എന്റെ കണ്ണുകള്‍ നിറഞ്ഞു പോയി! ലതാ മങ്കേഷ്‌കറിന്റെ പാട്ട് കേട്ട് പൊട്ടിക്കരഞ്ഞ നെഹ്‌റു
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു. രാജ്യത്തിന് നഷ്ടമായത് നാടിതുവരെ കണ്ട ഏറ്റവും ജനപ്രീയയായ ഗായികയെയാണ്. ജനുവരി എട്ടിന് കൊവിഡ് ബാധിതയായി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു ലതാ മങ്കേഷ്‌കറിനെ. ന്യൂമോണിയ ബാധിച്ചതോടെ ആരോഗ്യ സ്ഥിതി മോശമാവുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം. ലതാ മങ്കേഷ്‌കറിന്റെ സ്വര മാധുര്യത്തിന് മുന്നില്‍ ഏത് കല്ലും അലിഞ്ഞില്ലാതാകുമായിരുന്നു. ആ ശബ്ദം ഒരിക്കലും മായാതെ സംഗീത പ്രേമികളുടെ കാതുകളില്‍ മുഴങ്ങി കൊണ്ടേയിരിക്കും. ഒരിക്കല്‍ പാട്ടുപാടി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കരയിപ്പിച്ചിട്ടുണ്ട് ലതാ മങ്കേഷ്‌കര്‍. ആ സംഭവത്തെക്കുറിച്ച് വായിക്കാം.
1963 ജനുവരി 27 ന് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ലതാ മങ്കേഷ്‌കര്‍ പാടുമ്പോള്‍ കേള്‍വിക്കാരായി ഉണ്ടായിരുന്നത് രാഷ്ട്രപതി എസ് രാധാകൃഷ്ണന്‍, പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു. ഇന്ദിരാ ഗാന്ധി തുടങ്ങിയ പ്രമുഖരായിരുന്നു. ദിലീപ് കുമാറിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അള്ളാഹ് തേരൊ നാം എന്ന ഗാനത്തോടെയായിരുന്നു ലത പാടിത്തുടങ്ങിയത്. പിന്നാലെ യേ മേരെ വതന്‍ കെ ലോഗോംന്‍ ആയിരുന്നു ലത പാടിയത്. ഇതേക്കുറിച്ച് പിന്നീട് ലത വിവരിക്കുകയുണ്ടായി. ''രണ്ട് പാട്ട് കഴിഞ്ഞതും ഞാന്‍ പിന്നിലേക്ക് ഒരു കപ്പ് കാപ്പി കുടിക്കാനായി വന്നു. പാട്ടുണ്ടാക്കിയ ഇംപാക്ട് ഞാന്‍ അപ്പോള്‍ തിരിച്ചറിഞ്ഞിരുന്നില്ല. പെട്ടെന്ന് മെഹബൂബ് സാബ് എന്നെ വിളിച്ചു. എന്റെ കൈയ്യില്‍ പിടിച്ചു കൊണ്ട് വാ പണ്ഡിറ്റ് ജി വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കൂട്ടി കൊണ്ടു പോയി'' ലത പറയുന്നു.

''അദ്ദേഹം എന്തിനാണ് എന്നെ കാണുന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ഞാന്‍ പുറത്തേക്ക് വന്നപ്പോള്‍ പണ്ഡിറ്റ് ജിയും അദ്ദേഹത്തിന്റെ മകള്‍ ഇന്ദിരയും രാധാകൃഷ്ണന്‍ജിയുമെല്ലാം ആദരവോടെ എഴുന്നേറ്റ് നിന്നു. ഇതാണ് ഞങ്ങളുടെ ലത, പാട്ട് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടുവോ എന്ന് മെഹബൂബ് ഖാന്‍ സാബ് ചോദിച്ചു. വളരെ നന്നായിരുന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞു എന്നായിരുന്നു പണ്ഡിറ്റ് ജി പറഞ്ഞത്'' ലത മങ്കേഷ്‌കര്‍ ഓര്‍ക്കുന്നു. പിന്നാലെ തന്നെ ലത മങ്കേഷ്‌കറിനെ പ്രധാനമന്ത്രി ചായ സല്‍ക്കാരത്തിന് ക്ഷണിക്കുകയായിരുന്നു. ന്യൂ ഡല്‍ഹിയിലെ പ്രധാന മന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു ചായ സല്‍ക്കാരം. ഇതേക്കുറിച്ചും ലത മങ്കേഷ്‌കര്‍ ഒരിക്കല്‍ മനസ് തുറന്നിരുന്നു.

''എല്ലാവരും പണ്ഡിറ്റ്ജിയോട് വളരെ ആവേശത്തോടെ സംസാരിക്കുമ്പോള്‍ ഞാന്‍ ഒരു ഇരുണ്ട മൂലയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതിരിക്കാനായി നില്‍ക്കുകയായിരുന്നു. പെട്ടെന്ന് ലത എവിടെ എന്ന് പണ്ഡിറ്റ് ജി ചോദിക്കുന്നത് കേട്ടു. പക്ഷെ ഞാന്‍ അവിടെ തന്നെ നിന്നു. പിന്നെ ഇന്ദിരാ ഗാന്ധി വരികയും എന്റെ കയ്യില്‍ പിടിക്കുകയും ചെയ്തു. വരൂ, നിങ്ങളുടെ രണ്ട് കുട്ടി ആരാധകരെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞു കൊണ്ട് എന്നെ രാജീവിനേയും സഞ്ജയ് ഗാന്ധിയേയും പരിചയപ്പെടുത്തി തന്നു. നമസ്‌തെ പറഞ്ഞ ശേഷം അവര്‍ അവിടെ നിന്നും ഓടിപ്പോവുകയായിരുന്നു. അപ്പോഴേക്കും പണ്ഡിറ്റ് ജി പിന്നേയും എന്നെ വിളിച്ചു'' ലത പറയുന്നു.

''പിന്നാലെ തന്നെ മെഹബൂബ് ഖാന്‍ സാബ് എന്റെ അടുത്തേക്ക് വരികയും എന്നെ പണ്ഡിറ്റ് ജീയുടെ അരികിലേക്ക് കൊണ്ട് പോവുകയും ചെയ്തു. നിങ്ങള്‍ മുംബൈയിലേക്ക് തിരികെ പോയി യേ മേരേ വതന്‍ കെ ലോഗോം പാടുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഇല്ലെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം എനിക്കൊപ്പം ഒരു ചിത്രം വേണമെന്ന് പറഞ്ഞു. ഞങ്ങളൊരു ചിത്രമെടുത്ത ശേഷം ഞാനവിടെ നിന്നും പോന്നു. അടുത്ത ദിവസം കൂട്ടുകാരി നളിനിയോടൊപ്പം ഞാന്‍ മുംബൈയിലേക്ക് തിരികെ വന്നു. മുംബൈയില്‍ എത്തിയപ്പോഴാണ് ആ പാട്ട് വലിയ ചര്‍ച്ചയായി മാറിയ വിവരം അറിയുന്നത്. ഡല്‍ഹിയില്‍ ആ പാട്ടുണ്ടാക്കിയ ഓളത്തെക്കുറിച്ചായിരുന്നു മുംബൈയിലെ മാധ്യമങ്ങളിലെല്ലാം ചര്‍ച്ച. പണ്ഡിറ്റ് ജി കരഞ്ഞതൊക്കെ വാര്‍ത്തയായിരുന്നു'' ലതാ മങ്കേഷ്‌കര്‍ ഓര്‍ക്കുന്നു.

ഇന്ത്യയും ചൈനയും തമ്മിലുണ്ടായ 1962 യുദ്ധ കാലത്ത് പട്ടാളക്കാര്‍ക്ക് ആത്മവീര്യം പകരുന്നതായി സുനില്‍ ദത്തിനും നര്‍ഗിസ് ദത്തിനുമൊപ്പം ലത മങ്കേഷ്‌കറും പോയിരുന്നു. യുദ്ധ സമയത്ത് പ്രധാന മന്ത്രിയായിരുന്ന നെഹ്‌റുവിനെ കണ്ട് ഒരു ലക്ഷം രൂപ നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് സംഭാവന നല്‍കിയിരുന്നു സുനില്‍ ദത്ത്. ഈ സമയത്താണ് താരങ്ങളും ഗായകരും ചേര്‍ന്ന് പട്ടാളക്കാരുടെ ആത്മവീര്യം വര്‍ധിപ്പിക്കാനായി യാത്ര നടത്തുന്നതിനെക്കുറിച്ച് സുനില്‍ ദത്ത് നെഹ്‌റുവിനോട് പറയുന്നത്. നെഹ്‌റു അത് അംഗീകരിച്ചു. പിന്നാലെ ദത്ത് ലതാ മങ്കേഷ്‌കറിനോടും കിഷോര്‍ കുമാറിനോടും വഹീദ റഹ്‌മാനോടും യാത്രയുടെ ഭാഗമാകാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. അവരത് അംഗീകരിക്കുകയും ചെയ്തു.
Recommended Video

13-ാം വയസ്സില്‍ പിന്നണി ഗായികയായി എത്തിയ ലത മങ്കേഷ്‌കര്‍ 36 ഭാഷകളിലായി 40,000 ത്തിലധികം പാട്ടുകള്‍ പാടിയിട്ടുണ്ട്. 'കിടി ഹസാല്‍' എന്ന മറാത്തി ചിത്രത്തില്‍ 'നാചു യാ ഗാഥേ', 'ഖേലു നാ മണി ഹാസ് ബാരി' എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്. 1942 ലാണ് ഇത് പുറത്തിറങ്ങുന്നത്. ഹിന്ദിയില്‍ മാത്രം ആയിരത്തോളം സിനിമകളില്‍ പാടിയിട്ടുണ്ട്. എട്ട് പതിറ്റാണ്ടുകളായി സംഗീത ലോകത്ത് നിറസാന്നിധ്യമായി മാറിയ ഇതിഹാസ ഗായിക കൂടിയായിരുന്നു ലത മങ്കേഷ്‌കര്‍. ഹിന്ദിയില്‍ മാത്രമല്ല മറ്റ ഭാഷകളിലും പാട്ടുകള്‍ പായിട്ടുള്ള ലത മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 'നെല്ല്' എന്ന ചിത്രത്തിലെ 'കദളി ചെങ്കദളി ചെങ്കദളി പൂ വേണോ..' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് കൊണ്ടാണ് ലത മങ്കേഷ്‌കര്‍ മലയാളത്തിനും തന്റെ ശബ്ദ മാധൂര്യം പകര്‍ന്നത് പത്മഭൂഷണ്‍(1969), പത്മവിഭൂഷണ്‍(1999), ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്(1989), ഭാരതരത്‌ന(2001), മൂന്ന് നാഷണല്‍ ഫിലിം അവാര്‍ഡുകള്‍, 12 ബംഗാള്‍ ഫിലിം ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ അവാര്‍ഡുകള്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഗായികയെ തേടി എത്തിയിരുന്നു.


Click it and Unblock the Notifications











