തടി വൃത്തികേടാണ്! വിദ്യ ബാലനെ കളിയാക്കി കരീന; ഇത് ഭംഗിയല്ല, പൊണ്ണത്തടിയാണ്; തിരിച്ചടിച്ച് വിദ്യ
ബോളിവുഡിലെ മിന്നും താരമാണ് കരീന കപൂര്‍. ബോളിവുഡിലെ താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ സ്വന്തമായൊരു ഇടം കണ്ടെത്താനായി കരീനയ്ക്ക്. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ച് ബോളിവുഡിലെ നമ്പര്‍ നായികയാകാന്‍ കരീനയ്ക്ക് സാധിച്ചു. തന്റെ മനസിലുള്ളത് വെട്ടിത്തുറന്ന് പറയുന്നതാണ് കരീനയുടെ ശീലം. ഇതിന്റെ പേരില്‍ പലപ്പോഴും പുലിവാലു പിടിച്ചിട്ടുണ്ട് കരീന.
തന്റെ സമകാലികരായ ബിപാഷ ബസു, പ്രിയങ്ക ചോപ്ര തുടങ്ങിയവരെക്കുറിച്ച് കരീന നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങളായിട്ടുണ്ട്. എന്നാല്‍ പലരും മറന്നു പോയ ഒന്നാണ് വിദ്യാ ബാലനെക്കുറിച്ച് കരീന പറഞ്ഞ വാക്കുകള്‍. വിദ്യ ബാലന്റെ ശരീരത്തെക്കുറിച്ച് ഒരിക്കല്‍ കരീന നടത്തിയ പരാമര്‍ശം കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങായിരുന്നു.

തന്റെ സൈസ് സീറോ ഇമേജിന്റെ പേരില്‍ പ്രശസ്തയാണ് കരീന. സൈസ് സീറോ ഒരു ട്രെന്റാക്കി മാറ്റാന്‍ പോലും കരീനയ്ക്ക് സാധിച്ചു. അതേസമയം വിദ്യ ബാലനാകട്ടെ എന്നും തന്റെ ശരീരത്തെ പോസിറ്റീവായി സമീപിക്കുന്ന വ്യക്തിയും. കരിയറിലുടനീളം വണ്ണത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട് വിദ്യ ബാലന്‍. ദ ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിന് വേണ്ടി വിദ്യ ബാലന്‍ ഭാരം കൂട്ടിയതും വാര്‍ത്തയായിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് വിദ്യയെ തേടി പിന്നീട് ദേശീയ പുരസ്‌കാരമടക്കം എത്തി.
ഈ സമയത്ത് കരീന നടത്തിയൊരു പരാമര്‍ശമാണ് വിവാദമായത്. ചില നടിമാര്‍ വേഷം കിട്ടാന്‍ വേണ്ടി വണ്ണം കൂട്ടുകയാണെന്നാണ് കരീന പറഞ്ഞത്. ''തടി കൂട്ടിയാല്‍ സെക്‌സിയാകില്ല. അത് പറയുന്നവര്‍ മണ്ടത്തരമാണ് പറയുന്നത്. മാദകത്വം വേണം, പക്ഷെ തടി വെക്കുന്നത് സെക്‌സിയല്ല. മെലിയേണ്ടതില്ല എന്ന് ഏതെങ്കിലും സ്ത്രീ പറയുന്നുണ്ടെങ്കില്‍ അത് വിവരക്കേടാണ്. എല്ലാ സ്ത്രീകളുടേയും സ്വപ്‌നമാണത്. ചിലപ്പോള്‍ ഇന്നത് ഒരു ട്രെന്റായിരിക്കും. പക്ഷെ എനിക്ക് തടി വെക്കേണ്ട', കരീന പറയുന്നു.
അവിടെ തീര്‍ന്നില്ല കരീനയുടെ വിമര്‍ശനം. ഒരിക്കല്‍ കോഫി വിത്ത് കരണിലെത്തിയപ്പോഴും കരീന വിദ്യയെക്കുറിച്ച് വിവാദ പരാര്‍മശം നടത്തുകയുണ്ടായി. ഒരു ദിവസം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ താന്‍ വിദ്യാ ബാലനായി മാറിയെന്ന് തിരിച്ചറിഞ്ഞാല്‍ എന്ത് ചെയ്യും എന്ന് കരണ്‍ ചോദിച്ചപ്പോഴായിരുന്നു കരീനയുടെ പരാമര്‍ശം. എനിക്ക് വൃത്തികേടായി തോന്നും എന്നായിരുന്നു കരീനയുടെ മറുപടി. പ്രതീക്ഷിച്ചത് പോലെ തന്നെ താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറി.

കരീനയുടെ പ്രസ്താവനകളോട് പിന്നീട് വിദ്യ ബാലന്‍ തന്നെ പ്രതികരിക്കുകയുണ്ടായി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിദ്യയുടെ പ്രതികരണം. ''ഡേര്‍ട്ടി പിക്ചറിനേക്കാള്‍ ഡേര്‍ട്ടി ആകാനാകില്ല. അവര്‍ക്ക് ഒരുപക്ഷെ ഒരു ഹീറോയിന്‍ ഉണ്ടാക്കാനാകും. പക്ഷെ ഒരിക്കലും ദ ഡേര്‍ട്ടി പിക്ചര്‍ ഉണ്ടാക്കാനാകില്ല'' എന്നായിരുന്നു വിദ്യയുടെ മറുപടി. കരീന നായികയായി അഭിനയിച്ച ചിത്രമാണ് ഹീറോയിന്‍. വലിയ പ്രതീക്ഷയോടെ വന്ന ചിത്രം തീയേറ്ററില്‍ അമ്പേ പരാജയപ്പെട്ടു. അതാണ് വിദ്യ കരീനയെ പരിഹസിക്കാനുള്ള ആയുധമാക്കിയത്.
അതേസമയം, ലാല്‍ സിംഗ് ഛദ്ദ ആണ് കരീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആമീര്‍ ഖാന്‍ നായകനായ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഇപ്പോള്‍ തന്റെ ഒടിടി എന്‍ട്രിയ്ക്കായി തയ്യാറെടുക്കുകയാണ് കരീന. നിരവധി സിനിമകളും കരീനയുടേതായി അണിയറയിലുണ്ട്. ജല്‍സയാണ് വിദ്യയുടെ ഒടുവിലിറങ്ങിയ സിനിമ. നീയത്ത്, ലവേഴ്‌സ് എന്നീ സിനിമകളാമ് വിദ്യയുടേതായി അണിയറയിലുള്ളത്.


Click it and Unblock the Notifications











