ഗുരുവിനെ പ്രണയിച്ച ശിഷ്യ; ഒരു താങ്ക് യു പറച്ചില്‍ പ്രണയത്തിലെത്തിച്ച മാധവനും സരിതയും
തമിഴിലും ഹിന്ദിയിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന നടനാണ് മാധവന്‍. മാഡി എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന മാധവന്‍ അഭിനയിച്ച ഭാഷകളിലെല്ലാം ആരാധകരെ നേടിയെടുക്കാന്‍ സാധിച്ച താരമാണ്. പ്രണയ നായകനായിട്ടായിരുന്നു മാധവന്‍ തുടക്കത്തില്‍ ശ്രദ്ധ നേടുന്നത്. പിന്നീട് ആക്ഷന്‍ റോളുകളിലേക്കും മറ്റും ചുവടുവെക്കുകയായിരുന്നു. നായകനായും സഹനടനായുമെല്ലാം മാധവന്‍ കയ്യടി നേടിയിട്ടുണ്ട്.
താന്‍ അഭിനയിച്ച പ്രണയ സിനിമകള്‍ പോലെ തന്നെ റൊമാന്റിക് ആണ് മാധവന്റെ ജീവിതത്തിലെ പ്രണയകഥയും. എയര്‍ ഹോസ്റ്റസായിരുന്ന സരിത ബിര്‍ജെയെയാണ് മാധവന്‍ വിവാഹം കഴിച്ചത്. ഇരുവരും പ്രണയകഥയെക്കുറിച്ച് വായിക്കാം.

സിനിമയിലെത്തുന്നതിന് മുമ്പ് മാധവന്റെ മനസിലെ മോഹനം പട്ടാളത്തില്‍ ചേരുക എന്നതായിരുന്നു. ഇലക്ട്രോണിക് എഞ്ചീനിയറിംഗ് പൂര്‍ത്തിയായ ശേഷം രാജ്യത്തെ സേവിക്കാനായി തീരുമാനിച്ചിരിക്കുകയായിരുന്നു മാധവന്‍. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് പഠനം തുടരാന്‍ മാധവന്‍ തയ്യാറായി. കുറച്ചുനാളുള്‍ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് കമ്യൂണിക്കേഷന്‍ - പബ്ലിക് സ്പീക്കിംഗില്‍ ക്ലാസുകള്‍ എടുക്കാന്‍ തുടങ്ങി മാധവന്‍.
അങ്ങനെ മഹാരാഷ്ട്രയിലെ കോലാപൂരില്‍ ഒരു ക്ലാസില്‍ വച്ചാണ് മാധവന്‍ സരിതയെ കണ്ടുമുട്ടുന്നത്. എയര്‍ ഹോസ്റ്റസ് ആവുക എന്ന തന്റെ ആഗ്രഹത്തിലേക്ക് അടുക്കുന്നതിന്റെ ഭാഗമായാണ് സരിത മാധവന്റെ ക്ലാസിലെത്തുന്നത്. സരിതയുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് ഒരിക്കല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മാധവന്‍ സംസാരിക്കുന്നുണ്ട്.
''കോലാപൂരില്‍ പേഴ്‌സണാലിറ്റി ഡെലവപ്പ്‌മെന്റിനെക്കുറിച്ച് ക്ലാസെടുക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് സരിതയെ കണ്ടുമുട്ടുന്നത്. എയര്‍ലൈന്‍സില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നതിലാണ് അവള്‍ ക്ലാസില്‍ പങ്കെടുത്തത്. ജോലി കിട്ടിയപ്പോള്‍ എന്റെ ക്ലാസ് കാരണമാണെന്ന് കരുതി എന്നെ ഡിന്നറിന് കൊണ്ടു പോവുകയും നന്ദി പറയുകയും ചെയ്തു. അങ്ങനെയാണ് എല്ലാം തുടങ്ങുന്നത്'' എന്നാണ് മാധവന്‍ പറഞ്ഞത്.
''സരിത എന്റെ വിദ്യാര്‍ത്ഥിയായിരുന്നു. അവള്‍ ഒരു ദിവസം എന്നെ ഡേറ്റിന് ക്ഷണിച്ചു. ഞാന്‍ ഇത് തന്നെ അവസരം എന്ന് കരുതി. എപ്പോഴെങ്കിലും വിവാഹം കഴിക്കുമോ എന്ന് അറിയില്ലായിരുന്നു. അതിനാല്‍ കിട്ടിയ അവസരം മുതലാക്കി. ഞാന്‍ അവളെ വിവാഹം കഴിക്കുകയും ചെയ്തു'' എന്നും മാധവന്‍ പറഞ്ഞിട്ടുണ്ട്. സരിത തന്നെ ഡിന്നറിന് ക്ഷണിക്കും മുമ്പ് തന്നെ മാധവന്റെ മനസില്‍ സരിതയോട് പ്രണയം ആരംഭിച്ചിരുന്നുവെന്നാണ് താരം പറയുന്നത്.
ആ ഡിന്നര്‍ അവര്‍ക്കിടയിലെ ബന്ധം ആഴമുള്ളതാക്കി. ഇരുവരും അധികം വൈകാതെ പ്രണയത്തിലേക്ക് കടന്നു. എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം 1999 ല്‍ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. തമിഴ് രീതികളിലായിരുന്നു വിവാഹം നടന്നത്. വിവാഹത്തോടെ മാധവന്റെ കരിയറിലും മാറ്റങ്ങള്‍ വന്നു. നിരന്തമുള്ള അവഗണകള്‍ അവസാനിക്കുകയും മുഖ്യധാരാ സിനിമകളിലേക്കുള്ള അവസരങ്ങള്‍ തേടിയെുകയും ചെയത്. മണിരത്‌നത്തിന്റെ അലൈപ്പായുതെ 2000 ലാണ് പുറത്തിറങ്ങുന്നത്. ചിത്രം വന്‍ വിജയമായി മാറി. ഇന്നും ആരാധകര്‍ ചിത്രത്തെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നു.

