ശ്രീദേവിയുടെ വഞ്ചന! ഞാൻ തകർന്ന് പോയത് അപ്പോൾ; ബോണി കപൂറിന്റെ ആദ്യ ഭാര്യ മോണ പറഞ്ഞത്
ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം സ്വന്തമാക്കിയിട്ടുള്ള നടിയാണ് ശ്രീദേവി. തെന്നിന്ത്യന്‍ സിനിമകളിലൂടെയാണ് ശ്രീദേവി കരിയർ ആരംഭിക്കുന്നത്. ബോളിവുഡ് അടക്കം വിവിധ ഭാഷകളിൽ അഭിനയിച്ച ശ്രീദേവി, എല്ലാ ഭാഷകളിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട്. സിനിമയിൽ കയ്യടികൾ വാങ്ങികൂട്ടുമ്പോൾ തന്നെ ശ്രീദേവിയുടെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ശ്രീദേവിയുടെ വിവാഹമൊക്കെ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.
ബോളിവുഡിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വിവാഹങ്ങളിൽ ഒന്നാണ് ശ്രീദേവിയുടെയും ബോണി കപൂറിന്റെയും. വിവാഹിതനായിരിക്കെയാണ് ബോണി കപൂർ ശ്രീദേവിയുമായി പ്രണയത്തിലാകുന്നതും നടിയെ വിവാഹം കഴിക്കുന്നതും. ശ്രീദേവി ഗർഭിണി ആയതിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. ഇതോടെ വലിയ രീതിയിലുള്ള വിമർശനങ്ങൾ കേൾക്കേണ്ടി വന്നു. ഇരുവരും ഒന്നായപ്പോൾ ഏറ്റവും കൂടുതൽ വേദനിച്ചത് ബോണിയുടെ ആദ്യ ഭാര്യ മോണ ശൗരി കപൂറാണ്.

അവരെ സംബന്ധിച്ചിടത്തോളം വലിയൊരു ചതിയായിരുന്നു ആ ബന്ധം. അക്കാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു ശ്രീദേവിയും മോണ കപൂറും. ശ്രീദേവി ഇവരുടെ വീട്ടിൽ വന്ന് താമസിക്കാറുണ്ടായിരുന്നു. ബോണിയെ സഹോദരനായി കണ്ട് ശ്രീദേവി രാഖി കെട്ടുകയും ചെയ്‌തിട്ടുണ്ട്. അങ്ങനെയുള്ള ശ്രീദേവി തന്നെ വഞ്ചിക്കുമെന്ന് മോണ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ശ്രീദേവി ഗർഭിണി ആണെന്ന് അറിയുകയും ചെയ്തതോടെ അവർ തളർന്നുപോയി.
ശ്രീദേവി ഗർഭിണിയാണെന്ന വാർത്ത കാട്ടുതീപോലെ പടർന്നു. അതോടെ ഒരു സന്തുഷ്ട കുടുംബം തകർത്തവളെന്ന പേര് ശ്രീദേവിക്ക് വീഴുകയും ചെയ്തു. തുടർന്ന് 1996 ജൂൺ രണ്ടിന് ക്ഷേത്രത്തിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ശ്രീദേവിയും ബോണി കപൂറും വിവാഹിതരാവുകയായിരുന്നു. ഇതോടെ മോണ ബോണിയുമായുള്ള ബന്ധം ഉപേക്ഷിച്ചു. അവരുടെ ബന്ധത്തിൽ ഞാൻ തകർന്നുപോയെന്നാണ് മോണ അതിനുശേഷം പ്രതികരിച്ചത്.
ഒരിക്കൽ ഡിഎൻഎയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മോണ മനസുതുറന്നത്. ബോണിയെ വിവാഹം കഴിക്കുമ്പോൾ തനിക്ക് 19 വയസ്സായിരുന്നുവെന്നും താൻ അദ്ദേഹത്തോടൊപ്പമാണ് വളർന്നതെന്നുമാണ് മോണ പറഞ്ഞത്. ബോണി കപൂർ ശ്രീദേവിയുമായി പ്രണയത്തിലാണെന്നും അവർ ഗർഭിണിയാണെന്നും അറിഞ്ഞ് താൻ ഞെട്ടിപ്പോയെന്നുമായിരുന്നു മോണയുടെ വാക്കുകൾ.
'അദ്ദേഹത്തിന് (ബോണി) എന്നേക്കാൾ 10 വയസ്സ് കൂടുതലായിരുന്നു. ഞാൻ അദ്ദേഹത്തെ വിവാഹം കഴിക്കുമ്പോൾ എനിക്ക് 19 വയസ്സായിരുന്നു. ഞാൻ അക്ഷരാർത്ഥത്തിൽ അദ്ദേഹത്തോടൊപ്പമാണ് വളർന്നത്. 13 വർഷത്തെ ദാമ്പത്യമായിരുന്നു ഞങ്ങളുടേത്. അങ്ങനെയിരിക്കെ അദ്ദേഹം മറ്റൊരാളുമായി പ്രണയത്തിലാണെന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി... ശ്രീദേവിക്ക് അപ്പോഴേക്കും കുട്ടി ആയതിനാൽ ഞങ്ങളുടെ ബന്ധത്തിൽ വീണ്ടും അവസരം കൊടുക്കാനുള്ള സാധ്യത ഉണ്ടായിരുന്നില്ല', മോണ പറഞ്ഞു.

വിവാഹശേഷം ശ്രീദേവി ബോണിയെ ആദ്യ ഭാര്യയിൽ നിന്നും മക്കളിൽ നിന്നും അകറ്റാൻ ശ്രമിച്ചതും അക്കാലത്ത് വാർത്തയായിരുന്നു. ബോണി കപൂർ ആദ്യ ഭാര്യയുടെയും മക്കളുടെയും കൂടെ യാത്ര പോയതിന് ശ്രീദേവി ബഹളമുണ്ടാക്കുകയും അതിനുശേഷം ബോണി അവരെ കാണുന്നത് നടി വിലക്കി എന്നുമായിരുന്നു റിപ്പോർട്ട്.
ഇതിന് പിന്നാലെ ശ്രീദേവിയോട് അരിശം കൊണ്ട മോണ കപൂറിന്റെ അമ്മ ശ്രീദേവിയുമായി വഴക്കുണ്ടാക്കുകയും നടിയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. 1997 ൽ സ്റ്റാർഡസ്റ്റിൽ പ്രസിദ്ധീകരിച്ച ഒരു വിവാദ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
അതേസമയം ഇന്ന് രണ്ടുപേരും ജീവിച്ചിരിപ്പില്ല. 2012 മാർച്ച് 25നാണ് മോണ മരിക്കുന്നത്. അര്‍ബുദ രോഗ ബാധിതായിട്ടായിരുന്നു മരണം. 2018 ഫെബ്രുവരി 24ന് ആയിരുന്നു ശ്രീദേവിയുടെ മരണം. ശ്രീദേവിയുടെ മരണശേഷം തങ്ങളുടെ അർദ്ധ സഹോദരിമാരായ ജാൻവിയും ഖുശിയുമായി അർജുനും അൻഷുലയും അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്.


Click it and Unblock the Notifications