ആദ്യം അഭിനയിച്ചത് വിജയ്ക്കൊപ്പം! അന്ന് മലൈകയെ പോലെ ആകണമെന്ന് ആഗ്രഹിച്ചു: കത്രീന കൈഫ്
ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കത്രീന കൈഫ്. താരകുടുംബങ്ങളുടെ പാരമ്പര്യമോ പിന്തുണയോ ഇല്ലാതെയാണ് കത്രീന ബോളിവുഡിലേക്ക് കടന്നുവന്നത്. ഭാഷ പോലും കൃത്യമായി അറിയാതിരുന്ന ആ പെണ്‍കുട്ടിയില്‍ നിന്നും ഇന്ന് കത്രീന ഒരുപാട് വളര്‍ന്നു. എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ സമ്മാനിച്ചു. ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായി മാറി. നിലവിൽ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് കത്രീന.
എന്നാൽ നടിയാകണമെന്ന് ആഗ്രഹിച്ച് മുംബൈയിൽ എത്തിയ ആളായിരുന്നില്ല കത്രീന കൈഫ്. ഒരു കാലത്ത് സൂപ്പർ മോഡൽ ആകണമെന്നായിരുന്നു കത്രീനയുടെ ആഗ്രഹം ആഗ്രഹം. മുംബൈയിൽ എത്തിയപ്പോൾ അതിനു വേണ്ടിയായിരുന്നു കത്രീനയുടെ ശ്രമങ്ങൾ എല്ലാം. അടുത്തിടെ ഒരു അഭിമുഖത്തിൽ, മുംബൈയിലെ തന്റെ ആദ്യ നാളുകളെക്കുറിച്ചും മോഡലാകാൻ തന്നെ പ്രചോദിപ്പിച്ചവരെക്കുറിച്ചും കത്രീന തുറന്നുപറയുകയുണ്ടായി. താൻ ആദ്യമായി അഭിനയിച്ച പരസ്യം ദളപതി വിജയ്ക്കൊപ്പമാണെന്നും നടി വെളിപ്പെടുത്തി. ആ വാക്കുകൾ ശ്രദ്ധനേടുകയാണ്.

"ഞാൻ ആദ്യമായി ബോംബെയിൽ എത്തിയപ്പോൾ ഒരു മോഡലാവുക എന്നതായിരുന്നു എന്റെ ആഗ്രഹം. എന്റെ ആരാധനാപാത്രങ്ങൾ മധു സാപ്രെയും ലക്ഷ്മി മേനോനും ആയിരുന്നു, അവർ അന്നത്തെ സൂപ്പർ മോഡലുകളായിരുന്നു, പിന്നെ മലൈക അറോറയും. ആ സമയത്ത് അവരും മോഡലിംഗിലായിരുന്നു. ഞാൻ പ്രചോദനമായി കണ്ടിരുന്ന സ്ത്രീകളായിരുന്നു അവർ." കത്രീന പറയുന്നു. അന്ന് മോഡലിംഗ് ചെയ്യാനായി അവസരങ്ങൾ തേടി നടന്നിരുന്നതിനെ കുറിച്ചും കത്രീന പറഞ്ഞു.
മുംബൈയിലെ പരസ്യ ഏജൻസികളുടെ ലിസ്റ്റ് തയ്യാറാക്കികൊണ്ടായിരുന്നു കത്രീനയുടെ അവസരം തേടിയിറങ്ങിയത്. "ആ സമയത്ത്, ഞാൻ ബോംബെയിൽ ഉണ്ടായിരുന്ന എല്ലാ വലിയ പരസ്യ ഏജൻസികളുടെയും ഒരു ലിസ്റ്റ് ഉണ്ടാക്കിയിരുന്നു. ഞാൻ ടാക്സിയിൽ ഓരോ സ്ഥലത്തും പോകും. ആ സമയത്ത് ഞാൻ നിരവധി വ്യാജ സോപ്പുകളുടെ പരസ്യങ്ങൾ ചെയ്തിരുന്നു. അതിൽ ഞാൻ വളരെ മിടുക്കിയായിരുന്നു. എനിക്ക് അങ്ങനെ നിരവധി പരസ്യങ്ങൾ ലഭിച്ചു. കബഡി കളിക്കേണ്ടി വന്ന ഒരു പരസ്യമാണ് എനിക്ക് മനസിലാകാതെ പോയത്. കബഡി എന്താണെന്ന് എനിക്കറിയില്ലായിരുന്നു."

അങ്ങനെ എല്ലാത്തരം പരസ്യങ്ങളും ചെയ്തിരുന്നുവെന്ന് കത്രീന ഓർക്കുന്നു. എന്നാൽ കത്രീന ആദ്യമായി ചിത്രീകരിച്ച പരസ്യം ദളപതി വിജയ്ക്കൊപ്പമായിരുന്നു. ആ അനുഭവവും നടി പങ്കുവെച്ചു, "ഞാൻ ആദ്യം ചെയ്ത പരസ്യം വിജയ് സാറിനൊപ്പമായിരുന്നു. അത് ഒരു ശീതളപാനീയത്തിന്റെ പരസ്യമായിരുന്നു, ഞാൻ അതിൽ ബാലറീന നൃത്തം ചെയ്യുന്നതായിരുന്നു, എനിക്ക് അത് അറിയില്ലെങ്കിലും ചെയ്യേണ്ടി വന്നു, 'ആ പരസ്യം കണ്ടിട്ട് ലോകത്തിലെ ഏറ്റവും വിചിത്രമായ ബാലെറിന നൃത്തം നിങ്ങളുടെ ആണെന്ന് ഒരു സുഹൃത്ത് പറഞ്ഞത്," കത്രീന ഓർമിച്ചു.
അതേസമയം വിജയ് സേതുപതി നായകനാകുന്ന മെറി ക്രിസ്മസ് ആണ് കത്രീനയുടെ ഏറ്റവും പുതിയ ചിത്രം. ശ്രീറാം രാഘവൻ സംവിധാനം ചെയ്ത ചിത്രം തമിഴ്, ഹിന്ദി ഭാഷകളിലായാണ് തിയേറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ റിലീസ് ചെയ്യുകയും പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ നേടുകയും ചെയ്തിരുന്നു. ചിത്രം 2024 ജനുവരി 12 ന് തിയേറ്ററുകളിൽ എത്തും.


Click it and Unblock the Notifications