2001 ല്‍ പുറത്തിറങ്ങിയ രഹ്നാ ഹേ തേരെ ദില്‍ മേം എന്ന ചിത്രത്തിലൂടെയാണ് മാധവന് ഹിന്ദിയില്‍ വലിയൊരു ബ്രേക്ക് കിട്ടുന്നത്. ചിത്രം തീയേറ്ററില്‍ വലിയൊരു വിജയമായില്ലെങ്കിലും മാധവന്റെ കരിയറിലതൊരു വഴിത്തിരിവായി മാറി. ചിത്രം പില്‍ക്കാലത്ത് ഒരു കള്‍ട്ടായി വളരുകയും ചെയ്തു. വിവഹം കഴിഞ്ഞ സമയം ആയതിനാല്‍ ഭാര്യയില്‍ നിന്നും അകന്നിരിക്കാന്‍ മാധവന്‍ ആഗ്രഹിച്ചിരുന്നില്ല. അതിനാല്‍ താരം താന്‍ പോകുന്നിടത്തെല്ലാം സരിതയേയും കൂട്ടി.
''കുറേ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ചോദ്യങ്ങള്‍ അസ്വസ്ഥരാക്കും. അതിനാല്‍ ഞാന്‍ ഒരിക്കലും സരിതയോട് നീ എവിടെ പോകുന്നു, ആരുടെ കൂടെ പോകുന്നു, എപ്പോള്‍ തിരികെ വരും എന്നൊന്നും ചോദിക്കാറില്ല. എനിക്ക് വീട്ടിലിരിക്കാനാണ് ഇഷ്ടമെന്നും അവള്‍ക്കറിയാം. ഞങ്ങള്‍ ഒരുമിച്ച് പുറത്ത് പോകാന്‍ നിര്‍ബന്ധം പിടിക്കാറില്ല. ആരുടെ കൂടെയാണ് പോകുന്നതെന്ന് ചോദിക്കാറുമില്ല'' എന്നാണ് തങ്ങളുടെ ബന്ധം ഇപ്പോഴും ശക്തമായി തുടരുന്നതിനെക്കുറിച്ച് മാധവന്‍ പറയുന്നത്.


Click it and Unblock the Notifications