രണ്‍ബീറുമായി പിരിഞ്ഞതോടെ തകര്‍ന്നു, സഹായിച്ചത് അമ്മയുടെ വാക്കുകള്‍; ഹൃദയം തുറന്ന് കത്രീന
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ രണ്‍ബീര്‍ കപൂറും കത്രീന കൈഫും തമ്മിലുള്ള പ്രണയവും പ്രണയ തകര്‍ച്ചയുമൊക്കെ ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു. രണ്‍ബീറുമായുള്ള പ്രണയം തകര്‍ന്നതിനെക്കുറിച്ച് പലപ്പോഴും കത്രീന തുറന്ന് സംസാരിച്ചിട്ടുണ്ട്. പ്രണയ തകര്‍ച്ച തനിക്ക് വലിയ ആഘാതമായിരുന്നുവെന്നും എന്നാല്‍ തങ്ങളുടെ സമവാക്യത്തിലുണ്ടായ തകര്‍ച്ചയില്‍ തന്റെ ഭാഗത്തു നിന്നുമുള്ള തെറ്റ് മനസിലാക്കുന്നതായും ഒരിക്കല്‍ കത്രീന പറഞ്ഞിരുന്നു. പല പെണ്‍കുട്ടികളും കടന്നു പോകുന്നതാണ് ഈ അവസ്ഥ എന്ന് മനസിലാക്കിയതോടെയാണ് താന്‍ ആശ്വസിച്ചതെന്നാണ് കത്രീന പറയുന്നത്.
''സ്വയം റീബില്‍ഡ് ചെയ്യുന്നതിന് മുമ്പ് എനിക്ക് തകരണമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാവുകയും എല്ലാം വീണ്ടും അനുഭവിക്കുകയും ചെയ്യണമായിരുന്നു. സമവാക്യത്തിലെ എന്റെ ഭാഗത്തിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടതുണ്ടായിരുന്നു. എനിക്ക് എന്ത് ചെയ്യാമായിരുന്നുവെന്നും എന്ത് നന്നാക്കാമായിരുന്നുവെന്നും ചിന്തിക്കണമായിരുന്നു. ഞാന്‍ ഉത്തരവാദിയല്ലാത്ത ഭാഗങ്ങള്‍ എന്റെ തെറ്റല്ലെന്ന് ബോധ്യപ്പെടണമായിരുന്നു'' എന്നാണ് ഒരിക്കല്‍ മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ കത്രീന പറഞ്ഞത്.

ഞാന്‍ എന്റെ ഏറ്റവും മോശമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ എന്നെ സഹായിച്ച കാര്യങ്ങളിലൊന്ന് എന്റെ അമ്മ എന്നോട് പറഞ്ഞൊരു കാര്യമാണ്. ഒരുപാട് സ്ത്രീകളും പെണ്‍കുട്ടികളും ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ട്. നീ ഒറ്റയ്ക്കാണെന്ന് നിനക്ക് തോന്നും. പക്ഷെ നീ ഒറ്റയ്ക്കല്ലെന്നായിരുന്നു പറഞ്ഞത്. ആ ചിന്ത വലിയൊരു ആശ്വാസമായിരുന്നുവെന്നും കത്രീന പറയുന്നു. താന്‍ എപ്പോഴും വൈകാരികമായി പെരുമാറുന്നയാളാണെന്നും എന്നാല്‍ മറ്റാര്‍ക്കും വേണ്ടി സ്വയം മാറാന്‍ ഒരുക്കമല്ലെന്നും കത്രീന പറഞ്ഞിരുന്നു.
''ഞാനെപ്പോഴും വൈകാരികമായാണ് പ്രതികരിക്കാറുള്ളത്. ഞാന്‍ വളരെ സെന്‍സിറ്റീവാണ്. ആര്‍ക്കെങ്കിലും വേണ്ടി മാറാനോ അത് നഷ്ടപ്പെടുത്താനോ ഞാന്‍ തയ്യാറല്ല. ഒരു സ്ത്രീയെന്ന നിലയില്‍ സ്വയം സംരക്ഷിക്കുകയും വ്യക്തിത്വം നിലനിര്‍ത്തുകയും വേണമെന്നാണ് ഞാന്‍ പഠിച്ചത്. ആത്മാഭിമാനമുണ്ടാകേണ്ടത് ഉള്ളില്‍ നിന്നുമാണ്, അല്ലാതെ മറ്റാരില്‍ നിന്നുമല്ല. ഈ ലോകത്തിലേക്ക് വന്നത് ഒറ്റയ്ക്കാണ്, പോകുന്നതും ഒറ്റയ്ക്കായിരിക്കും. അതൊരിക്കലും മറക്കാന്‍ പാടില്ല'' എന്നും കത്രീന പറയുന്നു. പ്രണയിക്കുമ്പോള്‍ പരിധി നിശ്ചയിക്കണം എന്നല്ല. പ്രണയിക്കുമ്പോള്‍ പൂര്‍ണ ഹൃദയത്തോടെയാകണം. ഒരാളുമായി പ്രണയ ബന്ധത്തിലാകുമ്പോള്‍ എനിക്ക് ഒരുപാട് നല്‍കേണ്ടി വരും. പക്ഷെ എന്റെ വ്യക്തിത്വം മറ്റാരും നല്‍കുകയില്ലെന്നും കത്രീന പറയുന്നു.
2016ലായിരുന്നു കത്രീനയും രണ്‍ബീറും പിരിയുന്നത്. ഫിത്തൂര്‍ സിനിമയുടെ പ്രൊമോഷന്‍സിനിടെയായിരുന്നു പ്രണയ തകര്‍ച്ച. എന്നാല്‍ രണ്‍ബീറുമായി യാതൊരു വെറുപ്പും കാത്തുസൂക്ഷിക്കുന്നില്ലെന്നാണ് കത്രീന പറയുന്നത്. അതേസമയം സീറോയാണ് കത്രീനയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. സൂര്യവംശിയാണ് റഇിലീസ് കാത്തു നില്‍ക്കുന്ന സിനിമ. പിന്നാലെ സല്‍മാനൊപ്പം വീണ്ടും അഭിനയിക്കുന്ന ടൈഗര്‍ ത്രീയും അണിയറിലുണ്ട്. പ്രിയങ്ക ചോപ്രയ്ക്കും ആലിയ ഭട്ടിനുമൊപ്പം അഭിനയിക്കുന്ന ജീ ലേ സരയും അണിയറലിയുണ്ട്. റോഡ് മൂവിയായ ജീ ലേ സരയുടെ സംവിധാനം ഫര്‍ഹാന്‍ അക്തറാണ്.
അതേസമയം കത്രീനയുടെ വിവാഹ വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വിക്കി കൗശലുമായുള്ള കത്രീനയുടെ പ്രണയം നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെയാണ് ഇരുവരും വിവാഹിതരാവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാകുന്നത്. ഈ വര്‍ഷം തന്നെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡിസംബര്‍ ആദ്യ വാരം വിവാഹം നടക്കുമെന്നും രാജസ്്ഥാനില്‍ വച്ചായിരിക്കും വിവാഹം എന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം വാര്‍ത്തകളോട് താരങ്ങള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച നടനാണ് വിക്കി കൗശല്‍. സര്‍ദാര്‍ ഉദ്ദം ആണ് വിക്കിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications