടു കൊണ്ട് കരീനയും പ്രിയങ്കയും 2019 ല്‍ കോഫി വിത്ത് കരണില്‍ ഒരുമിച്ച് എത്തിയിരുന്നു. പക്ഷെ പരിപാടിക്കിടെ പരസ്പരം പരോക്ഷമായി കളിയാക്കാനുള്ള ശ്രമങ്ങള്‍ ഇരുവര്‍ക്കുമിടയിലുണ്ടായിരുന്നു. ഇത് വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു. എന്തായാലും ഇന്ന് കരീനയും പ്രിയങ്കയും തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിപ്പിച്ച് നല്ല സുഹൃത്തുക്കളായി മാറിയിരിക്കുകയാണ്.


Click it and Unblock the Notifications